ADVERTISEMENT
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറു പേർ മരിച്ചു. 28 പേർക്കു പരിക്കേറ്റു. ശിവാലിക് കുന്നിലുള്ള മാൻസ ദേവി ക്ഷേത്രത്തിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. വൈദ്യുത കന്പി പൊട്ടിവീണുകിടക്കുന്നുവെന്നും ഒരാൾക്ക് വൈദ്യുതാഘാതമേറ്റെന്നും അഭ്യൂഹം പ്രചരിച്ചതോടെ പ്രധാന ക്ഷേത്രത്തിലേക്കുള്ള വഴിയിലെ പടിക്കെട്ടുകളിലാണു തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റ 35 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേർ മരിച്ചു. എസ്ഡിആർഎഫും ഫയർ ബ്രിഗേഡുമാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കിയത്. ശ്രാവണമാസം ആയതുകൊണ്ട് ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടായിരുന്നു.
കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ പരിഭ്രാന്തരായി ഓടുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റു ചികിത്സയിലുള്ളവരെ ഹരിദ്വാറിലെ ആശുപത്രിയിൽ മുഖ്യമന്ത്രി സന്ദർശിച്ചു.
മാൻസാ ദേവി ക്ഷേത്രത്തിലുണ്ടായ ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി.
Tags :