ADVERTISEMENT
“രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ”- ജ്ഞാനപ്പാനയിലെ പ്രശസ്തമായ ഈ വരികൾ പലപ്പോഴും അർഥവത്താകാറുണ്ട്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ഇപ്പോഴത്തെ സ്ഥിതി ഏതാണ്ടു സമാനമാണ്. പക്ഷപാതപരമായ നടപടികൾകൊണ്ടു ഭരണഘടനാസ്ഥാനത്തെ മുറിവേൽപ്പിച്ച ധൻകറുടെ രാജിയിൽ ആർക്കും ദുഃഖമില്ലാത്തതിനു വേറെ കാരണമില്ല. അപമാനം കടിച്ചമർത്തി പാതാളത്തിൽ മുങ്ങിക്കിടക്കുകയാണ് ധൻകർ. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വേണ്ട.
രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിക്കാനല്ലാതെ ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു ഉപരാഷ്ട്രപതിക്കും കാലാവധി തികയ്ക്കാതെ രാജിവയ്ക്കേണ്ടിവന്നിട്ടില്ല. ഏറ്റവും ഉന്നതമായ ഭരണഘടനാസ്ഥാനത്തുനിന്ന് ഒരാളെ അപമാനിച്ചു തിടുക്കത്തിൽ ഇറക്കിവിട്ട സംഭവം ജനാധിപത്യത്തിലെ വലിയ കളങ്കമാണ്. രാജ്യസഭയുടെ ചെയർമാൻകൂടിയായ ഉപരാഷ്ട്രപതിക്ക് പേരിനൊരു യാത്രയയപ്പും നിഷേധിച്ചു. വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും ധൻകറിനു വിടവാങ്ങൽ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ വഴങ്ങിയില്ല.
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കഴിഞ്ഞ 21ന് രാത്രി ഒന്പതിന് നേരിൽക്കണ്ടാണു ധൻകർ രാജിക്കത്ത് കൈമാറിയത്. തിങ്കളാഴ്ച വൈകുന്നേരം വരെ ജോലിത്തിരക്കിലായിരുന്നു ധൻകർ. ഹൃദയാഘാതത്തിന്റെ ചരിത്രമുള്ളയാളെന്ന നിലയിൽ ധൻകറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായെന്ന് ആരും പറയില്ല. പക്ഷേ, ഉടൻ പ്രാബല്യത്തോടെയുള്ള രാജിക്കായി നിരത്തിയ ആരോഗ്യകാരണങ്ങൾ പുകമറയാകും. ബഹളങ്ങളും വാഗ്വാദങ്ങളുംകൊണ്ടു പ്രഷർ കുക്കർ പോലെയായ പാർലമെന്റ് നടപടികൾ നിയന്ത്രിച്ചിരുന്ന ദിവസങ്ങളിൽപോലുമില്ലാത്ത ധൻകറിന്റെ ആരോഗ്യപ്രശ്നം പുതിയതല്ല.
മാർച്ചിലുണ്ടായ ഹൃദയാഘാതത്തിനുശേഷം സുഖം പ്രാപിച്ച ധൻകർ സജീവമായിരുന്നു. ദൈവിക ഇടപെടൽ ഉണ്ടായില്ലെങ്കിൽ കാലാവധി പൂർത്തിയാക്കുന്ന 2027 ഓഗസ്റ്റിലേ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിക്കുകയുള്ളൂവെന്ന് 74കാരനായ ധൻകർ രണ്ടാഴ്ച മുന്പ് പറഞ്ഞതാണ്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലായിരുന്നു പ്രഖ്യാപനം. കേരളത്തിലടക്കം യാത്രകൾ നടത്താനും ആരോഗ്യം തടസമായില്ല. ആരോഗ്യപ്രശ്നങ്ങളാലല്ല, രാജിക്കു നിർബന്ധിതനായതാണെന്ന് പലരും മനസിലാക്കി. ഗതിമുട്ടിയ രാജി.
രാജിവയ്ക്കാൻ മടിച്ചിരുന്നെങ്കിൽ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുമെന്ന മുന്നറിയിപ്പ് ധൻകറിനു നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. നേരിട്ടു പറഞ്ഞില്ലെങ്കിലും സന്ദേശം കൃത്യമായി അദ്ദേഹത്തിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനിഷ്ടത്തിനു കാരണമായതാണ് ധൻകറുടെ തൊപ്പി തെറിപ്പിച്ചതെന്നാണു സംസാരം. അഴിമതിയാരോപണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ പുറത്താക്കാനുള്ള പ്രതിപക്ഷത്തിന്റെ മാത്രം പ്രമേയം രാജ്യസഭയിൽ ചെയർമാൻ ധൻകർ സ്വീകരിച്ചതാണ് ബിജെപി നേതൃത്വത്തിന്റെ അനിഷ്ടത്തിനു വഴിതെളിച്ചതെന്ന് പറയുന്നു.
ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള ഭരണ-പ്രതിപക്ഷ പാർട്ടികളിലെ 152 എംപിമാർ ഒപ്പിട്ട പ്രമേയം ലോക്സഭാ സ്പീക്കർക്കു നൽകിയശേഷമാണ് രാജ്യസഭയിൽ ഇതേ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കാൻ ധൻകർ തീരുമാനിച്ചത്. കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെ പ്ലാനുകളും തന്ത്രങ്ങളും പൊളിക്കുന്നതായി ധൻകറുടെ നടപടി. പ്രതിപക്ഷത്തെ 63 എംപിമാർ ഒപ്പിട്ട രാജ്യസഭയിലെ പ്രമേയത്തിൽ എൻഡിഎയിലെ ഒരാൾപോലും ഒപ്പിടാതിരുന്നത് യാദൃച്ഛികമല്ല. സ്വന്തം വസതിയിൽ നിരവധി ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരുന്ന 500 രൂപയുടെ കറൻസി കണ്ടെത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസ് ഇനിയും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതും വെറുതെയാകില്ല.
സർക്കാരിനോട് ആലോചിക്കാതെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയം സ്വീകരിച്ച ധൻകറുടെ നടപടി കേന്ദ്രസർക്കാരിലെ ഉന്നതരെ ഞെട്ടിച്ചു. ധൻകർ ചെയ്തതു വഞ്ചനയും ചതിയുമാണെന്ന് മുതിർന്ന ചില നേതാക്കൾ വിലയിരുത്തി. ധൻകറുമായി സംസാരിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ധൻകർ അവരെ ഒഴിവാക്കിയെന്നാണു സൂചന. ഇതേത്തുടർന്നാണ് രാജ്യസഭാ ചെയർമാൻ വിളിച്ച യോഗത്തിൽനിന്നു രാജ്യസഭാ നേതാവും ബിജെപി അധ്യക്ഷനുമായ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയും പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവും വിട്ടുനിന്നത്. പകരം രണ്ടു സഹമന്ത്രിമാരെ അയച്ചു.
മുതിർന്ന മന്ത്രിമാർ യോഗം ബഹിഷ്കരിച്ചതോടെ ധൻകറിന് അപകടം മണത്തു. പക്ഷേ, ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പിറ്റേന്നുതന്നെ ധൻകർക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് ആലോചിച്ചു. ഉപരാഷ്ട്രപതിക്കെതിരായ അവിശ്വാസപ്രമേയം പാസാക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം എൻഡിഎയ്ക്കുണ്ട്. പ്രധാനമന്ത്രിയുടെ അനിഷ്ടവും അണിയറനീക്കങ്ങളും മനസിലാക്കിയ ധൻകറിനു രാജിവയ്ക്കാതെ മാർഗമില്ലാതായി.
ഇംപീച്ച്മെന്റ് നീക്കത്തിനു വിധേയനായ ആദ്യ ഉപരാഷ്ട്രപതിയെന്ന ദുഷ്പേരും ധൻകറിനുണ്ട്. 2024 ഡിസംബറിൽ ധൻകറിനെതിരേ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. പക്ഷേ, അതു നിരസിക്കപ്പെട്ടു. ഇപ്പോൾ സ്വയം രാജിവച്ചു പുറത്തായി. ഉന്നത ഭരണഘടനാപദവിയിലുള്ള മറ്റൊരാൾക്കും ചരിത്രത്തിൽ നേരിടേണ്ടിവരാത്ത ദുര്യോഗമാണു ധൻകറിന്റേത്. എന്നിട്ടും അദ്ദേഹം തെറിച്ചതിൽ ആർക്കും ദുഃഖമില്ല. ഉപരാഷ്ട്രപതിയെ പുറത്താക്കിയ രീതിയും അതിനു പിന്നിലെ കളികളുമാണു പ്രതിപക്ഷം വിമർശിച്ചത്. ധൻകറുടെ രാജിയിലേക്കു നയിച്ച കാര്യങ്ങൾ രാജ്യത്തോടു വിശദീകരിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. പക്ഷേ ഉത്തരവാദപ്പെട്ടവർ കമാന്നൊരക്ഷരം ഉരിയാടിയില്ല. ഉപരാഷ്ട്രപതി രാജിവച്ച് 15 മണിക്കൂറിനുശേഷം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പ്രധാനമന്ത്രി മോദി എക്സിൽ നൽകിയ കുറിപ്പിൽ എല്ലാം ഒതുങ്ങി.
എന്തുകൊണ്ടാണ് ധൻകറിന്റെ വീഴ്ചയിൽ ഒരു തുള്ളി കണ്ണീർപോലും വീഴാതിരുന്നത്? ഉപരാഷ്ട്രപതിയെന്ന നിലയിൽ മൂന്നു വർഷക്കാലത്തെ ധൻകറിന്റെ പക്ഷപാതപരമായ നടപടികൾ ജനാധിപത്യ-മതേതരവാദികളെ വേദനിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കവരുകയും പ്രതിപക്ഷനേതാവ് അടക്കമുള്ളവരെ അധിക്ഷേപിക്കുകയും ചെയ്ത ധൻകറെ ചരിത്രം മറക്കില്ല. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസം, മതേതരത്വം എന്നിവ നീക്കണമെന്ന ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുടെ വിവാദ പ്രസ്താവനയെ ഉപരാഷ്ട്രപതിയായ ധൻകർ പിന്തുണച്ചത് അടുത്തിടെയാണ്. മതേതരത്വവും സോഷ്യലിസവും പുനഃപരിശോധിക്കാനോ നീക്കം ചെയ്യാനോ പദ്ധതിയോ ഉദ്ദേശ്യമോ ഇല്ലെന്നു കേന്ദ്രസർക്കാർ കഴിഞ്ഞ വ്യാഴാഴ്ച രാജ്യസഭയെ അറിയിച്ചു. ധൻകറുടെ അഭിപ്രായത്തിനു വിപരീതമായി കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ മറുപടി ഫലത്തിൽ ധൻകറിനുള്ള തിരിച്ചടിയായി.
അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നിവ ഉൾപ്പെടുത്തിയത് ഒരു ‘അൾസർ’ ആണെന്നായിരുന്നു ഭരണഘടനയെ സംരക്ഷിക്കേണ്ട ധൻകറുടെ പ്രസ്താവന. സനാതനത്തിന്റെ സത്തയെ വളച്ചൊടിക്കലാണ് ഇതെന്നുകൂടി പറയാൻ മുൻ ഉപരാഷ്ട്രപതി മടിച്ചില്ല. ഭരണഘടനയുടെ പ്രിയാംബിളിൽ (ആമുഖം) സോഷ്യലിസ്റ്റ്, സെക്കുലർ എന്നിവ ചേർത്ത 1976ലെ 42-ാം ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രീംകോടതി വിധി വന്നു മാസങ്ങൾക്കു ശേഷമാണിത്. മതേതരത്വവും സോഷ്യലിസവും ചേർത്തതിനെതിരേയുള്ള എല്ലാ ഹർജികളും തള്ളിക്കൊണ്ട് 2014 നവംബറിൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നടത്തിയ വിധിപ്രസ്താവത്തെയാണു ധൻകർ വെല്ലുവിളിച്ചത്.
സുപ്രീംകോടതിയുടെ വിധികളെ പരിഹസിക്കാൻ ഉപരാഷ്ട്രപതിയുടെ പദവി ധൻകർ ദുരുപയോഗിച്ച വേറെയും അവസരങ്ങളുമുണ്ട്. ദേശീയ ജുഡീഷൽ നിയമന കമ്മീഷൻ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ 2015ലെ വിധിയെ വിമർശിച്ചതു മറക്കാറായില്ല. പാർലമെന്റിന്റെ പരമാധികാരത്തിന്മേലുള്ള ഗുരുതര കടന്നുകയറ്റം, ജനങ്ങളുടെ കല്പന അവഗണിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണം എന്നിങ്ങനെയാണു പരമോന്നത കോടതിയുടെ തീർപ്പിനെ ധൻകർ വിമർശിച്ചത്.
സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വിവാദ ഉപരാഷ്ട്രപതിയെന്ന ദുഷ്പേരോടെയാണു ധൻകർ മാറിയത്. രാജ്യസഭയിൽ പ്രതിപക്ഷവും അധ്യക്ഷനും തമ്മിൽ അഭിപ്രായവ്യത്യാസം സാധാരണമാണ്. പക്ഷേ കടുത്ത പക്ഷപാതിത്വത്തിന്റെയും രാഷ്ട്രീയ ശത്രുതയുടെയും തലത്തിലേക്ക് അതുയർന്നത് രാജ്യസഭയുടെ എക്സ് ഒഫീഷ്യോ ചെയർമാനായ ധൻകറിന്റെ കാലത്താണ്. അധ്യക്ഷനും പ്രതിപക്ഷവും പതിവായി ഏറ്റുമുട്ടിയ നിരവധി സന്ദർഭങ്ങളുണ്ടായി. കോണ്ഗ്രസിന്റെ ദേശീയ അധ്യക്ഷന് മല്ലികാർജുൻ ഖാർഗെയ്ക്കു പോലും അവസരങ്ങൾ നിഷേധിക്കപ്പെട്ടു.
Tags :