ADVERTISEMENT
തിരുവനന്തപുരം: ഇടതുമുന്നണി തുടർഭരണം നേടുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നുമുൾപ്പെടെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. രാജി കെപിസിസി സ്വീകരിച്ചു. ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട കോണ്‍ഗ്രസ് വാമനപുരം ബ്ലോക്ക് സെക്രട്ടറി ലത്തീഫിനെ പാർട്ടിയിൽനിന്നു പുറത്താക്കി.
ശബ്ദരേഖ പുറത്തുവന്നതിനെത്തുടർന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. എഐസിസി നേതൃത്വത്തെയും വിഷയം ധരിപ്പിച്ചു. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടുകയും തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്ത സമയത്തു പുറത്തുവന്ന സംഭാഷണത്തിന്റെ ശബ്ദരേഖ കോണ്‍ഗ്രസിനു ക്ഷീണമായെന്നും രവിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നുവന്നു. ഇതിനിടെയാണ് രവി രാജിക്കത്ത് കൈമാറിയതും പാർട്ടി നേതൃത്വം അത് അംഗീകരിച്ചതും.
നെടുമങ്ങാടുനിന്നു പലതവണ എംഎൽഎ ആകുകയും ഡെപ്യൂട്ടി സ്പീക്കർ പദവി വഹിക്കുകയും ഡിസിസി പ്രസിഡന്റായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട നേതാവാണ് പാലോട് രവി. അങ്ങനെ ഒരാളിൽനിന്ന് ഒരിക്കലുമുണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനോടു പാലോട് രവി നടത്തിയതെന്നാണ് നേതാക്കളുടെ പൊതുവികാരം.
കൂടുതൽ ജാഗ്രതയോടുകൂടി പ്രവർത്തിക്കണമെന്നു മാത്രമേ താൻ ഉദ്ദേശിച്ചുള്ളൂ എന്ന വിശദീകരണവുമായി പാലോട് രവി രംഗത്തു വന്നിരുന്നു. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പറഞ്ഞതാണെന്നും ടീം യുഡിഎഫ് തിരുവനന്തപുരം ജില്ലയിൽ എല്ലാ ഭിന്നതയും പരിഹരിച്ച് ഒറ്റ മുഖമായി പ്രവർത്തിച്ചുവരികയാണെന്നും രവി പിന്നീട് വിശദീകരിച്ചു. എന്നാൽ, ഇതൊന്നും വിശ്വസനീയമായ വിശദീകരണമായി അംഗീകരിക്കപ്പെട്ടില്ല.
Tags :