ADVERTISEMENT
സനു സിറിയക്
ന്യൂഡൽഹി: കർണാടകയിലും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നുവെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ ഒരു നിയോജകമണ്ഡലത്തിൽ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പുതിയ വോട്ടർമാരെ പുതിയതായി കൂട്ടിച്ചേർത്തതു തങ്ങൾ കണ്ടെത്തി. ഇത് ഒരു നിയോജക മണ്ഡലത്തിൽ മാത്രമല്ല ഒന്നിലധികം മണ്ഡലങ്ങളിൽ ഈ അട്ടിമറി നടന്നിട്ടുണ്ട്. സാധാരണ കന്നിവോട്ട് ചെയ്യുന്നവർ 18 വയസുള്ളവരോ അതിനോടു ചേർന്നവരോ ആയിരിക്കും. എന്നാൽ കർണാടകയിൽ 45, 50, 60, 65 വയസ് പ്രായമുള്ള കന്നിവോട്ടർമാരെ കണ്ടെത്തിയതായും രാഹുൽ പറഞ്ഞു. ഇക്കാര്യത്തിൽ 100 ശതമാനം തെളിവുകൾ തങ്ങളുടെ പക്കലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനായി പ്രവർത്തിക്കേണ്ടതുപോലെ പ്രവർത്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനോ അവരുടെ ഉദ്യോഗസ്ഥരോ ഇതിൽനിന്നു രക്ഷപ്പെടില്ലെന്നും അവരെ തങ്ങൾ പിന്തുടരുമെന്നും രാഹുൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ പല തവണകളായി കോണ്‍ഗ്രസും രാഹുലും കടുത്ത ആരോപണങ്ങളാണ് ഉയർത്തുന്നത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ അട്ടിമറി നടത്തിയതായും ഒരു കോടി പുതിയ വോട്ടുകൾ കൂട്ടിച്ചേർത്തതായും ആരോപിച്ച് തെരഞ്ഞെടുപ്പുഫലം വന്നതിനുപിന്നാലെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മഹാരാഷ്ട്രയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചു. എന്നാൽ പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യത്തിന് ആകെ ലഭിച്ചത് 25 മുതൽ 30 സീറ്റുകൾ മാത്രമാണ്.
പുതുതായി കൂട്ടിച്ചേർത്ത വോട്ടുകളില്ലാതെ നിയമസഭാതെരഞ്ഞെടുപ്പിൽ ഇത്രയും വലിയ വിജയം നേടാൻ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് സാധിക്കില്ലെന്നാണു കോണ്‍ഗ്രസിന്റെ വാദം. കൂട്ടിച്ചേർത്ത വോട്ടുകളുള്ള മണ്ഡലങ്ങളിൽ മാത്രമാണ് എൻഡിഎയ്ക്കു വലിയ വിജയം ഉണ്ടാക്കാനായത്. അല്ലാത്തിടത്തു ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ ഫലമാണുണ്ടായതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഇതു തെളിയിക്കുന്നതിന് തങ്ങൾ വോട്ടർപട്ടികയും പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ട് ഇതു നൽകാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ ചില നിയമങ്ങൾ കൊണ്ടുവരികയല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രാഹുൽ ആരോപിക്കുന്നു. ഇതേ മാതൃകയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടുകൾ മോഷ്ടിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയെ പൂർണമായി സഹായിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
സ്ഥിരമായി കുടിയേറിയവരെയും ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണോയെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ബിഹാറിലെ വോട്ടർപട്ടികയിൽ തീവ്ര പുനഃപരിശോധനയ്ക്കെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനു പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പരാമർശം.
സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കുന്ന വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന നീതിയുക്തമായ തെരഞ്ഞെടുപ്പിനും ശക്തമായ ജനാധിപത്യസംവിധാനത്തിനും അടിത്തറ പാകും. അയോഗ്യരായ ആളുകളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
അതേസമയം ബിഹാറിൽ വീടുതോറും കയറി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ പുനഃപരിശോധനയിൽ 52 ലക്ഷത്തിലധികം വോട്ടർമാർ അവരുടെ വിലാസങ്ങളിൽ ഇല്ലായിരുന്നുവെന്നും 18 ലക്ഷം പേർ മരിച്ചതായും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കേണ്ടിവരുമെന്ന് ആർജെഡി
പാറ്റ്ന: ബിഹാറിൽ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ മറവിൽ ലക്ഷക്കണക്കിന് വോട്ടർമാരെയാണു നിഷ്കരുണം നീക്കം ചെയ്തിരിക്കുന്നതെന്നും ഇങ്ങനെപോയാൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കേണ്ടി വരുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് സഖ്യകക്ഷികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനം പരാജയം മുന്നിൽക്കണ്ടുള്ളതാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ലാലൻ സിംഗ് ആരോപിച്ചു.
Tags : karnataka election rahuk gandhi