ADVERTISEMENT
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നു ചാക്കിൽ കെട്ടിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ജസ്റ്റീസ് യശ്വന്ത് വർമയുടെ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും. പണം കണ്ടെത്തിയ വിഷയത്തിൽ തന്നെ കുറ്റക്കാരനാക്കിയുള്ള സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ടിനെതിരേയാണു യശ്വന്ത് വർമയുടെ ഹർജി. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചായിരുന്നു വിഷയം പരിഗണിക്കേണ്ടതെങ്കിലും ആഭ്യന്തര അന്വേഷണ സമിതി രൂപീകരണത്തിൽ തന്റെ പങ്കുമുണ്ടെന്നു ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണു കേസിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചത്.
സംഭവത്തിൽ അന്വേഷണം നടത്താൻ മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയാണ് മൂന്നംഗ ജഡ്ജിമാരുടെ ആഭ്യന്തര സമിതിയെ നിയമിച്ചത്. ഈ സമിതി രൂപീകരിക്കുന്നതിനുള്ള ചർച്ചകളിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന കാരണമാണു വാദംകേൾക്കലിൽനിന്ന് ഒഴിയാൻ ഗവായിയെ പ്രേരിപ്പിച്ചത്. വിഷയം ചില ഭരണഘടനാപരമായ ചോദ്യങ്ങളുയർത്തുന്നുവെന്നും അടിയന്തരമായി പരിഗണിക്കണമെന്നും വർമയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടിയെങ്കിലും പ്രത്യേക ബെഞ്ച് രൂപീകരിച്ചതിനുശേഷം കേസ് ലിസ്റ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.
Tags :