ADVERTISEMENT
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട കൈക്കൂലിക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെ വിജിലന്‍സ് എസ്പിയെ സ്ഥലം മാറ്റിയത് അന്വേഷണത്തെ ബാധിച്ചേക്കുമെന്നു വിലയിരുത്തല്‍. വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പി എസ്. ശശിധരനെയാണു തൃശൂര്‍ കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്്ടറായി (അഡ്മിനിസ്ട്രേഷന്) നിയമിച്ചത്.
കേസൊതുക്കാന്‍ പരാതിക്കാരനോട് രണ്ടു കോടി രൂപ ഏജന്റുമാര്‍ ആവശ്യപ്പെട്ടെന്ന കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പിയെ സ്ഥലംമാറ്റിയിരിക്കുന്നത്.
എസ്പി ശശിധരന്റെ നേതൃത്വത്തില്‍ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍കുമാറിനെ ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. പിടിച്ചെടുത്ത രേഖകളും ഇയാളുടെ മൊഴിയും ഒത്തുനോക്കി വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അന്വേഷണ സംഘം. ഇതിനിടയിലാണ് എസ്പിക്കു സ്ഥലംമാറ്റം.
കേസൊതുക്കാനായി കൊല്ലത്തെ കശുവണ്ടി വ്യവസായിയില്‍നിന്ന് ഏജന്റുമാര്‍ വഴി രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഒന്നാംപ്രതിയാണു ശേഖര്‍ കുമാര്‍. ഇയാളെക്കൂടാതെ എറണാകുളം സ്വദേശിയായ വില്‍സണ്‍ വര്‍ഗീസ് രണ്ടാം പ്രതിയും രാജസ്ഥാന് സ്വദേശി മുകേഷ് കുമാര്‍ മൂന്നാം പ്രതിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യര്‍ നാലാം പ്രതിയുമാണ്. ഇഡി ഉദ്യോഗസ്ഥന് ഒഴികെയുള്ളവരെ വിജിലന്‍സ് നേരത്തേ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം നൽകുകയും ചെയ്തിരുന്നു.
Tags :