ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂറിനെയും കുറിച്ചുള്ള ചർച്ചകൾ പാർലമെന്റിൽ ഇന്ന് ആരംഭിക്കാനിരിക്കേ ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ ഇപ്പോഴും പിടികൂടിയിട്ടില്ലെന്ന് കോണ്ഗ്രസ്. ആക്രമണം നടന്നതിനു പിന്നാലെ ഈ വിഷയത്തിൽ കോണ്ഗ്രസ് അടിയന്തര ചർച്ച ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അതിന് അംഗീകാരം നൽകിയിരുന്നില്ല. വൈകിയാണെങ്കിലും ചർച്ചയ്ക്കു സമ്മതിച്ചത് ഒരിക്കലും നടക്കാതിരിക്കുന്നതിലും നല്ലതാണെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ ജയറാം രമേശ് വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നാളിതുവരെ നടന്ന സംഭവവികാസങ്ങളാണ് ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സിലെ കുറിപ്പിലൂടെ ഓർമിപ്പിച്ചത്.
ഇതോടെ ഇന്ന് ആരംഭിക്കുന്ന ചർച്ചയിൽ ഇതിനെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കുമെന്നതിൽ സംശയില്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ അവകാശവാദം ഉൾപ്പെടെ സുരക്ഷാവീഴ്ച, തീവ്രവാദികളെ പിടികൂടാത്ത സാഹചര്യം, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ വെളിപ്പെടുത്തലുകൾ, വിദേശനയം തുടങ്ങിയ വിഷയങ്ങൾ 32 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയിൽ ബിജെപിക്കെതിരേ പ്രതിപക്ഷം ആയുധമാക്കും.
ഭീകരതയ്ക്കെതിരേ ഇന്ത്യ സ്വീകരിച്ച നിലപാട്, ഓപ്പറേഷൻ സിന്ദൂറിലൂടെ കൈവരിച്ച സൈനിക നേട്ടം, ഇന്ത്യയുടെ ആയുധബലം തുടങ്ങിയ കാര്യങ്ങളാകും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഉയർത്തിപ്പിടിക്കുക. ഇരുസഭകളിലും 16 മണിക്കൂർ വീതം ചർച്ച അനുവദിച്ചിട്ടുണ്ടെങ്കിലും സമയം കൂടുതൽ മുന്നോട്ടുപോകാനാണ് സാധ്യത.
വർഷകാല സമ്മേളനം ആരംഭിച്ച 21 മുതൽ ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു ദിവസംപോലും സഭാ നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്ന ദിവസങ്ങളിൽ (തിങ്കൾ, ചൊവ്വ, ബുധൻ) എല്ലാ അംഗങ്ങളും സഭയ്ക്കുള്ളിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസിന്റെ ലോക്സഭയിലെ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപിമാർക്ക് മൂന്ന് വരി വിപ്പ് നൽകിയിട്ടുണ്ട്.
Tags : congress