ADVERTISEMENT
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും സുഗമമാക്കാന്‍ റവന്യു വകുപ്പില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കാത്തത് വീഴ്ചയായി കണ്ട് നടപടിയുമായി സര്‍ക്കാര്‍.
ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന വയനാട്, ഇടുക്കി ജില്ലകളില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍മാരുടെ ഓരോ തസ്തികകള്‍ സൃഷ്ടിച്ചു. പ്രകൃതി ദുരന്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയിലെ എല്ലാ വകുപ്പുകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് റവന്യു വകുപ്പാണ്. 2024ല്‍ വയനാട് മുണ്ടക്കൈയില്‍ നാനൂറോളം പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ നടപടികള്‍ ഏകോപിപ്പിച്ചത് റവന്യൂ വകുപ്പാണ്. ഇവിടെ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക ഇല്ലാത്തതിനാല്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റു കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)ക്കായിരുന്നു ചുമതല. ഇത് ജില്ലാ ഭരണകൂടത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക സൃഷ്ടിച്ചത്. രണ്ടു ജില്ലകളിലെയും റവന്യു വകുപ്പിലെ ഓരോന്നു വീതം ഓഫീസ് അറ്റന്‍ഡന്റ്, ടൈപ്പിസ്റ്റ് തസ്തികകള്‍ നിറത്തലാക്കിയാണ് അതിനു പകരമായി ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ചത്.
എസ്ഡിആര്‍എഫ് ഫണ്ട് വിതരണം, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ദുരന്ത നിവാരണ നിയമം പ്രകാരമുളള നടപടികള്‍, ആര്എംഎഫ് ഫണ്ടുകളുടെ വിനിയോഗം, നദീതീര സംരക്ഷണം, മണല്‍ ശോഷണ നിയന്ത്രണ നിയമം, വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി ദുരന്തത്തിന് ഇരയായവരുടെ സാമ്പത്തിക സഹായ അപേക്ഷ സ്വീകരിക്കല്‍, സഹായം സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ നടപടികള്‍ പരാതികള്‍ക്കിടയില്ലാത്ത വിധം നടപ്പാക്കാന്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക അനിവാര്യമാണ്. മുണ്ടക്കൈ പുനരധിവാസ ലിസ്റ്റ് തയാറാക്കിയതിലടക്കം അപാകതയുണ്ടെന്ന വ്യാപക ആക്ഷേപങ്ങള്‍ക്കിടെയാണ് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി.
Tags : wayanad