ADVERTISEMENT
കണ്ണൂര്‍: സാക്ഷരതാ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സാക്ഷരതാ പ്രേരക്മാർ മനം മടുത്ത് തങ്ങളുടെ പ്രവർത്തനമേഖല ഒഴിയുന്നു. ഓണറേറിയം കുടിശികയായതും ആനുകൂല്യങ്ങൾക്ക യാചിക്കേണ്ട അവസ്ഥയും അമിത ജോലിഭാരവുമാണ് പലരെയും കളമൊഴിയാൻ പ്രേരിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ നവംബറിലാണ് പ്രേരക്മാർക്ക് ഓണറേറിയം ലഭിച്ചത്.
നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായിരുന്ന സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയെയും പ്രേരക്മാരെയും 2023 സെപ്തംബര്‍ 22ന് ഇറങ്ങിയ ഉത്തരവ് പ്രകാരം തദ്ദേശവകുപ്പിലേക്ക് വിന്യസിച്ചിരുന്നു. പ്രേരക്മാരുടെ വേതനത്തിന്റെ 60 ശതമാനം ഫണ്ട് തദ്ദേശസ്ഥാപനവും 40 ശതമാനം സാക്ഷരതാമിഷനും നൽകുമെന്നായിരുന്നു ധാരണ. തദ്ദേശസ്ഥാപനങ്ങള്‍ 2024 ഏപ്രില്‍ മുതല്‍ പ്രേരക്മാര്‍ക്ക് സാക്ഷരതാമിഷൻ നൽകേണ്ട 40 ശതമാനം കൂടി ഉൾപ്പടുത്തി ഓണറേറിയം നൽകി വരികയായിരുന്നു. മൂന്നു മാസം കൂടുന്പോൾ സാക്ഷരതാമിഷൻ നൽകേണ്ട 40 ശതമാനം തദ്ദേശസ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് നൽകാനുമായിരുന്നു ധാരണ.
ഇതു പ്രകാരം 2024 ഏപ്രിൽ, മേയ് മാസങ്ങളില്‍ പൂർണമായ തോതിൽ ഓണറേറിയം ലഭിക്കുകയും ചെയ്തു. എന്നാൽ ജൂണ്‍ 25ന് ഇറങ്ങിയ ഉത്തരവിലെ അവ്യക്തതയാണ് പ്രതിസന്ധിക്കിടയാക്കിയത്. അവ്യക്തത പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ല. അവ്യക്തത പരിഹരിക്കേണ്ടത് സാക്ഷരാമിഷനാണെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുന്പോൾ പ്രശ്നം പരിഹരിക്കേണ്ടത് സർക്കാർ തലത്തിലാണെന്ന് പറഞ്ഞ് സാക്ഷരതാമിഷൻ കൈയൊഴിയുകയാണെന്ന് ആക്ഷേപമുണ്ട്. ഉത്തരവിലെ അവ്യക്തത കാരണം തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ വിഹിതമായ 60 ശതമാനം മാത്രമാണ് വിതരണം ചെയ്യുന്നത്. ബാക്കി തുക സാക്ഷരതാ മിഷൻ നൽകുമെന്നാണ് പ്രേരക്മാരോട് പറഞ്ഞത്.
നേരത്തെ സാക്ഷരത, തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മാത്രം വ്യാപൃതരായിരുന്ന പ്രേരക്മാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിച്ചപ്പോൾ മറ്റു അധിക ജോലികളും ഏൽപിച്ചു. ഡിജിറ്റല്‍ സാക്ഷരത, മാലിന്യ സംസ്കരണം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വരുമാനദായക പ്രവര്‍ത്തനങ്ങള്‍, ഓഫീസ് ഡ്യൂട്ടി എന്നീ ചുമതലകളാണ് അധികമായി നൽകിയത്. മിക്ക തദ്ദേശസ്ഥാപനങ്ങളും നൂറു ശതമാനം നികുതി പിരിവ് നേട്ടം കൈവരിച്ചതിനു പിന്നിലും പ്രേരക്മാരുടെ ഇടപെടലുകളുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ മുതല്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ അധികചുമതലയും കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്റററി പ്രോഗ്രാമിന്റെ (ഉല്ലാസ്) നടത്തിപ്പും കൂടി പ്രേരക്മാരുടെ ഉത്തരവാദിത്വമായി. ഇത്തരം അധിക ജോലിക്ക് പ്രത്യേകിച്ച് അധികതുകയൊന്നും അനുവദിച്ചിട്ടുമില്ല. 2017ല്‍ പ്രഖ്യാപിച്ച ഓണറേറിയമാണ് ഇപ്പോഴും നൽകുന്നത്. കൂടുതൽ ജോലി ഭാരം അടിച്ചേൽപ്പിക്കുന്പോഴും ഇന്‍ഷ്വറന്‍സ്, പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ തുടങ്ങിയ ആനൂകൂല്യങ്ങൾക്കും പുറത്താണ് പ്രേരക്മാർ.