ADVERTISEMENT
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട രണ്ടു ബ്രിട്ടീഷുകാരുടെ ബന്ധങ്ങൾക്ക് മറ്റു രണ്ടുപേരുടെ മൃതദേഹം നൽകിയെന്ന തരത്തിലുള്ള മാധ്യമറിപ്പോർട്ടുകൾ ഇന്ത്യ തള്ളി. കൊല്ലപ്പെട്ടയാളോട് അങ്ങേയറ്റം ആദരവോടെയും സാങ്കേതികത്തികവോടെയുമാണു മൃതദേഹങ്ങൾ പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ ആശങ്ക പരിഹരിക്കാൻ ബ്രിട്ടീഷ് അധികൃതരുമായി ചേർന്നു പ്രവർത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ദുരന്തത്തിൽ 53 ബ്രിട്ടീഷ് പൗരന്മാരാണു കൊല്ലപ്പെട്ടത്. മൃതദേഹം മാറിപ്പോയതായി കൊല്ലപ്പെട്ട രണ്ടു ബ്രിട്ടീഷുകാരുടെ കുടുംബം ആരോപിച്ചെന്നാണ് യുകെയിലെ മാധ്യമറിപ്പോർട്ടുകൾ. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇവർ വാദിക്കുന്നു. കൊല്ലപ്പെട്ടവരിൽ 13 പേരുടെ മൃതദേഹാവശിഷ്ടങ്ങളാണു യുകെയിലേക്കു കൊണ്ടുപോയത്. യുകെയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണു പൊരുത്തക്കേടുകള്‍ കണ്ടെത്തിയതെന്നും അവർ പറയുന്നു.
ഇന്ത്യയില്‍ നടത്തിയ പരിശോധനയില്‍, മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതില്‍ പിഴവുണ്ടായി. ഒരാളുടെ കുടുംബം സംസ്കാരച്ചടങ്ങുകള്‍ റദ്ദാക്കിയതായും റിപ്പോർട്ടിലുണ്ട്. ഒന്നിലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒരു പെട്ടിയില്‍ ഒരുമിച്ചാണ് അയച്ചതെന്ന ആരോപണവും ജയിംസ് ഹീലി ഉന്നയിച്ചിരുന്നു.
കഴിഞ്ഞമാസം 12ന് അഹമ്മദാബാദിലുണ്ടായ അപകടത്തിൽ 260 പേരാണു കൊല്ലപ്പെട്ടത്.
Tags :