ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുംബൈ ട്രെയിൻ ബോംബ് സ്ഫോടനക്കേസിൽ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. 2006ൽ 187 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ സ്ഫോടനത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരേ മഹാരാഷ്ട്ര സർക്കാരാണു സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും പ്രതികളെ ഉടൻ ജയിൽ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി ജഡ്ജിമാരായ എം.എം. സുന്ദരേശ്, എൻ.കെ. സിംഗ് എന്നിവരുടെ ബെഞ്ച് സ്റ്റേ നൽകിയില്ല. കേസിലെ എല്ലാ പ്രതികൾക്കും കോടതി നോട്ടീസ് നൽകി. പ്രതികളുടെ വാദം കേട്ടു തീരുമാനമെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച അഞ്ചുപേരെയും ജീവപര്യന്തം തടവിനു വിധിച്ച ഏഴുപേരെയുമാണ് കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്. എന്നാൽ ഹൈക്കോടതി നടപടി മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിനു (എംസിഒസിഎ) കീഴിലുള്ള മറ്റു വിചാരണകളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ഒന്പതുപേർ ഇതിനോടകം ജയിൽമോചിതരായി. ബാക്കിയുള്ളവർ മറ്റു ചില കേസുമായി ബന്ധപ്പെട്ടു ജയിലിൽത്തന്നെ തുടരുകയാണ്. 2015 ഒക്ടോബറിൽ പ്രത്യേക കോടതി അഞ്ചുപേർക്ക് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തം തടവും വിധിച്ചു. ഇതിനെതിരേ പ്രതികൾ നൽകിയ അപ്പീലിലാണ് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി പ്രതികളെ വെറു തേ വിട്ടത്.
Tags : train bomb blast