ആലുവ: രാജ്യത്തെ സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവേയിൽ (എൻഎഎസ് ) രണ്ടാംസ്ഥാനം നേടിയ കേരളം ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ന് തിരുവനന്തപുരം ടാഗോർ ഹാളിൽ സംസ്ഥാനതല ആഘോഷങ്ങളും പ്രഖ്യാപനവും നടത്തും. ജില്ലാതല പരിപാടികൾ അടുത്തയാഴ്ച ആരംഭിക്കും.
മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലായി ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിലാണു കഴിഞ്ഞ ഡിസംബറിൽ രാജ്യത്തെ 781 ജില്ലകളിലായി 21 ലക്ഷം വിദ്യാർഥികളിൽ സർവേ നടന്നത്. ഫലം വന്നപ്പോൾ മൂന്ന് ക്ലാസുകളിലും ആദ്യ മൂന്നിൽ കേരളം സ്ഥാനം നേടി.
മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന സർവേയിൽ 2021 ൽ മണിപ്പുരിനു പിന്നിലായിരുന്നു കേരളം. അന്ന് 3, 5, 8 ക്ലാസുകളിലാണു നടത്തിയത്. ഈ വർഷം 16-ാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്കാണ് കേരളം കുതിച്ചുചാട്ടം നടത്തിയത്.
ഇത്തവണ മികച്ച മുന്നൊരുക്കങ്ങൾ നടത്തിയാണു ദേശീയ സർവേയെ കേരളം നേരിട്ടത്. തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പ്രത്യേക പരീക്ഷകൾ പലവട്ടം നടത്തി വിലയിരുത്തി. 1,644 വിദ്യാലയങ്ങളിലായി 46,737 വിദ്യാർഥികളാണു കേരളത്തിൽ സർവേയിൽ പങ്കെടുത്തത്.
Tags :