ADVERTISEMENT
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയവരെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട നടൻ വിനായകനെതിരെ പോലീസിൽ പരാതി.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ് പരാതി നൽകിയത്. പോസ്റ്റിൽ മുൻ പ്രധാനമന്ത്രിമാർക്ക് നേരെയും പരാമർശമുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു നടൻ അധിക്ഷേപ പരാമർശം നടത്തിയത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നീ പേരുകൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം, ബുധനാഴ്ച വി.എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യവുമായി നടന് രംഗത്തെത്തിയിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു വിനായകന് വി.എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.
"ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി.എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വിനായകനും ജനകീയ കൂട്ടായ്മയിലെ മറ്റ് അംഗംങ്ങളും വി.എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.
സഖാവ് വി.എസ് അച്യുതാനന്ദന് എന്ന് ഇംഗ്ലീഷിലും കണ്ണേ കരളേ എന്ന് മലയാളത്തിലും എഴുതിയ വിഎസിന്റെ ചിത്രമുള്‍പ്പെടെയുളള ഫ്ളക്സില്‍ ഇവര്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരികയും സംഭവം വാര്‍ത്തയാകുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിനായകനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണം.
Tags :