ADVERTISEMENT
ന്യൂഡൽഹി: രാജിവച്ച ജഗ്ദീപ് ധൻകറുടെ ഒഴിവിൽ പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രാരംഭ നടപടി തുടങ്ങി. പരമാവധി രണ്ടു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്ന് കമ്മീഷൻ അറിയിച്ചു. പ്രാരംഭ നടപടികൾ പൂർത്തീകരിച്ചാലുടൻ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഉപരാഷ്ട്രപതിയുടെ രാജിയുണ്ടായത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനായോ കാലാവധി പൂർത്തിയാക്കിയോ മാത്രമാണു മുന്പ് എല്ലാ ഉപരാഷ്ട്രപതിമാരും സ്ഥാനമൊഴിഞ്ഞിട്ടുള്ളത്.
അപമാനിതനായതിനാലാണു മണിക്കൂറുകൾ പോലും കാക്കാതെ ഉടൻ പ്രാബല്യത്തോടെ ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായതെന്നാണു സൂചന.
രാജ്യസഭയിലും പിന്നീടും വൈകുന്നേരം വരെ സജീവമായിരുന്ന ശേഷമാണ് ധൻകർ പെട്ടെന്നു രാജിവച്ചത്. തിങ്കളാഴ്ച രാത്രി ഒന്പതിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മുൻകൂർ പരിപാടിയില്ലാതെ നേരിൽക്കണ്ടാണു രാജിക്കത്ത് നൽകിയത്. തൊട്ടടുത്തുള്ള ഉപരാഷ്ട്രപതിയുടെ വസതിയിൽ തിരിച്ചെത്തി പത്തു മിനിറ്റിനകം ഉടൻ പ്രാബല്യത്തോടെ രാജിവച്ചതായി അറിയിച്ച് ഔദ്യോഗിക എക്സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു,
ഔദ്യോഗിക വസതിയിൽനിന്നു കള്ളപ്പണം കണ്ടെത്തിയതിന്റെ പേരിൽ അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റിയ ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ എംപിമാരുടെ പ്രമേയം രാജ്യസഭയിൽ പരിഗണിക്കാൻ അനുവദിച്ച നടപടിയാണു ധൻകറിനെ തെറിപ്പിക്കാൻ പ്രധാനമന്ത്രി മോദിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാരിനോട് ആലോചിക്കാതെ രാജ്യസഭാ ചെയർമാനെന്ന നിലയിൽ ധൻകർ എടുത്ത തീരുമാനം ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചു.
രാജ്യസഭയിലെ ഇംപീച്ച്മെന്റ് പ്രമേയത്തിൽ ബിജെപി എംപിമാർ ഒപ്പുവച്ചിരുന്നില്ല. ലോക്സഭയിൽ ഇതേ ഇംപീച്ച്മെന്റ് പ്രമേയത്തിൽ ബിജെപിയും കോണ്ഗ്രസും അടക്കമുള്ള എംപിമാർ ഒപ്പുവച്ചിരുന്നു. ജസ്റ്റീസ് വർമയെ പുറത്താക്കുന്നതിനുള്ള പ്രമേയത്തിന്റെ കാര്യത്തിൽ ബിജെപിയുടെ തന്ത്രം ധൻകറുടെ നടപടിയിൽ പൊളിഞ്ഞു.
ധൻകറിനെ മന്ത്രിമാർ തിരിഞ്ഞുനോക്കിയില്ല!
ആരോഗ്യകാരണങ്ങൾ പറഞ്ഞു ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ധൻകറിനെ കാണാൻ പ്രധാനമന്ത്രിയോ മന്ത്രിമാരോ ബിജെപിയുടെ രാജ്യസഭാ നേതാവോ ബിജെപി നേതാക്കളോ എത്താതിരുന്നത്, രാജിയിലേക്കു നയിച്ച കാര്യങ്ങളിൽ ദുരൂഹതയും സംശയവും കൂട്ടി. കേന്ദ്രമന്ത്രിസഭയിലെയോ ബിജെപിയിലെയോ ഒരു നേതാവുപോലും അദ്ദേഹത്തെ ടെലിഫോണിൽ പോലും വിളിച്ചതായി സൂചനയില്ല.
രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതിക്ക് മാന്യമായ യാത്രയയപ്പ് നൽകാൻ കേന്ദ്രസർക്കാർ തയാറാകാത്തതും പ്രശ്നമാണ്. ഉപരാഷ്ട്രപതിയുടെ രാജി ബിജെപിയെയും കേന്ദ്രസർക്കാരിനെയും വല്ലാതെ വെട്ടിലാക്കിയെന്നതിന്റെ തെളിവാണ് ഇതെല്ലാമെന്നു പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി. എത്ര ഉന്നതനാണെങ്കിലും ബിജെപിക്കു വഴങ്ങാത്തവർ വേണ്ടെന്ന സൂചനയാണു ധൻകറിന്റെ രാജിയിലൂടെ മോദിയും അമിത് ഷായും നൽകിയതെന്ന് കോണ്ഗ്രസ് ആരോപിച്ചു. ഇതു ഭരണഘടനാ സ്ഥാപനങ്ങളോടും ജനാധിപത്യത്തോടുമുള്ള അവഹേളനമാണെന്ന് പ്രതിപക്ഷം പറയുന്നു.
മോദി-ഷാ കൂടിക്കാഴ്ച
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. വിവിധ ദേശീയ വിഷയങ്ങളിലും ആഭ്യന്തര സുരക്ഷയിലും ഇരുവരും ചർച്ച നടത്തിയതായാണു സൂചന.
ഇതു കൂടാതെ പാർലമെന്റിൽ പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങളായ ബിഹാറിലെ സമഗ്ര വോട്ടർ പരിശോധനയും ഓപ്പറേഷൻ സിന്ദൂറും ഇരുവരും ചർച്ച ചെയ്തെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചകൾക്കുശേഷം മോദി യുകെയിലേക്ക് തിരിച്ചു.
Tags :