ADVERTISEMENT
ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ചൊവ്വയില്‍ മനുഷ്യവാസത്തിനു സഹായകമായ ആല്‍ഗല്‍ ബയോപ്ലാസ്റ്റിക് കുമിളകള്‍ വികസിപ്പിച്ചതായി സയന്‍സ് അഡ്വാന്‍സസ് എന്ന ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ചൊവ്വയില്‍ ജീവന് നിലനിര്‍ത്താനുള്ള സാധ്യതകളെക്കുറിച്ച് പുതിയ പ്രതീക്ഷ നല്കുന്നു. ബഹിരാകാശ യാത്രകള്‍ക്ക് ആവശ്യമായ നിര്‍മാണസാമഗ്രികള്‍ ഭൂമിയില്‍നിന്ന് കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ്, ഡുനാലിയല്ല ടെര്ട്ടിയോലെക്ട (Dunaliella tertiolecta) എന്നയിനം ആല്‍ഗ ഉപയോഗിച്ച് നിര്‍മിക്കുന്ന ബയോപ്ലാസ്റ്റിക് കുമിളകള്‍ ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നത്.
ഉയര്‍ന്ന ലവണ സാന്ദ്രതയുള്ള ജലാശയങ്ങളില്‍ കാണപ്പെടുന്ന രണ്ടു ഫ്ലാജല്ലകളുള്ള ആല്ഗകളാണിവ. പച്ച നിറത്തില്‍ കാണപ്പെടുന്ന ഈ ആല്‍ഗകള്‍ സസ്യലോകത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ്. ക്ലോറൊഫില്‍, കരോട്ടിനോയിഡ് വിഭാഗത്തിലുള്ള വര്‍ണകങ്ങള്‍ ഇവ ഉത്പാദിപ്പിക്കുന്നു. ആസ്താക്സാന്തിന്റെ ഏറ്റവും സമൃദ്ധമായ പ്രകൃതിദത്ത സ്രോതസുകളില്‍ ഒന്നാണ് ഇവ.
ചൊവ്വയിലെ താഴ്ന്ന അന്തരീക്ഷ മര്‍ദത്തിലും (ഭൂമിയിലേതിനെ അപേക്ഷിച്ച് 100 മടങ്ങ് കുറവ്), കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുതലുള്ള അന്തരീക്ഷത്തിലും ഈ ആല്‍ഗകള്‍ക്കു വളരാന്‍ സാധിക്കും. കൂടാതെ, ഈ ബയോപ്ലാസ്റ്റിക് അറകള്‍ അഥവാ കുമിളകള്‍ ദോഷകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളെ തടയുമ്പോള്ത്തന്നെ, പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ പ്രകാശത്തെ കടത്തിവിടും.
ഡുനാലിയല്ല ടെര്ട്ടിയോലെക്ട എന്ന ആല്‍ഗ ഉപ്പിന്റെ സാന്ദ്രത കൂടിയ ജലത്തില്‍ വളരുന്നവയും ജൈവ ഇന്ധന നിര്‍മാണത്തിൽ ഉപയോഗിക്കുന്നതുമാണ്. ഇവയെ 3ഡി പ്രിന്റ് ചെയ്ത ബയോപ്ലാസ്റ്റിക് അറകളില്‍ ചൊവ്വയിലെ സാഹചര്യങ്ങള്‍ക്കു സമാനമായ അവസ്ഥയില്‍ വളര്‍ത്താന്‍ സാധിക്കുമെന്നു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ബയോപ്ലാസ്റ്റിക് കുമിളകള്‍ക്കുള്ളില്‍ വളരുന്ന ആല്‍ഗകള്‍ പ്രകാശസംശ്ലേഷണത്തിലൂടെ ഊര്‍ജം ഉത്പാദിപ്പിക്കുകയും കൂടുതല്‍ ബയോപ്ലാസ്റ്റിക് നിര്‍മിക്കുകയും ചെയ്യും. ഈ ക്ലോസ്ഡ് ലൂപ്പ് സിസ്റ്റം വാസസ്ഥലങ്ങളെ സ്വയം നിലനിര്‍ത്താനും തകരാറുകള്‍ പരിഹരിക്കാനും സഹായിക്കും. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ റോബിന് വേര്‍ഡ്സ്വര്‍ത്ത് പറയുന്നതനുസരിച്ച്, ഈ സംവിധാനം വാസസ്ഥലങ്ങള്‍ക്കു കാലക്രമേണ വലുപ്പം വയ്ക്കാനും സഹായിക്കും.
ചൊവ്വയില്തന്നെ വളര്‍ത്തിയെടുക്കുന്ന ആല്ഗകളില്നിന്ന് കെട്ടിടനിര്‍മാണ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍, ഭൂമിയില്‍നിന്നുള്ള വിഭവങ്ങളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യം കുറയുന്നു. ഇത് ബഹിരാകാശ യാത്രകള്‍ക്കു വലിയ സഹായമാണ്. ചൊവ്വയിലേക്കുള്ള ദൗത്യങ്ങള്‍ക്കു മാത്രമല്ല, ചന്ദ്രനിലേക്കും മറ്റു ഗ്രഹങ്ങളിലേക്കുമുള്ള യാത്രകള്‍ക്കും ഈ സാങ്കേതികവിദ്യ പ്രയോജനകരമാകും.
ഇപ്പോഴും ചൊവ്വയില്‍ വാസസ്ഥലങ്ങള്‍ നിര്‍മിക്കുന്നതില്‍ പല വെല്ലുവിളികളും നിലനില്ക്കുന്നു. ചൊവ്വയിലെ മണ്ണില്‍ വിഷാംശം അടങ്ങിയ പെര്‍ക്ലോറേറ്റ് ലവണങ്ങളുണ്ട് . കൂടാതെ, വെള്ളം നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതും ബഹിരാകാശ കിരണങ്ങളില്‍നിന്ന് മനുഷ്യരെ സംരക്ഷിക്കാന്‍ വാസസ്ഥലങ്ങളുടെ പുറംതോട് കൂടുതല്‍ കട്ടിയുള്ളതായിരിക്കേണ്ടതും ആവശ്യമാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എയറോജെല്‍ ഷീറ്റുകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.
ഈ ആല്‍ഗകള്‍ കൊണ്ടുള്ള ബയോപ്ലാസ്റ്റിക് കുമിളകള്‍ ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും മനുഷ്യവാസം സാധ്യമാക്കാന്‍ സഹായിക്കുന്ന ഒരു വലിയ കാല്‍വയ്പാണ്. ഇത് ഭാവിയിലെ ബഹിരാകാശ യാത്രകള്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നുനല്‍കുമെന്നു വിശ്വസിക്കുന്നു. ഈ ഗവേഷണം ഭൂമിയില്‍ സുസ്ഥിരമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും മനുഷ്യരാശിയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്‍കാനും സാധിക്കും.
Tags :