ADVERTISEMENT
മാലി: മാലദ്വീപിന് 4,850 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും തമ്മിൽ നിരവധി വിഷയങ്ങളെ സംബന്ധിച്ച് ഇന്നലെ വിശദമായ ചർച്ചകൾ നടത്തി.
വ്യാപാരം, പ്രതിരോധം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ സഹകരണമായിരുന്നു വിഷയം. ഉഭയകക്ഷി നിക്ഷേപക്കരാർ ഉടൻ യാഥാർഥ്യമാക്കുമെന്നും സ്വതന്ത്ര വ്യാപാരക്കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു. പ്രതിരോധ, സുരക്ഷാ രംഗങ്ങളിൽ സഹകരണമെന്നത് പരസ്പര വിശ്വാസത്തിന്റെ അടയാളമാണ്. മാലദ്വീപിന്റെ പ്രതിരോധ രംഗം ശക്തിപ്പെടുത്താൻ ഇന്ത്യ സഹായിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. വെലേന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാവിലെ വന്നിറങ്ങിയ മോദിക്ക് ഹൃദ്യമായ വരവേൽപ്പാണ് മുയിസുവും പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ചേർന്നു നൽകിയത്.
തുടർന്ന് രാജ്യത്തെ പ്രസിദ്ധമായ റിപ്പബ്ലിക് സ്ക്വയറിൽ ആചാരപ്രകാരമുള്ള സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മുയിസുവിന്റെ പ്രവൃത്തിതന്നെ ഹഠാദാകർഷിച്ചുവെന്നും ഇരു രാജ്യങ്ങളുടെയും സൗഹൃദം പുതിയ ഉയരങ്ങളിലെത്തുമെന്നും മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. ചൈനയുമായി അടുപ്പം പുലർത്തുന്ന മുയിസു, ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളുടെ ചിറകിലേറിയാണ് 2023 നവംബറിൽ അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ഇന്ത്യൻ സൈന്യം പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടതും ബന്ധം വഷളാക്കിയിരുന്നു. മാലദ്വീപിന്റെ സാന്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ വാഗ്ദാനം ചെയ്തതുൾപ്പെടെയുള്ള ഇന്ത്യൻ നടപടികളാണ് ഇപ്പോൾ ബന്ധം മെച്ചപ്പെടാൻ കാരണമായതെന്ന് കരുതപ്പെടുന്നു.
Tags :