ADVERTISEMENT
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിവസവും വൻ തകർച്ചയെ നേരിട്ടു. വിൽപ്പനസമ്മർദം ഉയർന്നതോടെ സൂചികകൾ ഒരു ശതമാനത്തിനടുത്താണ് താഴ്ന്നത്. ബിഎസ്ഇ സെൻസെക്സ് 721 പോയിന്റ് (88%) താഴ്ന്ന് 81,463ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് 950 പോയിന്േറാളം ഇടിഞ്ഞിരുന്നു.
എൻഎസ്ഇസ് നിഫ്റ്റി 225.10 പോയിന്റ് (90%) നഷ്ടത്തിൽ 24,837ൽ വ്യാപാരം പൂർത്തിയാക്കി.
വിപണിയിലെ എല്ലാ മേഖലകളിലും വിൽപ്പന ഉയർന്നു. മിഡ്കാപ്, സ്മോൾകാപ് സൂചികകളിൽ വൻ തകർച്ചയാണുണ്ടായത്. ബിഎസ്ഇ മിഡ്കാപ് സൂചിക 1.46 ശതമാനത്തിലേക്കു വീണപ്പോൾ സമോൾകാപ് സൂചിക 1.88 ശതമാനമാണ് ഇടിഞ്ഞത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 458.11 ലക്ഷം കോടി രൂപയിൽനിന്ന് 451.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇതോട ഒറ്റ ദിവസംകൊണ്ട് നിക്ഷേപകർക്ക് ഏകദേശം 6.5 ലക്ഷം കോടി നഷ്ടമായി.
ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, ട്രെന്റ്, ടാറ്റ മോട്ടോഴ്സ്, എൻടിപിസി, മാരുതി സുസുകി, എസ്ബിഐ, ടാറ്റ സ്റ്റീൽ, എച്ചസിഎൽ ടെക് എന്നിവയുടെ ഓഹരികളാണ് സെൻസെക്സിൽ വൻ ഇടിവ് നേരിട്ടവയിൽ മുൻപന്തിയിൽ. സണ്ഫാർമ, ഭാരതി എയർടെൽ ഓഹരികൾ ലാഭത്തിൽ പൂർത്തിയാക്കി.
വിശാല മാർക്കറ്റുകളിലും വിൽപ്പനസമ്മർദം ഉയർന്നു. നിഫ്റ്റി മിഡ്കാപ് 1.61 ശതമാനവും സ്മോൾകാപ് 2.10 ശതമാനവും താഴ്ന്നു.
നിഫ്റ്റി ഹെൽത്ത് കെയർ, ഫാർമ ഒഴിയെ മറ്റെല്ലാ മേഖല സൂചികകളിലും വില്പന ഉയർന്നതോടെ നഷ്ടത്തിലായി. നിഫ്റ്റി മീഡിയ (2.61%), ഓയിൽ ആൻഡ് ഗ്യാസ് (1.96%), പൊതുമേഖല ബാങ്ക് (1.70%), മെറ്റൽ (2.61%), നിഫ്റ്റി ബാങ്ക് 0.94 ശതമാനം, നിഫ്റ്റി ഫിനാൻഷൽ സർവീസ് 0.88 ശതമാനം, നിഫ്റ്റി ഓട്ടോ 1.27 ശതമാനം, നിഫ്റ്റി ഐടി 1.42 ശതമാനം ഇടിഞ്ഞു.
50 ഓഹരികളുള്ള നിഫ്റ്റിയിലെ ഏഴ് എണ്ണം മാത്രമേ നേട്ടത്തിലെത്തിയുള്ളൂ. സിപ്ല, എസ്ബിഐ ലൈഫ് ഇൻഷ്വറൻസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയാണ് ലാഭമുണ്ടാക്കിയതിൽ ആദ്യസ്ഥാനങ്ങളിൽ. ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ശ്രീറാം ഫിനാൻസ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര ഓഹരികൾ നാലു മുതൽ രണ്ടു ശതമാനം വരെയാണ് താഴ്ന്നത്.