ADVERTISEMENT
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ധീരവും ശക്തവുമായ സാമൂഹ്യ നിയമനിർമാണമായിരുന്നു 1969ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന ബാങ്ക് ദേശസാത്കരണ ബില്ലും രാജാക്കന്മാരുടെയും സാമന്തന്മാരുടെയും പ്രിവിപഴ്സ് നിർത്തലാക്കലും.
രാജ്യത്ത് അന്നുവരെയുണ്ടായിരുന്ന സാമ്പത്തിക അസമത്വത്തിന്റെ വേരറുക്കുകയാണ് ബാങ്ക് ദേശാസാത്കരണം കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ, വിക്ടോറിയൻ കോളനിവാഴ്ചയുടെ അനുബന്ധമായി നടന്നിരുന്ന കീഴ്വഴക്കമായിരുന്നു പ്രിവിപഴ്സ് എന്ന പണക്കിഴി.
കേവലം ഒരു പിടി കുത്തകകളുടെ കൈയിലമർന്നിരുന്ന ഇന്ത്യൻ ബാങ്കിംഗ് വ്യവസായത്തെ ദേശാസാത്കരിച്ചുകൊണ്ട് ഒരു സാമ്പത്തിക വിപ്ലവത്തിന് നാന്ദികുറിക്കുകയായിരുന്നു 1969 ജൂലൈ 19ന് ഇന്ദിരാഗാന്ധി ചെയ്തത്. അന്നുവരെ സാധാരണക്കാരന് അപ്രാപ്യമായിരുന്ന വൻകിടബാങ്കുകളുടെ വാതിലുകൾ സാധാരണക്കാർക്കു വേണ്ടി തുറന്നുകൊടുത്തത് സമൂഹത്തിൽ തുല്യനീതി ഉറപ്പിക്കുക, സാമ്പത്തിക അസമത്വം ഇല്ലാതാക്കുക, അതിലൂടെ ത്വരിതമായ സാമ്പത്തികവളർച്ച നേടി രാജ്യത്തെ സുരക്ഷിതമാക്കുക എന്നീ മഹത്തായ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു. അന്ന് 50 കോടി നിക്ഷേപം ഉണ്ടായിരുന്ന വൻകിട ബാങ്കുകളെയാണ് ദേശസാത്കരിച്ചതെങ്കിൽ വീണ്ടും 1980ൽ ആറ് ബാങ്കുകളെ കൂടി ദേശസാത്കരിക്കുകയുണ്ടായി. ഇന്നു സാധാരണ ബാങ്കിംഗ് അക്കൗണ്ടുകൾ വിപുലീകരിച്ചു എന്ന് ഊറ്റം കൊള്ളുന്നവർ സാധാരണക്കാരനുവേണ്ടിയുള്ള ബാങ്കുകൾ ഇന്ത്യയിൽ എന്നുണ്ടായി എന്നുകൂടി ആലോചിക്കണം.
ഇന്ന് ബാങ്ക് ദേശസാത്കരണത്തിന്റെ ഫലങ്ങൾ നുകരുവാൻ വെമ്പൽകൊള്ളുന്നവർ വീണ്ടും സ്വകാര്യവത്കരണത്തിന്റെ പാതയിലാണ്. 1991ൽ ആഗോളീകരണത്തിന്റെ പേരിൽ സ്വകാര്യവത്കരണം തുടങ്ങിവച്ചുവെങ്കിലും ഒരു ബാങ്ക് പോലും സ്വകാര്യവത്കരിക്കപ്പെട്ടില്ല. ലാഭത്തിലോടുന്ന ഒരു പൊതുമേഖലാ കമ്പനിയും സ്വകാര്യവത്കരിച്ചില്ല. ഇന്ന് പൊതുമേഖലാ ബാങ്കുകൾ മാത്രമല്ല പ്രാദേശിക ഗ്രാമീണ ബാങ്കുകൾപോലും സ്വകാര്യവത്കരണ പാതയിലാണ്. ഒരു പിടി പ്രാദേശിക ബാങ്കുകളുടെ ഷെയറുകൾ ലിസ്റ്റ് ചെയ്യപ്പെടാൻ പോകുന്നു. ഈ വ്യഗ്രത കാണിക്കുന്ന കേന്ദ്ര സർക്കാർ ബാങ്കുകളുടെ ലാഭവിഹിതം റിസർവ് ബാങ്കിന്റെ ക്രെഡിറ്റിൽ വീഴാൻ കാത്തിരിക്കുകയാണ് അത് കേന്ദ്ര ഫണ്ടിലേക്കു മാറ്റാൻ. ചില്ലറയൊന്നുമല്ല, ഈ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കേന്ദ്രസർക്കാർ റിസർവ് ബാങ്കിന്റെ സർപ്ലസ് ഫണ്ടിൽനിന്ന് പൊതു മേഖലാ ബാങ്കിന്റെ ലാഭവിഹിതമായി കൈപ്പറ്റിയത്. 2023ൽ 2.11 ലക്ഷം കോടി ആയിരുന്നു ലാഭവിഹിതമെങ്കിൽ ഈ കഴിഞ്ഞ വർഷം അത് 2.69 ലക്ഷം കോടിയായി ഉയർന്നു. 2021-22 കാലഘട്ടത്തിൽ കേന്ദ്രം കൈപ്പറ്റിയ ലാഭവിഹിതം 84,000 കോടി ആയിരുന്നു എന്നും ഓർക്കുക. അതിനു മുന്നിലുള്ള വർഷത്തെ കണക്കുകൾ ലഭ്യമല്ല. ഓരോ വർഷവും 20 ശതമാനത്തിലധികം വർധനയാണ് പ്രവർത്തനലാഭത്തിൽ ബാങ്കുകൾ കാണിക്കുന്നത്. രാജ്യത്തിന്റെ പുനർനിർമാണത്തിലും വികസനത്തിലും പൊതുമേഖലാ ബാങ്കുകൾ വഹിക്കുന്ന പങ്ക് എത്ര വലുതാണ് എന്ന് ഊഹിക്കുക.
ബാങ്കിംഗ് സർവീസിന്റെ അപര്യാപ്തതകൾ എണ്ണിപ്പറഞ്ഞു സ്വകാര്യവത്കരണം വേണമെന്നു ശഠിക്കുന്ന കുത്തകകൾക്ക് വീര്യം പകരാൻ പുതിയ ആശയങ്ങളുമായി വരുന്ന ധനകാര്യ മന്ത്രാലയം 2008-2009 കാലത്തെ ആഗോള ബാങ്കിംഗ് തകർച്ചയിൽപ്പെടാതെ നമ്മുടെ ബാങ്കുകൾ സമ്പദ്ഘടനയ്ക്ക് എങ്ങിനെ താങ്ങായി നിന്നുവെന്ന് ആലോചിക്കുന്നതു നന്നായിരിക്കും. രാജ്യത്തിന്റെ ത്വരിതമായ സാമ്പത്തിക വളർച്ചയ്ക്ക് താങ്ങായി പ്രവർത്തിക്കുന്ന ബാങ്കുകളെ ഇല്ലാതാക്കി വിദേശബാങ്കുകൾക്ക് ഇന്ത്യയിൽ യഥേഷ്ടം പ്രവർത്തിക്കാൻ പരവതാനി വിരിക്കുന്നവർ സമ്പദ്ഘടനയുടെ കടയ്ക്കൽ കോടാലിവയ്ക്കുകയാണ് ചെയ്യുന്നത്.
(പൊതുമേഖലാബാങ്കിൽനിന്ന് സീനിയർ മാനേജരായി
വിരമിച്ചയാളാണ് ലേഖകൻ.)
Tags :