ADVERTISEMENT
പ്രശസ്തനായ സാന്പത്തിക ശാസ്ത്രജ്ഞൻ, യൂണിവേഴ്സിറ്റി പ്രഫസർ, പാർലമെന്റേറിയൻ, സാഹിത്യകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ നൽകിയശേഷം 1965 ജൂലൈ 26ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഡോ. പി.ജെ. തോമസിന്റെ അറുപതാം ചരമവാർഷികം ഇന്ന് ആചരിക്കുകയാണ്. മുൻ കേന്ദ്രമന്ത്രിയും സാന്പത്തികശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. ജോണ്‍ മത്തായിയും ഡോ. പി.ജെ. തോമസും ഒരേ കാലത്ത് ദേശീയ, അന്തർദേശീയ വേദികളിൽ വിളങ്ങി പ്രശോഭിച്ചിരുന്ന പ്രതിഭാധനന്മാരായിരുന്നു. ജോണ്‍ മത്തായിയുടെ സജീവ സ്മരണ, അദ്ദേഹത്തിന്റെ കുടുംബം കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് സംഭാവന ചെയ്ത 18 ഏക്കറിൽ സ്ഥാപിതമായ ഡോ. ജോണ്‍ മത്തായി സെന്റർ കാരണഭൂതമായി. അവിവാഹിതരും ആലംബഹീനരുമായ സ്ത്രീകളുടെ സംരക്ഷണത്തിനും തൊഴിൽ പരിശീലനം ഉൾപ്പെടെയുള്ള പുനരധിവാസ പരിപാടികൾ നടപ്പിലാക്കുന്നതിനും വേണ്ടി ആലുവയ്ക്കടുത്ത് മാറന്പള്ളിയിലുള്ള തന്റെ ഭൂസ്വത്തിൽനിന്ന് 10 ഏക്കറിലധികം തോമസ് ദാനം ചെയ്തിരുന്നു. പക്ഷേ, പ്രസ്തുത പരിപാടി നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടിരുന്നവർക്ക് ദൗത്യം പൂർത്തിയാക്കാൻ സാധിക്കാതെ വന്നതു മൂലം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് സഹായകമായ സ്ഥാപനമായി അത് പരിണമിച്ചുമില്ല.
പി.ജെ. തോമസിനെപ്പറ്റിയുള്ള ചിന്തകൾ വീണ്ടും സജീവമായത് അദ്ദേഹം പ്രഥമ പ്രിൻസിപ്പലായിരുന്ന പാലാ സെന്റ് തോമസ് കോളജിലെ സാന്പത്തികശാസ്ത്ര അധ്യാപകൻ ഡോ. കെ.കെ. ജോണിന്റെ നേതൃത്വത്തിൽ 2004-05ൽ അവിടെ ആരംഭിച്ച ഡോ. പി.ജെ. തോമസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടെയാണ്. പിന്നീട്, 2015ൽ കൊച്ചി ആസ്ഥാനമാക്കി രൂപീകരിച്ച ഡോ. പി.ജെ. തോമസ് ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ പേരിൽ ‘ഇക്കോണമിസ്റ്റ് ഓഫ് ദി ഇയർ’ പുരസ്കാരം ഏർപ്പെടുത്തുകയുണ്ടായി. പ്രഗത്ഭ സാന്പത്തിക ശാസ്ത്രജ്ഞന്മാരായ ഡോ. കെ.എൽ. കൃഷ്ണ, ഡോ. വി.എൻ. പണ്ഡിറ്റ് എന്നിവർ ഈ പുരസ്കാര ജേതാക്കളാണ്. തൊട്ടുപിന്നാലെ തോമസിന്റെ സംഭാവനകളെപ്പറ്റി എഴുതപ്പെട്ട അഞ്ച് പുസ്തകങ്ങൾ അദ്ദേഹത്തെ വീണ്ടും പൊതുസമൂഹത്തിൽ സജീവ സാന്നിധ്യമാക്കി നിലനിർത്താൻ സഹായിച്ചു.
കോട്ടയം കുറവിലങ്ങാട്ട് 1893 ഫെബ്രുവരി 25ന് പിറന്ന തോമസ് അന്ത്യനിദ്ര ചെയ്യുന്നത് ആലുവായ്ക്കടുത്തുള്ള മാറന്പള്ളി ഇൻഫസ്റ്റ് ജീസസ് പള്ളി സെമിത്തേരിയിലാണ്. കോട്ടയം സിഎംഎസ് കോളജ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ്സ് കോളജ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നു ഡോക്ടറേറ്റ് ഡിഗ്രിയുൾപ്പെടെ ഉന്നതബിരുദങ്ങൾ നേടിയശേഷം ആദ്യം ശ്രീലങ്ക യൂണിവേഴ്സിറ്റിയിലും പിന്നീട് മദ്രാസ് യൂണിവേഴ്സിറ്റിയിലും സാന്പത്തികശാസ്ത്ര വിഭാഗം പ്രഫസറായി സേവനമനുഷ്ഠിച്ചു.
മദ്രാസ് സംസ്ഥാനത്തിന്റെ ഭരണാധികാരിയായി സി. രാജഗോപാലാചാരി 1937ൽ സ്ഥാനമേറ്റയുടൻ തന്നെ, ഒന്പതുവർഷത്തേക്ക് തോമസിനെ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിർദേശം ചെയ്തു. അദ്ദേഹത്തിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവും പി.ജെ. തോമസായിരുന്നു. ഇക്കാലത്താണ് മദ്രാസിലെ സേലം ജില്ലയിൽ സന്പൂർണ മദ്യനിരോധനം വിജയകരമായി പരീക്ഷിച്ചു നടപ്പിലാക്കിയത്. തന്മൂലമുണ്ടായ പൊതുവരുമാനത്തിന്റെ കുറവ് പരിഹരിക്കുന്നതിനുവേണ്ടി തോമസ് നിർദേശിച്ചത് പുതിയ ഒരു നികുതിയായിരുന്നു; വില്പന നികുതി. തന്മൂലം ഇന്ത്യയിലാദ്യമായി വിജയകരമായി വില്പന നികുതി ഏർപ്പെടുത്തിയ സംസ്ഥാനമെന്ന ഖ്യാതിയും തോമസ് മദ്രാസ് സംസ്ഥാനത്തിന് നേടിക്കൊടുത്തു. അതിനു ശേഷം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വില്പന നികുതി ഏർപ്പെടുത്തിയെന്നത് കേവലം ചരിത്രം മാത്രം.
പിന്നീട് 1942ൽ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റിന്റെ സാന്പത്തിക ഉപദേഷ്ടാവായി തോമസ് നിയമിക്കപ്പെട്ടു. 1944ൽ അമേരിക്കയിലെ ബ്രട്ടൻവുഡ്സിൽ നടത്തപ്പെട്ട 44 രാജ്യങ്ങളുടെ ചരിത്ര പ്രസിദ്ധമായ കോണ്‍ഫറൻസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരിൽ തോമസും ഉൾപ്പെട്ടിരുന്നു. വേൾഡ് ബാങ്കിനും ഐഎംഎഫിനും ജന്മം നൽകിയ കോണ്‍ഫറൻസാണ് ബ്രട്ടൻവുഡ് കോണ്‍ഫറൻസ് എന്നോർക്കുക. അതിനുശേഷം 1945ൽ സാൻഫ്രാൻസിസ്കോയിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ ഉദ്ഘാടനസമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒപ്പുവച്ച മൂന്നുപേരിൽ ഒരാൾ തോമസായിരുന്നു. ഈ സംഘത്തിന്റെ തലവൻ ഡോ. രാമസ്വാമി മുതലിയാറും മറ്റൊരംഗം ഡോ. ഹൃദയാനന്ദ കുസ്റുവുമായിരുന്നു.
ഡൽഹിയിലെ ഔദ്യോഗിക ജീവിതം അവസാനിച്ചയുടൻ അദ്ദേഹം കേരളത്തിലേക്കു മടങ്ങി. അധികം താമസിയാതെ കേരളത്തിലെ അക്കാലത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നന്പൂതിരിപ്പാട് തോമസിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. രാജ്യസഭയിലെത്തിയ തോമസ് കാർഷികമേഖലയുടെയും ഇന്ത്യൻ റെയിൽവേയുടെയും വികസനത്തിന്റെ അനിവാര്യതയെപ്പറ്റി നടത്തിയ പ്രസംഗം ഒരു ദീർഘദർശിയുടെ വാക്കുകൾക്കു സമാനമായിരുന്നു. അദ്ദേഹം അവിടെ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം തന്നെ പിൽക്കാലത്ത് രാജ്യത്ത് നടപ്പിലാക്കപ്പെടുകയും ചെയ്തു. അദ്ദേഹം നിർദേശിച്ച ഒരു പരിപാടി മാത്രം അതിന്റെ അവസാനഘട്ടത്തിൽ സങ്കുചിതമനസ്കരായ ചില പാർലമെന്റംഗങ്ങളുടെ കുടിലതന്ത്രങ്ങൾ മൂലം നടപ്പിലായില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമാകുമായിരുന്ന, ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഒരു കുടിയേറ്റ പദ്ധതിയായിരുന്നു അത്. രാജ്യസഭാംഗമായിരുന്ന കാലത്തുണ്ടായ ഒരു വീഴ്ചയെത്തുടർന്ന്, അദ്ദേഹം കുറേക്കാലം അസുഖബാധിതനായി കിടപ്പിലായിരുന്നു. ഒടുവിൽ 1965 ജൂലൈ 26ന് അന്തരിക്കുകയും ചെയ്തു.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു സാന്പത്തികശാസ്ത്രജ്ഞനെന്ന നിലയിലുള്ള തോമസിന്റെ വരവറിയിച്ചത് ‘ദി ഇംഗ്ലീഷ് ഹിസ്റ്റോറിക്കൽ റിവ്യൂ’ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിൽ 1924ൽ ‘ദി ബിഗിനിംഗ്സ് ഓഫ് കാലിക്കോ പ്രിസിംഗ് ഇൻ ഇംഗ്ലണ്ട്’ എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചുകൊണ്ടാണ്. തൊട്ടുപിന്നാലെ, ‘ദി ഇക്കണോമിക് ജേണൽ’, ‘ഇന്റർനാഷണൽ ലേബർ റിവ്യു’ എന്നീ അന്താരാഷ്ട്ര ജേണലുകളിൽ അദ്ദേഹത്തിന്റെ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ഒപ്പംതന്നെ 1926ൽ ‘മെർക്കന്റലിസം ആന്‍ഡ് ഈസ്റ്റ് ഇന്ത്യാ ട്രേഡ്’ എന്ന തോമസിന്റെ അതിപ്രശസ്തമായ ഗ്രന്ഥം ഇംഗ്ലണ്ടിൽനിന്നു പ്രസിദ്ധീകരിക്കപ്പെട്ടു. യശഃശരീരനായ അമിയാ കുമാർ ബാഗ്ചി എന്ന സർവാദരണീയനായ മുതിർന്ന സാന്പത്തിക ശാസ്ത്രജ്ഞൻ എഴുതിയതുപോലെ, ബ്രിട്ടീഷ് ഭരണകൂടം അനുവർത്തിച്ചുപോന്നിരുന്ന മെർക്കന്റലിസ്റ്റ് സാന്പത്തികനയങ്ങളെപ്പറ്റിയുള്ള ആധികാരികമായ ആദ്യപഠനം നടത്തിയത് തോമസാണ്. പക്ഷേ, ഈ വിഷയത്തിൽ അഗ്രഗണ്യരെന്ന് വാഴ്ത്തിപ്പാടുന്ന എലി ഹെക്ഷറിന്റെയും ജേക്കബ് വൈനറിന്റെയും പഠനങ്ങൾ വെളിച്ചം കാണുന്നത് യഥാക്രമം 1935ലും 1937ലുമായിരുന്നെന്ന കാര്യം അദ്ദേഹം സൂചിപ്പിക്കുന്നു. അതുപോലെതന്നെ 1939ൽ തോമസ് പ്രസിദ്ധീകരിച്ച ‘ദി ഗ്രോത്ത് ഓഫ് ഫെഡറൽ ഫൈനാൻസ്’ എന്ന ഗ്രന്ഥത്തെ ഇന്ത്യൻ ഫെഡറൽ ഫൈനാൻസിന്റെ ബൈബിൾ എന്നാണ് വിവിധ കേന്ദ്ര ധനകാര്യ കമ്മീഷൻ അധ്യക്ഷന്മാരായിരുന്ന ഡോ. സി. രംഗരാജനും ഡോ. വൈ.വി. റെഡ്ഡിയും വിശേഷിപ്പിക്കുന്നത്.
ദേശീയവും അന്തർദേശീയവുമായ സാന്പത്തികശാസ്ത്ര സംബന്ധിയായ വിഷയങ്ങളെ അധികരിച്ചുകൊണ്ട് 12 ഗ്രന്ഥങ്ങളും അന്‍പതിലേറെ ഗവേഷണ പ്രബന്ധങ്ങളും തോമസിന്റേതായുണ്ട്. ഇക്കാലത്ത് നമുക്ക് സുപരിചിതമായ തൊഴിലുറപ്പു പദ്ധതി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഭൂ പരിഷ്കരണം, മെച്ചപ്പെട്ട ജീവിതനിലവാരത്തിന്റെ ആവശ്യകത, ഗ്രാമപഞ്ചായത്തുകളുടെയും സഹകരണ ബാങ്കുകളുടെയും പ്രാധാന്യം, അന്തർദേശീയ വ്യാപാരരംഗത്ത് നേട്ടമുണ്ടാക്കുന്നതിനുവേണ്ടി അയൽരാജ്യങ്ങൾ തമ്മിൽ പ്രാദേശിക കൂട്ടുകെട്ടുകൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത, സ്ഥിരമായ മൂല്യമുള്ള കറൻസിയുടെ ആവശ്യകത, ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന സാന്പത്തിക ബന്ധങ്ങളുടെയും തൽസംബന്ധമായ വിഭവ വിന്യാസത്തിന്റെയും പ്രാധാന്യം, സാന്പത്തിക അച്ചടക്കം പാലിക്കുന്ന ശക്തമായ ഓഹരിവിപണിയുടെ ആവശ്യകത, ആരോഗ്യകരമായ രീതിയിൽ പ്രവർത്തിക്കുന്ന മികച്ച ബാങ്കിംഗ് സംവിധാനത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളെപ്പറ്റി തോമസ് എഴുതിയ പ്രബന്ധങ്ങൾ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ശാശ്വതമായ അടയാളങ്ങളും സ്മാരകങ്ങളുമാണ്.
ഇന്ത്യയിലെ തുണിമില്ലുകളെപ്പറ്റി പഠിച്ചിരുന്ന ഫാക്ട് ഫൈൻഡിംഗ് കമ്മിറ്റി ചെയർമാൻ (1942), കുടിൽ വ്യവസായ കമ്മിറ്റി ചെയർമാൻ (1951), പ്ലാനിംഗ് കമ്മീഷൻ നിയമിച്ച പ്രൊഹിബിഷൻ കമ്മിറ്റിയംഗം (1955), തിരുവിതാംകൂർ കൊച്ചി ഗവണ്മെന്റുകളുടെ ബാങ്കിംഗ് എൻക്വയറി കമ്മീഷനംഗം (1956) എന്നീ നിലകളിൽ പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം എഴുതി സമർപ്പിച്ച റിപ്പോർട്ടുകൾ സാന്പത്തികശാസ്ത്ര വിദ്യാർഥികൾക്കും നയരൂപീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അമൂല്യമായ അറിവിന്റെ അക്ഷയഖനിയാണ്.
മഹാകവി വള്ളത്തോളിന്റെ ഉറ്റമിത്രമായിരുന്ന പി.ജെ. തോമസ് എഴുതിയ ‘മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന ക്ലാസിക് ഗ്രന്ഥം അദ്ദേഹത്തിന്റെ സാഹിത്യാഭിരുചിയുടെ ഉത്തമ നിദർശനമാണ്. മലയാള സാഹിത്യത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ അർണോസ് പാതിരിയെപ്പറ്റിയുള്ള പ്രഥമഗ്രന്ഥം എഴുതിയതും പി.ജെ. തോമസാണ്. ഡോ. പി.ജെ. തോമസിനെപ്പറ്റി കൂടുതലറിയാൻ ഇ.എം. തോമസ് എഴുതിയ ഡോ. പി.ജെ. തോമസ് കേരളത്തിന്റെ കെയ്ൻസ് (1914), റ്റോറി ഓഫ് പി.ജെ. തോമസ് ആൻ അണ്‍സംഗ് ഇക്കോണിമിസ്റ്റ് (2019), കളക്റ്റഡ് സയന്റഫിക് പേപ്പേർസ് ഓഫ് പി.ജെ. തോമസ് (2021), കർഷകന്റെ കട ബാദ്ധ്യത (2021), ഡോ. പി.ജെ. തോമസിന്റെ തെരഞ്ഞെടുത്ത ആദ്യകാല സാഹിത്യ കൃതികൾ (2024) എന്നീ ഗ്രന്ഥങ്ങൾ വായിക്കുന്നത് ഉചിതമായിരിക്കും.
മലയാളിയുടെ അഭിമാനസ്തംഭങ്ങളിലൊരാളായിരുന്ന ഡോ. പി.ജെ. തോമസിന് അക്കാദമിക് മേഖലയിലും പൊതുസമൂഹത്തിലും അർഹമായ സ്ഥാനം ഒരുക്കിയെടുക്കുന്നതിനുള്ള ബാധ്യതയിൽനിന്നു വർത്തമാനകാല സമൂഹം ഒഴിഞ്ഞുമാറുന്നത് മാപ്പർഹിക്കാത്ത മഹാപരാധമാണെന്നു മാത്രം ഓർക്കുക.
(ഡോ. പി.ജെ. തോമസിന്റെ ജീവചരിത്ര ഗ്രന്ഥകാരനായ ലേഖകൻ കേരള ഇക്കണോമിക് അസോസിയേഷന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സാന്പത്തിക ശാസ്ത്രജ്ഞനുമാണ്.)
Tags :