ADVERTISEMENT
ദൈവത്തിന്റെ മാതൃഭാവത്തെ തേടി ഞാൻ അല്പദൂരമൊക്കെ നടന്നിട്ടുണ്ട്. പഴയനിയമത്തിൽനിന്നു വാത്സല്യത്തിന്റെയും ആർദ്രതയുടെയും കാരുണ്യത്തിന്റെയും വെളിച്ചങ്ങൾ അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. ആ അർഥത്തിൽ വേദപുസ്തകം പൂർണമായും പുരുഷന്റെ പുസ്തകമല്ല എന്നു തോന്നിയിട്ടുമുണ്ട്. പുരുഷന്റേതിനു തുല്യമായ ഭാഗധേയങ്ങൾ സ്ത്രീക്കും അവകാശപ്പെട്ടതാണെന്നു വേദപുസ്തകം ചില സൂചനകളിലൂടെ അർഥമാക്കുന്നുണ്ട്. അമ്മ മറിയത്തിന്റെ മഹിതഭാവം മാത്രം മതി എല്ലാ പരിമിതികളെയും മറികടക്കാൻ. സഹനം കൊണ്ട് പ്രഭാവിതമായ തേജസാണ് അമ്മ മറിയം. അമ്മ മറിയത്തെയും സുവിശേഷങ്ങളിൽ മറിയം എന്നു വിളിക്കപ്പെടുന്ന തേജസ്വിനികളെയും തേടി നടന്ന യാത്രയിലാണ് ഞാൻ ഭരണങ്ങാനത്തെത്തുന്നത്. അവിടേക്കെന്നെ വഴിനടത്തിയത് ജോർജ് അച്ചനായിരുന്നു. അച്ചൻ നല്ല വായനക്കാരനും എഴുത്തുകാരനുമായിരുന്നു. വേദപുസ്തകത്തിലെ സന്ദേഹങ്ങൾ ഒരളവുവരെ എനിക്ക് തീർപ്പാക്കി തന്നതും അച്ചനായിരുന്നു.
യേശുവിനെ അനുഗമിച്ചവരിലൂടെ അനുകമ്പാർദ്രരായ ജറൂസലേം പുത്രിമാരിൽ എത്തുകയായിരുന്നു എന്റെ ദൗത്യം. അച്ചൻ പറഞ്ഞു, “നീ ആദ്യം ഭരണങ്ങാനത്തുപോയി പ്രാർഥിക്കുക. എന്നിട്ടാവാം എഴുത്ത്.” ഒരു മഴക്കാലത്താണ് ഞാൻ ആദ്യമായി അവിടേക്കു പോയത്. വഴിയിൽ ഒരുപാട് തടസങ്ങൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ധരിച്ചിരുന്ന ഉടുപ്പും പാന്റ്സും നനഞ്ഞുകുതിർന്നു എന്നു മാത്രമല്ല, നല്ല ചെളിയും വസ്ത്രത്തിൽ പടർന്നിട്ടുണ്ടായിരുന്നു. മലിനപ്പെട്ട ആ രൂപത്തിലായിരുന്നു ഞാൻ അൽഫോൻസാമ്മയുടെ കബറിടത്തിലെത്തിയത്. അപ്പോഴവിടെ നിശബ്ദ പ്രാർഥന നടക്കുകയായിരുന്നു. ചുറ്റും കൂടിനിന്നവർ എന്നെ നോക്കുന്നുണ്ടായിരുന്നു. ചീകിയൊതുക്കാത്ത മുടിയിൽനിന്നു ജലകണങ്ങൾ ഒന്നൊന്നായി താഴേക്കു വീഴുന്നുണ്ടായിരുന്നു. താഴെ വീഴുന്ന ഓരോ ജലത്തുള്ളിയും വല്ലാത്ത ശബ്ദം കേൾപ്പിക്കുന്നതായി എനിക്കു തോന്നി. അപാരമായ ലജ്ജയും ഭയവും എനിക്കനുഭവപ്പെട്ടു. എത്രനേരം അങ്ങനെ നിന്നു എന്നെനിക്കറിയില്ല. എന്നാൽ ആ നിശബ്ദതയ്ക്ക് വല്ലാത്തൊരാകർഷണീയത ഉണ്ടായിരുന്നു. നമ്മെ സൗഖ്യപ്പെടുത്തുന്ന ഒരു സ്പർശം. ചമ്മട്ടികൊണ്ട് ക്രൂരമായി അടിയേറ്റും മുൾക്കിരീടം ചൂടി ചുവന്ന പുറങ്കുപ്പായം ധരിച്ചും ഏറെ ഭാരമേറിയ കുരിശു ചുമന്നും നടന്നവനു പിന്നാലെ നടന്നവരുടെ കൂട്ടത്തിൽ ഞാനൊരു മുഖം തിരിച്ചറിഞ്ഞു. പരദുഃഖത്തിൽ അലിയുന്ന ഒരു മുഖം. ദൈവികമായ ആർദ്രതയാൽ പ്രശോഭിതമായ ഒരു മുഖം. ഒരമ്മമുഖം. അത് അൽഫോൻസാമ്മയുടേതായിരുന്നു.
കുരിശിന്റെ വഴിയിൽ യേശുവിന്റെ തിരുമുഖം കൈലേസാൽ തുടച്ച വെറോണിക്കയെ എനിക്കപ്പോൾ ഓർമവന്നു. സ്വന്തം ഭവനം പ്രാർഥനാലയമാക്കാൻ വിട്ടുകൊടുത്ത മറിയത്തെ എനിക്കോർമ വന്നു. ഈ ഓർമകളിലേക്കെല്ലാം എന്നെ വഴിനടത്തിയത് അൽഫോൻസാമ്മയുടെ ദീപ്തമായ ജീവിതമായിരുന്നു. അത് ആദർശപൂർണവും സുവിശേഷ വെളിച്ചമുൾക്കൊണ്ട പവിത്രജീവിതവും കൂടിയായിരുന്നു. അത് ആദ്യന്തം സഹനപൂർണമായിരുന്നു. ദൈവത്തിന്റെ പരീക്ഷണങ്ങളെ അൽഫോൻസാമ്മ ദൈവദത്തമായ സ്നേഹപ്രാർഥനകളാൽ മറികടക്കുകയായിരുന്നു. ജീവന്റെ വിലയറിയുന്ന ആ ഹൃദയം അസാമാന്യമായ ധൈര്യത്തോടെയാണ് ദുഃഖിതർക്കായി പ്രാർഥിച്ചത്. ആ പ്രാർഥനകൾ സ്നേഹത്തിന്റെ കെടാത്ത തിരിനാളങ്ങൾ കൂടിയായിരുന്നു.
പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മഴ തോർന്നിരുന്നു. ആകാശം നന്നായി തെളിഞ്ഞും പ്രകാശിച്ചും കാണപ്പെട്ടു. അതെന്റെ ഉള്ളിന്റെകൂടി പ്രകാശമായിരുന്നുവെന്ന് എനിക്കു തോന്നി. നെഞ്ചത്തു കയറ്റിവച്ചിരുന്ന ഒരു ഭാരം ഇറക്കിവച്ചതുപോലെ എനിക്കനുഭവപ്പെട്ടു. ഒരിക്കൽകൂടി ആ കബറിനടുത്തേക്ക് ചെന്ന് മുട്ടുകുത്തി. ഞാൻ കരഞ്ഞില്ല. പ്രാർഥിച്ചില്ല. പക്ഷേ, അകത്തെങ്ങോ ആരോ എനിക്കുവേണ്ടി കരയുന്നതും പ്രാർഥിക്കുന്നതും ഞാൻ കേട്ടു.
തിരുനാൾ ദിനങ്ങൾ ഒഴികെ, ഇടയ്ക്കിടെ ഭരണങ്ങാനത്തു പോവുക ഞാൻ പതിവാക്കി. കബറിടത്തേക്കുള്ള കൽപ്പടവുകളിലിരുന്നാണ് ഹെലൻ കെല്ലറുടെ ‘തുറന്ന വാതിൽ’ എന്ന ആത്മകഥ പാതിയിലേറെ ഞാൻ പരിഭാഷപ്പെടുത്തിയത്. “ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു” എന്ന ക്രിസ്തുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ലേഖനം പൂർത്തീകരിച്ചതും അവിടെയിരുന്നാണ്. ചിലതെല്ലാം വായിച്ചതും അവിടെയിരുന്നാണ് എന്നാണ് ഓർമ. എനിക്ക് അൽഫോൻസാമ്മ വിശ്വാസത്തിന്റെ ധ്യാനനിർഭരമായൊരു പൊരുളാണ്. തേടിച്ചെല്ലുംതോറും പിന്നെയുംപിന്നെയും ബാക്കിനിൽക്കുന്ന ഒന്ന്. മുന്നിലുള്ള വഴി കാണാനാകാത്തവിധം മനസുനിറയെ അന്ധകാരം നിറഞ്ഞുനിൽക്കുമ്പോഴും അവിടെ പ്രാർഥിച്ചു മടങ്ങുമ്പോൾ പ്രത്യാശയുടെ ഒരുവഴി വെയിൽചൂടി നിവർന്നുകിടക്കുന്നത് എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
ആത്മവിചാരണയുടെകൂടി വഴിയാണതെന്ന് തിരിച്ചറിയുന്നിടത്താണ് ഞാൻ ആനന്ദം അനുഭവിക്കുന്നത്. ഇത് എഴുതിനിർത്തുമ്പോൾ മഴ തോർന്നു തുടങ്ങിയിട്ടുണ്ട്. മരച്ചില്ലകളിലൂടെ ഊർന്നുവരുന്ന വെളിച്ചത്തിന്റെ നൂലിഴകളിൽ ഒരമ്മമുഖം ഞാൻ വ്യക്തമായി കാണുന്നുണ്ട്. അത് അൽഫോൻസാമ്മയുടേതാണെന്ന് ആനന്ദാതിരേകത്തോടെ ഞാനറിയുന്നു.
Tags :