ADVERTISEMENT
പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെയും ത്യാഗത്തിലൂടെയും രൂപപ്പെട്ട ഇ ന്ത്യയുടെ ജനാധിപത്യ സംവിധാനം ഒരുകാലത്ത് അടിസ്ഥാനപരമായ ഇടപെടലുകളിൽ ഉറച്ചുനിന്നിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലം മുതൽ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ ദശകങ്ങൾ വരെ, രാഷ്ട്രീയ നേതാക്കൾ ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടുകൊണ്ടാണ് ഉയർന്നുവന്നത്. കഠിനാധ്വാനത്തിലൂടെയും പൊതുസേവനത്തിലൂടെയും കാലക്രമേണ കെട്ടിപ്പടുത്ത വിശ്വാസത്തിലൂടെയും അവർ തങ്ങളുടെ സ്ഥാനങ്ങൾ നേടി.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ വ്യക്തികൾ ഉയർന്നുവന്നത് വരേണ്യ രാഷ്ട്രീയ നിയമനങ്ങളിലൂടെയല്ല, മറിച്ച് ബഹുജന പ്രസ്ഥാനങ്ങളിൽനിന്നാണ്. ഗാന്ധിജി ഗ്രാമസ്വരാജിലൂടെ ഗ്രാമ സ്വയംഭരണം എന്ന ആശയം ഊന്നിപ്പറയുകയും ആയിരക്കണക്കിനു ഭാവി രാഷ്ട്രീയക്കാരെ സാധാരണക്കാരുമായി ബന്ധം നിലനിർത്താൻ പ്രചോദിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം, അന്ന് പ്രബലമായ രാഷ്ട്രീയശക്തിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സംസ്ഥാന അല്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഗ്രാമ, ബ്ലോക്ക് തലങ്ങളിൽ വർഷങ്ങളോളം പ്രവർത്തിച്ച നേതാക്കളെ വളർത്തിയെടുത്തു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ലാൽബഹ്ദൂർ ശാസ്ത്രി, കെ. കാമരാജ്, പിന്നീട് ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കൾ പാർട്ടി പദവികളിലൂടെ ഉയർന്നുവന്നു. ഇതൊന്നും പെട്ടെന്നുള്ള ഉയർച്ചയിലൂടെയല്ല, മറിച്ച് പതിറ്റാണ്ടുകളുടെ സേവനത്തിലൂടെയാണ്. തമിഴ്നാട്ടിലെ സി.എൻ. അണ്ണാദുരൈ, ആന്ധ്രാപ്രദേശിലെ എൻ.ടി. രാമറാവു, പശ്ചിമ ബംഗാളിലെ ജ്യോതി ബസു തുടങ്ങിയ നേതാക്കൾ പ്രാദേശിക രാഷ്ട്രീയത്തിൽപോലും പൊതുജനങ്ങളുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയിരുന്നു. അവർ താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുമായും സാമൂഹിക ലക്ഷ്യങ്ങളുമായും അടുത്തു പ്രവർത്തിച്ചിരുന്നു.
എന്നിരുന്നാലും, സമീപ ദശകങ്ങളിൽ ഈ രീതി നാടകീയമായി മാറി. പൊതുസേവനത്തിലൂടെ നേടുന്നതിനു പകരം, ബന്ധങ്ങളിലൂടെയാണു രാഷ്ട്രീയ അധികാരം ഇപ്പോൾ പലപ്പോഴും പാരമ്പര്യമായി ലഭിക്കുന്നത്, അല്ലെങ്കിൽ നൽകപ്പെടുന്നത്. രാഷ്ട്രീയ പാരമ്പര്യം, ബിസിനസ് സ്വാധീനം, അല്ലെങ്കിൽ ഉദ്യോഗസ്ഥ പശ്ചാത്തലമുള്ള (വിരമിച്ച ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ഉദ്യോഗസ്ഥർ പോലുള്ളവർ) വ്യക്തികളെ പാർലമെന്റ് അംഗങ്ങളായും നിയമസഭാംഗങ്ങളായും അല്ലെങ്കിൽ വോട്ടർമാരുമായി ബന്ധം സ്ഥാപിക്കുന്നതിൽ സമയം ചെലവഴിക്കാതെ പാർട്ടി തലവന്മാരായും നിയമിക്കുന്നത് വർധിച്ചുവരികയാണ്. രാജവംശ രാഷ്ട്രീയവും ‘പാരച്യൂട്ട്’ സ്ഥാനാർഥികളും ജനാധിപത്യത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ അന്തഃസത്ത ഇല്ലാതാക്കുന്നു.
ഈ മാറ്റം നേതാക്കളും സാധാരണ പൗരനും തമ്മിലുള്ള ബന്ധം അകലുന്നതിലേക്കു നയിച്ചു. മുൻകാല നേതാക്കൾക്ക് അടുത്തറിയാവുന്ന അടിസ്ഥാന വെല്ലുവിളികളായ ദാരിദ്ര്യം, ഗ്രാമീണ മേഖലയിലെ ബുദ്ധിമുട്ടുകൾ, കാർഷിക പ്രശ്നങ്ങൾ, ജീവിതാനുഭവം എന്നിവ പല സമകാലിക രാഷ്ട്രീയക്കാർക്കും ഇല്ല.
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഐക്യ ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി ഡോ. വൈ.എസ്. രാജശേഖര റെഡ്ഡിയും ജനകേന്ദ്രീകൃത നേതൃത്വത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. എളിമയുള്ള ജീവിതശൈലിക്കും അക്ഷീണമായ പ്രവർത്തനത്തിനും പേരുകേട്ട ഉമ്മൻ ചാണ്ടി പലപ്പോഴും തന്റെ നിയോജകമണ്ഡലത്തിലെ ആളുകളുടെ വീടുകളിലേക്ക് സുരക്ഷയില്ലാതെ കടന്നുചെല്ലുമായിരുന്നു. തന്റെ അടുക്കലേക്കു വരുന്ന ഒരു വ്യക്തിയെയും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല. 2003ൽ ആന്ധ്രാപ്രദേശിലെ ഗ്രാമപ്രദേശങ്ങളിലൂടെ 1,400 കിലോമീറ്ററിലധികം സഞ്ചരിച്ച വൈഎസ്ആറിന്റെ പദയാത്ര അദ്ദേഹത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വലിയ പ്രചാരം നേടി.
രണ്ട് നേതാക്കളും അവരുടെ വോട്ടർമാരെ പേരെടുത്ത് ഓർമിക്കുകയും സാധാരണ ആളുകൾക്കുപോലും എത്തിച്ചേരാവുന്ന വിധത്തിൽ പ്രവർത്തിക്കുകയും ചെയ്തു. ടിവി സ്റ്റുഡിയോകളിലോ സോഷ്യൽ മീഡിയ പോസ്റ്റുകളിലോ അല്ല, പൊടി നിറഞ്ഞ റോഡുകളിലും ഗ്രാമ പ്ലാറ്റ്ഫോമുകളിലുമാണ് അവരുടെ രാഷ്ട്രീയ യാത്രകൾ രൂപപ്പെട്ടത്.
ഉയർന്നതലത്തിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ കാരണം, അടിസ്ഥാനതലത്തിൽനിന്നുള്ള അനുഭവപരിചയമില്ലാതെ പെട്ടെന്ന് നേതാക്കളാകുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒഴിവാക്കണം.
ഇന്ന്, ഇന്ത്യൻ ജനാധിപത്യം പക്വത പ്രാപിക്കുമ്പോൾ, ഈ നേതൃത്വ മാതൃകയിലേക്കു മടങ്ങേണ്ടത് അടിയന്തര ആവശ്യമാണ്. ജനങ്ങളോടൊപ്പം വളരുന്ന, അവരുടെ പോരാട്ടങ്ങളെ മനസിലാക്കുന്ന, സഹാനുഭൂതിയും അനുഭവവും കൊണ്ടു നയിക്കുന്ന ഒന്ന്. രാജ്യത്തിന്റെ ഭാവി വിദ്യാസമ്പന്നരോ ബന്ധമുള്ളവരോ ആയ നേതാക്കളെ മാത്രമല്ല, ജനങ്ങളോടൊപ്പം നടന്ന്, അവരെ ശ്രദ്ധിച്ച്, അവരുടെ വിശ്വാസം നേടിയവരെയുമാണ് ആശ്രയിച്ചിരിക്കുന്നത്.
(ലേഖകൻ ഇന്റർനാഷണൽ കൗൺസിൽ ഫോർ ജേർണലിസ്റ്റ്സിന്റെ ഡയറക്ടറാണ്.)
Tags :