ADVERTISEMENT
മൂന്നാർ: കനത്തുചെയ്യുന്ന കർക്കിടക മഴയ്ക്കിടയിൽ എത്തിയ കോടമഞ്ഞ് മൂന്നാറിനെ സുന്ദരിയാക്കി. സൂര്യന്റെ പ്രഭാത കിരണങ്ങൾ വഴി മാറി നിന്നതോടെ അരിച്ചിറങ്ങുന്ന കോടമഞ്ഞാണ് മൂന്നാറിന്റെ പ്രഭാതത്തെ വരവേറ്റത്.
പച്ച പുതച്ച തേയിലക്കാടുകൾക്കു മീതെ മെല്ലെ നീങ്ങുന്ന കോടമഞ്ഞിന്റെ കാഴ്ച ഏവരെയും ഹരം കൊള്ളിക്കുന്നതായിരുന്നു. മഞ്ഞണിഞ്ഞ മൂന്നാറിന്റെ മനോഹര കാഴ്ചകൾ സഞ്ചാരികളെയും ആവേശം കൊള്ളിച്ചു.
മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ഈ കാഴ്ചകൾ അനുഭവവേദ്യമായത്. പഴയ മൂന്നാർ, മൂലക്കട, ഹെഡ് വർക്സ് ഡാം, പോതമേട് എന്നിവിടങ്ങളിലും കോടമഞ്ഞിന്റെ മനോഹാരിത കളം പിടിച്ചു. കനത്ത കോടമഞ്ഞ് കാഴ്ച മറയ്ക്കുന്നതായിരുന്നുവെങ്കിലും സഞ്ചാരികളുമായി എത്തിയ ഡ്രൈവർമാരും മഞ്ഞിന്റെ കാഴ്ചകൾ ആസ്വദിച്ചാണ് വാഹനം ഓടിച്ചത്.
ലൈറ്റുകൾ തെളിച്ച് മഞ്ഞിനെ വകഞ്ഞു മാറ്റിയാണ് വാഹനങ്ങൾ നിരനിരയായി നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നീരൊഴുക്ക് ശക്തമായതോടെ തോടുകളും അരുവികളുമെല്ലാം ജലസമ്യദ്ധിയുടെ നിറവിലാണ്. മഞ്ഞിന്റെ മനോഹര ദൃശ്യങ്ങൾ ഏറെ ആവേശത്തോടെയാണ് സഞ്ചാരികൾ മൊബൈലിലും കാമറയിലും ഒപ്പിയെടുത്തത്.
ആ മനോഹാരിതയ്ക്കു പുറമേ കോടമഞ്ഞിന്റെ കാഴ്ച്ചകൾ കൂടി എത്തിയതോടെ മഴക്കാലത്തും മൂന്നാർ കൂടുതൽ സുന്ദരിയായി സഞ്ചാരികളെ വരവേൽക്കുകയാണ്.