ADVERTISEMENT
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കയറ്റുമതിക്കാരായ ടാറ്റ കണ്‍സൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. നിലവിലുള്ളവരിൽനിന്ന് ഈ സാന്പത്തിക വർഷം രണ്ടു ശതമാനത്തോളം പേരെയാകും പിരിച്ചുവിടുക. ഏകദേശം 12,000 ജീവനക്കാരെ ഇത് ബാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉൾപ്പെടെ പുതിയ സാങ്കേതികവിദ്യയിലേക്കു ള്ള ചുവടുമാറ്റം ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമായി. കൂടാതെ സാന്പത്തിക അസ്ഥിരതകളും ഒരു കാരണമായി.
ഭാവിയിലേക്ക് സജ്ജമാകുന്ന ഒരു സ്ഥാപനമായി മാറാനുള്ള യാത്രയിലാണ് ടിസിഎസ്. ഈ യാത്രയുടെ ഭാഗമായി നിലവിൽ കന്പനിക്കൊപ്പം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പുള്ള ജീവനക്കാരെ സ്ഥാപനത്തിൽനിന്ന് ഞങ്ങൾ ഒഴിവാക്കും. ഈ വർഷം ഞങ്ങളുടെ ആഗോള ജീവനക്കാരിൽ ഏകദേശം രണ്ടു ശതമാനം പേരെ ഇതു ബാധിക്കും. പ്രധാനമായും മിഡിൽ, സീനിയർ ഗ്രേഡുകളിൽ ഉള്ളവരെയാകും ഇത് ബാധിക്കുക.- ടിസിഎസ് പ്രസ്താവനയിൽ പറഞ്ഞു.
ഞങ്ങളുടെ ക്ലയന്റുകൾക്ക് സേവന വിതരണത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ കൃത്യമായ ശ്രദ്ധയോടെയാണ് ഈ മാറ്റം ആസൂത്രണം ചെയ്യുന്നത്. ഞങ്ങളുടെ സഹപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അവരുടെ സേവനത്തിന് ഞങ്ങൾ അവരോട് നന്ദി പറയുന്നു, കൂടാതെ പുതിയ അവസരങ്ങളിലേക്ക് അവർ മാറുന്പോൾ ഉചിതമായ ആനുകൂല്യങ്ങൾ, ഒൗട്ട്പ്ലേസ്മെന്റ്, കൗണ്‍സലിംഗ്, പിന്തുണ എന്നിവ നൽകാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും.- കന്പനി കൂട്ടിച്ചേർത്തു.
പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് അവരുടെ നോട്ടീസ് പീരീഡിനുള്ള പേയ്മെന്റുകളും കൂടാതെ അധിക പിരിച്ചുവിടൽ പാക്കേജും ലഭിക്കും. ഇൻഷ്വറൻസ് പരിരക്ഷയും, പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താനുള്ള സഹായവുമെല്ലാം ടാറ്റ കണ്‍സൾട്ടൻസി നൽകും.
.
Tags : TCS lay off workforce 12 000 employees