ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ദേശീയപാത 66 ൽ 15 ഇടങ്ങളില്‍ തകരാറുകൾ കണ്ടെത്തിയതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരി. കരാറുകാർക്കെതിരേ നടപടികൾ സ്വീകരിച്ചതായും വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തകരാറുകൾ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി പാർലമെന്റിൽ അറിയിച്ചു. മലപ്പുറം കൂരിയാട് ദേശീയപാത തകർച്ചയ്ക്കുശേഷം നിയോഗിച്ച ആദ്യസമിതി സർക്കാരിനു നൽകിയ റിപ്പോർട്ടിലാണ് കൂരിയാട് സംരക്ഷണഭിത്തി തകർന്നതടക്കം 15 ഇടത്ത് തകരാറുകൾ കണ്ടെത്തിയത്.
കേന്ദ്രസർക്കാർ രണ്ടാമതു നിയോഗിച്ച വിദഗ്ധ സമിതി ദേശീയപാത 66 നിരവധി തവണ സന്ദർശിച്ചു. സമിതിയുടെ അന്തിമ റിപ്പോർട്ട് വൈകാതെ ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കെ.സി. വേണുഗോപാൽ പാർലമെന്റിൽ നൽകിയ ചോദ്യത്തിന് മറുപടിയായാണു നിധിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
കൂരിയാട് സംഭവത്തിനുശേഷം രണ്ടു സമിതികളെയാണ് ദേശീയപാതയിലെ തകരാറുകൾ കണ്ടെത്താനായി നിയോഗിച്ചിരുന്നത്. ഇതിൽ ആദ്യസമിതിയുടെ റിപ്പോർട്ടാണ് നിലവിൽ സർക്കാരിനു ലഭിച്ചത്.
നിർമാണത്തിനിടയിൽ ദേശീയപാതയ്ക്കുണ്ടാകുന്ന തകർച്ചയുടെ പൂർണ ഉത്തരവാദിത്വം കരാറുകാർക്കാണ്.
രാജ്യത്തു നാലു വർഷത്തിനിടയിൽ കേരളത്തിലുൾപ്പെടെ എട്ടിടങ്ങളിൽ ദേശീയപാത തകർന്നിട്ടുണ്ട്. കേരളത്തിലെ ദേശീയപാത 66ൽ സംഭവിച്ച തകരാറുകൾ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിന്മേൽ വിദഗ്ധ സമിതികൾ രൂപീകരിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഘടനാപരമായ തകരാർ സംഭവിച്ചതുൾപ്പെടെ കായലുകൾക്കും മറ്റ് ദുർബലമേഖലകൾക്കും സ്വീകരിച്ച സംരക്ഷണരീതികൾ വിലയിരുത്താൻ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Tags : National Highway 66