ADVERTISEMENT
കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ 16 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ പോലീസ് സേനയ്ക്കുള്ളില്‍ സംസ്ഥാന വ്യാപക പരിശോധന വന്നേക്കും. സമാനരീതിയിലുള്ള തിരിമറികള്‍ മറ്റ് സ്ഥലങ്ങളിലും നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണിത്. മറ്റ് സ്ഥലങ്ങളിലും തിരിമറി നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് ആലുവ റൂറല്‍ പോലീസിലെ ഓഡിറ്റ് വിഭാഗം. വിവരം സംസ്ഥാന പോലീസ് മേധാവിയെ രേഖാമൂലം അറിയിക്കുന്നതോടെ സംസ്ഥാനതല പരിശോധനയ്ക്കു സാധ്യതയേറും.
2022ലാണ് ഇ-ചെല്ലാനിലൂടെ പിഴയൊടുക്കാനുള്ള സൗകര്യം പോലീസ് സേനയില്‍ നിലവില്‍വന്നത്. ഇതിന് മുമ്പ് ട്രാഫിക് കേസുകളില്‍ ഉദ്യോഗസ്ഥര്‍ പിഴയായി ഈടാക്കുന്ന തുക അതത് ദിവസം റൈറ്ററെ ഏല്‍പ്പിക്കുകയാണു ചെയ്തിരുന്നത്.
2018 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെ ട്രാഫിക് പോലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവന്‍ ബാങ്കിലടയ്ക്കാതെ രേഖകളില്‍ കൃത്രിമംകാട്ടി തട്ടിപ്പ് നടത്തിയ കേസിൽ മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ റൈറ്ററായിരുന്ന ശാന്തി കൃഷ്ണയ്ക്കെതിരേയാണു നടപടി സ്വീകരിച്ചത്. 16,76,650 രൂപയുടെ ക്രമക്കേടാണ് ഇവർ നടത്തിയത്.
മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിലെ 2018 ജനുവരി ഒന്ന് മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള ഇടപാടുകളാണ് ഓഡിറ്റ് വിഭാഗം പരിശോധിച്ചത്. രസീതിലെ പൊരുത്തക്കേടുകളാണു ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തുള്ള പരിശോധനയിലേക്കു നയിച്ചത്.
രസീതിലെ കൂട്ടിച്ചേര്‍ക്കലുകളിലെ തെളിവ് ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ശാന്തി കൃഷ്ണയുടെ കൈയക്ഷരവും ഒപ്പും പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. തിരിമറിയിലൂടെ കൈക്കലാക്കിയ പണം ഇവര്‍ പല ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചതായാണു കണ്ടെത്തല്‍.
Tags :