ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കാര്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റ് പിരിഞ്ഞു. ബിഹാറിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേയാണ് ഇന്നലെയും പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും പ്രതിഷേധമുയർത്തിയത്. രാവിലെ 11ന് പാർലമെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും രാജ്യസഭ 12 വരെയും ലോക്സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പിരിയുകയായിരുന്നു. ഇരുസഭകളും പിന്നീടു ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം വച്ചതോടെ തിങ്കളാഴ്ചത്തേക്കു പിരിയുകയായിരുന്നു.
പാർലമെന്റ് മന്ദിരത്തിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽനിന്ന് "എസ്ഐആർ ജനാധിപത്യത്തിനുമേലുള്ള ആക്രമണം’എന്നെഴുതിയ ബാനറുമായിട്ടാണ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിലേക്കെത്തിയത്. തുടർന്ന് എസ്ഐആർ എന്നെഴുതിയ പോസ്റ്ററുകൾ കീറി പാർലമെന്റിലെ മകർദ്വാറിനു മുന്നിൽ സ്ഥാപിച്ച വേസ്റ്റ് ബോക്സിലേക്ക് എംപിമാർ നിക്ഷേപിച്ചു. പ്രകടനത്തിനുശേഷം സഭയ്ക്കുള്ളിൽ കയറി നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. സഭയ്ക്കുള്ളിൽ പ്ലക്കാർഡുകൾ ഉയർത്തുന്നതും മുദ്രാവാക്യങ്ങൾ വിളിക്കുന്നതും ഉചിതമല്ലെന്നു പറഞ്ഞ ലോക്സഭാ സ്പീക്കർ ഓം ബിർള, ഭരണ-പ്രതിപക്ഷ പ്രതിനിധികളെ വിളിച്ച് സഭാ നടപടിക്രമങ്ങളിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് തിങ്കളാഴ്ച മുതൽ സഭാനടപടികളിൽ സഹകരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിച്ചിട്ടും ഒരു ദിവസംപോലും സഭാ നടപടികൾ കൃത്യമായി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ഉയർത്തിയായിരുന്നു ആദ്യദിനങ്ങളിലെ പ്രതിഷേധം. എന്നാൽ ഈ വിഷയത്തിൽ ഭരണപക്ഷം ചർച്ചയ്ക്കു സമ്മതിച്ച് സമയക്രമം ഉൾപ്പെടെ തീരുമാനിച്ചതോടെയാണ് എസ്ഐആറിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചത്. "ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ചുള്ള ചർച്ച തിങ്കളാഴ്ച ലോക്സഭയിലും ചൊവ്വാഴ്ച രാജ്യസഭയിലും നടത്തുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. ഇരുസഭകളിലും പ്രധാനമന്ത്രിയുടെ മറുപടിയടക്കമുണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങി പ്രധാന നേതാക്കളടക്കം ചർച്ചയിൽ പങ്കെടുക്കും.
Tags :