ADVERTISEMENT
ന്യൂഡൽഹി: കേരളത്തിലെ 35 ശതമാനത്തിലേറെ ശിശുക്കളും പോഷകാഹാരക്കുറവ് മൂലമുള്ള വളർച്ചാ മുരടിപ്പ് നേരിടുന്നുവെന്ന് കേന്ദ്രസർക്കാരിന്റെ കണക്ക്. അഞ്ചു വയസ് വരെയുള്ള ശിശുക്കളിലെ വളർച്ചാ മുരടിപ്പ് രാജ്യത്തു 37.07 ശതമാനമാണെന്നും കേരളത്തിൽ 35.75 ശതമാനമാണെന്നും കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. പോഷകാഹാരക്കുറവിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ വികസിപ്പിച്ച പോഷൻ ട്രാക്കറിന്റെ ജൂണ് മാസത്തിലെ കണക്കുകളാണ് കേന്ദ്രം പങ്കുവച്ചിട്ടുള്ളത്.
കേരളത്തിൽ 12,78,382 ശിശുക്കളിൽനിന്നാണ് പോഷൻ ട്രാക്കർ പോഷകാഹാരക്കുറവിലെ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. കണക്കുകൾ പ്രകാരം കേരളത്തിലെ 3.20 ശതമാനം ശിശുക്കൾക്ക് പൊക്കത്തിനനുസരിച്ചുള്ള ഭാരമില്ലെന്നും 10.18 ശതമാനം ശിശുക്കൾ ഭാരക്കുറവ് നേരിടുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇതേ വിഭാഗങ്ങളിൽ യഥാക്രമം 5.46 ശതമാനവും 15.93 ശതമാനവുമാണ് ദേശീയ ശരാശരി. പോഷകാഹാരക്കുറവിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരളത്തിന്റെ പ്രകടനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ശരാശരി മാത്രമാണെങ്കിലും സംസ്ഥാനത്ത് നവജാതശിശു മരണനിരക്കും ശിശുമരണനിരക്കും കുറവാണെന്ന് കേന്ദ്രം സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തു ജനിക്കുന്ന ആയിരത്തിൽ 19 ശിശുക്കളും 28 ദിവസത്തിനുള്ളിൽ മരിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ 2022ലെ റിപ്പോർട്ടിനെ ഉദ്ധരിച്ചുള്ള കേന്ദ്രത്തിന്റെ കണക്ക്. എന്നാൽ, കേരളത്തിൽ നവജാതശിശു മരണനിരക്ക് ആയിരത്തിൽ അഞ്ച് മാത്രമാണ്.
അതേസമയം, രാജ്യത്തെ 1000ത്തിൽ 30 ശിശുക്കൾ അഞ്ചു വയസിൽ താഴെ മരിക്കുന്പോൾ കേരളത്തിലിതു ഒന്പത് മാത്രമാണ്. നവജാതശിശുമരണനിരക്കും ശിശുമരണനിരക്കും രാജ്യത്ത് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളവും ഏറ്റവും കൂടുതലുള്ള സംസ്ഥാനം മധ്യപ്രദേശുമാണ്. മധ്യപ്രദേശിൽ ജനിക്കുന്ന ആയിരത്തിൽ 29 ശിശുക്കളും ജനിച്ച് 28 ദിവസത്തിനുള്ളിൽ മരിക്കുന്നു.
മധ്യപ്രദേശിലെ ശിശുമരണനിരക്കാകട്ടെ 47 ആണെന്നും കേന്ദ്രത്തിന്റെ കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നു.
Tags :