ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിസ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒന്നാംസ്ഥാനം അലങ്കരിക്കുന്ന റെക്കോർഡ് ബുക്കിൽ ഇന്ദിരാഗാന്ധിയെ മറികടന്നാണു മോദി രണ്ടാമതെത്തിയത്.
1964 മുതൽ 1977 വരെയുള്ള കാലയളവിൽ ഇന്ദിര 4077 ദിവസം തുടർച്ചയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ചപ്പോൾ 2014 മേയ് 26ന് ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റ മോദി ഇന്നലെ ആ സ്ഥാനത്ത് തുടർച്ചയായി 4078 ദിവസങ്ങൾ പൂർത്തിയാക്കി.
തുടർച്ചയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുള്ളവരിൽ ഒന്നാംസ്ഥാനത്തുള്ള നെഹ് റു 1947 ഓഗസ്റ്റ് 15 മുതൽ 1964 മേയ് 27 വരെയുള്ള 16 വർഷങ്ങളും 286 ദിവസവുമാണ് തുടർച്ചയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ചത്.
1964 മുതൽ 1967 വരെയാണ് ഇന്ദിരയുടെ തുടർച്ചയായുള്ള കാലാവധിയെങ്കിലും 1980 ജനുവരി 14ന് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര 1984 ഒക്ടോബർ 31ന് കൊല്ലപ്പെടുന്നതുവരെ പ്രധാനമന്ത്രിയായിരുന്നു.
കഴിഞ്ഞവർഷം ജൂണിൽ പ്രധാനമന്ത്രിയായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട മോദി ഇതിനോടകം പല റെക്കോർഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജനിച്ച ഏക പ്രധാനമന്ത്രി, കോണ്ഗ്രസ് ഇതര പാർട്ടികളിൽനിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തി, രാജ്യത്തെ പ്രധാനമന്ത്രിമാരിലും മുഖ്യമന്ത്രിമാരിലുംവച്ച് തുടർച്ചയായി ആറു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച കക്ഷി നേതാവ് (ഗുജറാത്ത്-2002, 2007, 2012, ലോക്സഭ-2014, 2019, 2024) എന്നീ റെക്കോർഡുകൾ നിലവിൽ മോദിയുടെ പേരിലാണ്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി മോദി തന്റെ തുടർച്ചയായ 24-ാം വർഷത്തിലാണ് നിലവിൽ എത്തിനിൽക്കുന്നത്.
Tags : narendra modi indira gandhi