ADVERTISEMENT
തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് സൗജന്യമായി സൗരോർജ പന്പുകൾ നൽകാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനർട്ടിൽ നടക്കുന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് വൈദ്യുത മന്ത്രിയോട് താൻ ചോദിച്ച ചോദ്യങ്ങൾക്കു മറുപടി എന്ന പേരിൽ അനർട്ട് പുറത്തിറക്കിയ കുറിപ്പിലുള്ളത് പച്ചക്കള്ളമാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിശദീകരത്തോടെ താൻ ഉന്നയിച്ച മുഴുവൻ അഴിമതി ആരോപണങ്ങളും ശരിവയ്ക്കപ്പെട്ടിരിക്കുകയാണ്. ആരോപണങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടാൻ വൈദ്യുതമന്ത്രി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് അനർട്ടിനെക്കൊണ്ട് സന്പൂർണമായും കളവുകൾ മാത്രമടങ്ങിയ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. ഇതിലെ ഓരോ അവകാശവാദവും തെറ്റാണ് എന്നതിനുള്ള തെളിവുകൾ കൈയിലുണ്ട്. വൈദ്യുത മന്ത്രിക്ക് അത് നൽകാൻ തയാറാണ്. ഇക്കാര്യത്തിൽ മറുപടി പറയാൻ വൈദ്യുതമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരിക്കേ താൻ പുറത്തുകൊണ്ടുവന്ന ഒരു കണ്‍സൾട്ടൻസി അഴിമതി ഇടപാട് നാടുനീളെ ന്യായീകരിച്ചു നടന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് നമ്മളെല്ലാം കണ്ടതാണ്. അതേ ഗതി തന്നെ ഈ ഉദ്യോഗസ്ഥനും സംഭവിക്കും. ഇനിയും ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഇയാൾ ഉൾപ്പെട്ട മറ്റൊരു വലിയ അഴിമതി അധികം താമസിയാതെതന്നെ പുറത്തുവിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Tags : Chennithala