ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജഗ്ദീപ് ധൻകർ രാജിവച്ച ഒഴിവിൽ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറായി രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു.
രാജ്യസഭാ ജോയിന്റ് സെക്രട്ടറി ഗരിമ ജയ്ൻ, രാജ്യസഭാ ഡയറക്ടർ വിജയ് കുമാർ എന്നിവരെ അസി. റിട്ടേണിംഗ് ഓഫീസർമാരെയും നിയമിച്ചു. കീഴ്വഴക്കപ്രകാരം ലോക്സഭയുടെയോ രാജ്യസഭയുടെയോ സെക്രട്ടറി ജനറലുമാരിൽ ഒരാളെയായിരിക്കും റൊട്ടേഷനനുസരിച്ച് റിട്ടേണിംഗ് ഓഫീസറായി നിയമിക്കുന്നത്. കഴിഞ്ഞതവണ ലോക്സഭാ സെക്രട്ടറി ജനറലായിരുന്നു റിട്ടേണിംഗ് ഓഫീസർ.
മണ്സൂണ് സമ്മേളനത്തിന്റെ ആദ്യദിനമായിരുന്ന തിങ്കളാഴ്ച രാത്രിയോടെയാണ് രാജ്യസഭാധ്യക്ഷൻകൂടിയായിരുന്ന ജഗ്ദീപ് ധൻകർ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ചത്. ഭരണഘടനപ്രകാരം ഉപരാഷ്ട്രപതി സ്ഥാനമൊഴിഞ്ഞാൽ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണു ചട്ടം. ഇരുസഭകളിലെയും എംപിമാരടങ്ങിയ ഇലക്ടറൽ കോളജാണ് നേരിട്ടുള്ള ബാലറ്റ് വോട്ടിംഗിലൂടെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയിൽ നിർദേശകരായി 20 വോട്ടർമാരും പിന്തുണയ്ക്കുന്നവരായി കുറഞ്ഞത് 20 എംപിമാരും ഒപ്പിടണം.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയയുടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഇരുസഭകളിലുമായി 782 വോട്ടാനുള്ളത്. ഇതിൽ 422 വോട്ട് എൻഡിഎയ്ക്ക് ഉറപ്പാണ്. ഒറ്റക്കെട്ടായിൽ നിന്നാൽ 323 വോട്ടുകൾ നേടാൻ"ഇന്ത്യ’സഖ്യത്തിനു സാധിക്കും.
ജയപ്രതീക്ഷയില്ലെങ്കിലും എല്ലാവർക്കും സ്വീകാര്യതയുള്ള പൊതുസ്ഥാനാർഥിയെ "ഇന്ത്യ’സഖ്യം നിർത്തണമെന്ന് തൃണമൂൽ കോണ്ഗ്രസ് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്ഗ്രസ് സ്വയം സ്ഥാനാർഥിനിർണയം നടത്തിയാൽ പിന്തുണ നൽകില്ലെന്നും തൃണമൂൽ വ്യക്തമാക്കി.
Tags : Vice Presidential election