ADVERTISEMENT
കൊച്ചി: മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി തടയുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് സര്‍ക്കാരിനു പൂര്‍ണ പിന്തുണ പ്രതിപക്ഷം നല്‍കിയെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെസിബിസി മദ്യവിരുദ്ധ സമിതി വാര്‍ഷിക പൊതുസമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. എക്സൈസ്, പോലീസ് വകുപ്പുകളുടെ ഇപ്പോഴത്തെ ലഹരിവിരുദ്ധ ബോധവത്കരണം ഏതെങ്കിലും പരിപാടിയുടെ പിന്നില്‍ ബാനര്‍ കെട്ടി സര്‍ക്കാരിന് അയച്ചുകൊടുക്കുന്നതിൽ ഒതുങ്ങുകയാണ്.
സംസ്ഥാനം ലഹരിമരുന്നിന്റെ ഹബ്ബായി മാറിയിട്ടും ലഹരിശൃംഖലയുടെ അവസാന കണ്ണിയെത്തേടി നടക്കുകയാണ് സര്‍ക്കാര്‍. ആവശ്യപ്പെടുന്നവര്‍ക്ക് പത്തു മിനിറ്റിനുള്ളില്‍ നാട്ടിലെവിടെയും മാരക ലഹരി ലഭിക്കുന്ന സ്ഥിതിയായിരിക്കുന്നു. ലഹരിമാഫിയ ഭയമില്ലാതെ ബിസിനസ് തുടരുകയാണ്.
പിടിക്കപ്പെട്ടാല്‍ പിന്നീട് വെളിച്ചം കാണില്ലെന്ന ഭയമുണ്ടായാലേ ലഹരിയുടെ ഉറവിടത്തെ തകര്‍ക്കാന്‍ പറ്റൂ. അതിനു സര്‍ക്കാര്‍ ചങ്കൂറ്റം കാണിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. പതിറ്റാണ്ടുകളായി ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്തുള്ള ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിനെ പ്രതിപക്ഷനേതാവ് ആദരിച്ചു.
ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, വി.ഡി. രാജു, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, കെ.എ. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
നേരത്തേ നടന്ന പ്രതിനിധി സമ്മേളനം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ മികവിന് മാനന്തവാടി, വരാപ്പുഴ രൂപതകൾക്കുള്ള അവാര്‍ഡുകള്‍ അദ്ദേഹം സമ്മാനിച്ചു.