ADVERTISEMENT
ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തി. വ്യാഴാഴ്ച യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ചർച്ച നടത്തുന്ന അദ്ദേഹം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടും. വ്യാപാരം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയും ചർച്ചയാകും.
സാധനങ്ങൾ, സേവനങ്ങൾ, നവീകരണം, സർക്കാർ സംഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവ സമഗ്ര വ്യാപാരക്കരാറിലുണ്ട്. ബ്രിട്ടനുമായി ഒപ്പിടുന്ന കരാറിന് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. എന്നാൽ ബ്രിട്ടനിൽ കരാർ ഒപ്പിട്ടശേഷം ബ്രിട്ടീഷ് പാർലമെന്റ് ഇത് അംഗീകരിക്കേണ്ടതുണ്ട്.
ഒരു വർഷത്തിനുള്ളിൽ കരാർ നടപ്പിലാകും. മൂന്നു വർഷത്തെ ചർച്ചകൾക്കുശേഷം മേയ് ആറിനു പ്രഖ്യാപിച്ച കരാറിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം ലണ്ടനിലെത്തിയിട്ടുണ്ട്.
തുടർന്നു മാലദ്വീപിലേക്കു പോകുന്ന നരേന്ദ്ര മോദി 26നു മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
Tags :