ADVERTISEMENT
ഉറച്ച നിലപാടുകളുടെ മനുഷ്യനായിരുന്നു അഞ്ചു വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയും 14 വർഷം പ്രതിപക്ഷ നേതാവും ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ അമരക്കാരനുമായിരുന്ന വി.എസ്. അച്യുതാനന്ദൻ. മരണംവരെ പാവപ്പെട്ടവരുടെ പക്ഷത്തു നിന്ന, സാധാരണക്കാരനായി ജീവിച്ച കമ്യൂണിസ്റ്റുകാരൻ.
തൊഴിലാളികളെ സംഘടിപ്പിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനായ പി. കൃഷ്ണപിള്ളയാണ് വിഎസിനെ നിയോഗിച്ചത്. കുട്ടിക്കാലത്തുതന്നെ ദൈവവുമായി പിണങ്ങിയ വിഎസിന് ഈ നിരീശ്വര വിമോചന പ്രസ്ഥാനം ആകർഷകമായി. കുട്ടിക്കാലത്ത് കളർകോട് ക്ഷേത്രത്തിലും അറവുകോട് ക്ഷേത്രത്തിലും ദർശനം നടത്താൻ പോയിരുന്ന അണ്ണനെക്കുറിച്ച് വിഎസിന്റെ ഏക പെങ്ങൾ അഴിക്കുട്ടി അനുസ്മരിച്ചിട്ടുണ്ട്. ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ച് വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. ആരും നിലവിളി കേൾക്കാനില്ലാത്ത പാവങ്ങൾക്കു വേണ്ടി പോരാടണമെന്നായിരുന്നു തീരുമാനം. അങ്ങനെ പോരാളിയും കമ്യൂണിസ്റ്റുമായി. എതിരാളികളെ നിഗ്രഹിക്കുന്നതിൽ പോലും അപാകത കാണാത്ത കമ്യൂണിസ്റ്റ്. എന്നിട്ടും 2012 മേയ് നാലിന് ഒഞ്ചിയത്ത് റവലൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ യുവനേതാവ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിന് പാർട്ടി കശാപ്പു ചെയ്ത വിവരം അറിഞ്ഞ അദ്ദേഹം വല്ലാതെ തളർന്നു. സിപിഎമ്മിൽനിന്നു രാജിവച്ച എം. സത്യനേശൻ നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ദിവസം പാർട്ടി മേലാളന്മാരുടെ അപ്രഖ്യാപിത വിലക്ക് ലംഘിച്ച് അദ്ദേഹം ടിപിയുടെ വീട്ടിലെത്തി ഭാര്യ രമയെ ആശ്വസിപ്പിച്ചു; അവരോടൊപ്പം കരഞ്ഞു- അതായിരുന്നു വിഎസ്.
തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പ്രയോജനപ്പെടുത്തുന്ന ഹിന്ദു വർഗീയതയെയും മുസ്ലിം വർഗീയതയെയും ക്രൈസ്തവ വർഗീയതയെയും ആത്മാർഥമായി എതിർത്ത നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. ആർഎസ്എസിനെയും മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം പാർട്ടികളെയും അദ്ദേഹം ഒന്നുപോലെ എതിർത്തു. എല്ലാ സമുദായത്തിലെയും പാവങ്ങളെ അദ്ദേഹം സ്നേഹിച്ചു. അതേസമയം, സാന്പത്തികസംവരണത്തെ എതിർത്തു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു വർഗീയതയെ നേരിടാൻ എന്ന മറയിൽ മുസ്ലിം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള വഴിയെന്ന് അവർ കരുതുന്നു. വിഎസ് ആ സമീപനത്തെ എതിർത്തു. 1975 മുതൽ സിപിഎമ്മിന്റെ കൂടെ ഇടതുമുന്നണിയിൽ നിന്ന അഖിലേന്ത്യാ ലീഗിനെ വരെ 1987ൽ പുറത്താക്കി. പാർട്ടി നയത്തിനെതിരായി മുസ്ലിം ലീഗുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് 1984ൽ ബദൽ രേഖ കൊണ്ടു വന്നവരെയും കൂടെ നിന്നവരെയും നിഷ്കരുണം വെട്ടിനിരത്തി. ലീഗും കേരള കോണ്ഗ്രസും ഇല്ലാതെ 1987ൽ കേരളത്തിൽ ഇടതുമുന്നണി ഭരണം പിടിച്ചു. അതിനർഥം അദ്ദേഹം മുസ്ലിം സമൂഹത്തിനെതിരായിരുന്നു എന്നല്ല. കേരളത്തിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് പാലൊളി കമ്മിറ്റിയെ നിയോഗിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.
സിപിഎമ്മിന്റെ അണികളിൽ ഭൂരിഭാഗവും ഈഴവരാണെന്ന് അറിയുന്പോഴും അദ്ദേഹം ഈഴവരുടെ സംഘടനയായ എസ്എൻഡിപിയുടെ നേതാവിനെ പ്രീതിപ്പെടുത്തിയില്ല. പകരം, എസ്എൻഡിപി യോഗം നേതാവായ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടന്നതായി കരുതപ്പെടുന്ന മൈക്രോ ഫിനാൻസ് തട്ടിപ്പിനെതിരേ ശക്തമായ നടപടികൾ എടുത്തു.1987ൽ ഈഴവ സമൂഹത്തിൽനിന്നുള്ള പ്രമുഖ നേതാവായ കെ.ആർ. ഗൗരിയമ്മയ്ക്കെതിരേ നടപടിയെടുത്തു.
1980ൽ വിഎസ് പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കുന്പോഴാണ് ഇന്നത്തെ ഇടതുമുന്നണിയുടെ പിറവി. മുന്നണിയിലെ ഓരോ കക്ഷിയെയും പരിശോധിച്ചാണ് അകത്തു കയറ്റിയത്. നിയമസഭാ സീറ്റ് വിഭജന ചർച്ച ക്ലീൻ സ്ലേറ്റിൽ തുടങ്ങിയ ഏക കാലമാണത്.
അഴിമതിക്കേസുമായി പിന്നാലെ നടന്ന് അദ്ദേഹം ജയിലിലാക്കിയ ആർ. ബാലകൃഷ്ണപിള്ള കേരള ചരിത്രത്തിൽ അപൂർവ കഥാപാത്രമായി. അഴിമതിക്കു ശിക്ഷിക്കപ്പെട്ട ഏക നേതാവാണ് പിള്ള. അതിനു കാരണം വിഎസിന്റെ വിടാതെയുള്ള പോരാട്ടവും. പിള്ളയുടെ പാർട്ടി 1996ൽ ജനതാദളിൽ ലയിച്ച് ഇടതുമുന്നണിയിൽ കയറാൻ നടത്തിയ നീക്കവും വിഎസ് തകർത്തു. പിള്ളയോടും കരുണാകരനോടും അത്ര എതിർപ്പായിരുന്നു വിഎസിന്. എന്നാൽ, പിന്നീട് പിണറായി യുഗത്തിൽ പിള്ള ഇടതുമുന്നണിയിൽ അംഗമായി.
നാട്ടുകാരുടെ അപ്പം കട്ടു തിന്നുന്നവർ എന്ന് അദ്ദേഹം കരുതിയവരെയെല്ലാം മുൻപിൻ നോക്കാതെ ആക്രമിച്ചു. സന്ധിയില്ലാതെ വെട്ടി. അപമാനിക്കപ്പെട്ടവരിൽ ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർപോലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് വളരെ ഹീനമായ വാക്കുകളാണ് വിഎസ് നിയമസഭയിൽ പറഞ്ഞത്.
വികസനവിരുദ്ധന് എന്ന ആക്ഷേപം കേട്ടത് അദ്ദേഹം വിശ്വസിച്ച നിലപാട് മൂലമാണ്. പൊതുമേഖലയുടെ മാത്രം വക്താവായ അദ്ദേഹം ട്രാക്ടറിനെ എതിർത്തു. നെൽകൃഷി നടത്താനാകാത്തവർ വയൽ മറ്റു കൃഷികൾക്ക് ഉപയോഗിക്കുന്നതിനെ എതിർത്തു. കംപ്യൂട്ടറിനെ എതിർത്തു. സ്വാശ്രയ കോളജുകളെ എതിർത്തു. സ്വകാര്യ പങ്കാളിത്തത്തോടെ വരുന്ന വിമാനത്താവളങ്ങളെ എതിർത്തു. സ്മാർട് സിറ്റിയെ എതിർത്തു. ഇതൊക്കെ ആയിട്ടും അദ്ദേഹത്തിന് കേരളത്തിൽ എല്ലാ പദവികളും കിട്ടി. സ്വന്തം പാർട്ടി ചതിച്ചതുകൊണ്ടാണ് 2016ൽ ഉമ്മൻ ചാണ്ടിയെപ്പോലെ 2011ൽ അദ്ദേഹത്തിന് ഭരണത്തുടർച്ച കിട്ടാതെപോയതെന്നു കരുതുന്നവരുണ്ട്.
ജന്മിമാർ കഴിഞ്ഞപ്പോൾ അവർക്ക് ഒത്താശ ചെയ്യുന്ന മഹാരാജാവും ദിവാനുമായി. അവർക്കെതിരേയും അദ്ദേഹം പോരാടി. അതായിരുന്നു ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാർ സമരം. ഈ സമരത്തിൽ അദ്ദേഹം ഇല്ലായിരുന്നുവെന്ന് വീറോടെ പറയുന്നവരിൽ എം.എം. ലോറൻസുമുണ്ട്.
പാർട്ടി തീരുമാനങ്ങൾക്കെതിരേ പോലും അദ്ദേഹം നിലപാടുകളെടുത്തു. 1964 ചൈന യുദ്ധകാലത്ത് പട്ടാളക്കാർക്കായി ചോര കൊടുത്തത് അത്തരത്തിൽ ഒന്നാണ്. ലാവ്ലിൻ കേസിൽ, കൂടംകുളം ആണവനിലയ വിഷയത്തിൽ, എഡിബി വായ്പാകാര്യത്തിൽ ഒക്കെ അദ്ദേഹം പാർട്ടി ലൈനിനെതിരേ ഉറച്ചുനിന്നു. നാലാം ലോകസിദ്ധാന്തത്തെയും വിഎസ് എതിർത്തു.
1990 മുതൽ മുല്ലപ്പെരിയാർ വിഷയത്തിൽ വിഎസ് സമരത്തിലാണ്. 1991ലെ ഇടതുമുന്നണി ഭരണകാലത്ത് മുല്ലപ്പെരിയാർ വിഷയത്തിൽ ജലസേചനമന്ത്രി ബേബി ജോണ് അലംഭാവം കാണിക്കുന്നതായി വിഎസ് ആരോപിച്ചു. ആർഎസ്പി ബഹളം വച്ചു; വിഎസ് വിട്ടില്ല.
പിടിച്ചാൽ കൊണ്ടേ പോകൂ എന്നതായിരുന്നു വിഎസ് ശൈലി. അദ്ദേഹം ബാലകൃഷ്ണപിള്ളയുടെ കാര്യത്തിൽ കാണിച്ചത് അതാണ്. പാമോയിൽ കേസിലും ചാരക്കേസിലും കരുണാകരനെതിരേയും ഈ സമീപനം കൈക്കൊണ്ടു. ബാർ കോഴ കേസിലും മതികെട്ടാൻ വിഷയത്തിലും കെ.എം. മാണിയോടും ഇതേ സമീപനമായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാർലർ കേസിലും അദ്ദേഹം പിന്നാലെ നടന്ന് വേട്ടയാടി. സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയോടും ഇതേ സമീപനം എടുത്തു. പല കേസിലും പിണറായിയുടെ പാർട്ടി ആത്മാർഥമായി വിഎസിന് ഒപ്പം നിന്നില്ല. ലാവ്ലിൻ കേസിലെ കടുംപിടിത്തത്തിനും എഡിബി വിഷയത്തിനും അദ്ദേഹത്തെ പരസ്യമായി ശിക്ഷിക്കുകയും ചെയ്തു.
മതികെട്ടാനിലെ 1281.74 ഹെക്ടർ ദേശീയോദ്യാനമാക്കിയതിനു പിന്നിൽ വിഎസിന്റെ പോരാട്ടവുമുണ്ട്. അവിടത്തെ കൈയേറ്റങ്ങൾ നേരിട്ടു കാണാൻ അദ്ദേഹം 2003ൽ മതികെട്ടാൻമലകയറി. ടാറ്റാ ടീയുടെ 1,027 ഏക്കർ ഏറ്റെടുക്കുന്നതിന് അദ്ദേഹം കൊണ്ടുവന്ന നിയമം ഹൈക്കോടതി റദ്ദാക്കി.
വിഎസിന്റെ ഭൗതികശരീരം ജനസാഗരത്തിന്റെ അകന്പടിയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്പോഴും കേരളത്തിൽ ചർച്ചാവിഷയമായത് അദ്ദേഹം 2010ൽ നടത്തിയ ഒരു പത്രസമ്മേളനത്തിലെ മുന്നറിയിപ്പായിരുന്നു. 2010ൽ കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതാണ് കേരളത്തെ മുസ്ലിം ആധിപത്യ സംസ്ഥാനമാക്കുന്നതിന് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകൾ നീക്കങ്ങൾ നടത്തുകയാണെന്ന്. അതിനായി അവർ യുവാക്കൾക്കു പണവും ആയുധവും കൊടുക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണിതെന്നും വിഎസ് വിശദീകരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോപ്പുലർ ഫ്രണ്ടുകാർ ഫ്രീഡം പരേഡുകൾ സംഘടിപ്പിക്കുന്നത് മുഖം രക്ഷിക്കുന്നതിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജൂലൈ 19ന് കോട്ടയത്തു നടത്തിയ പ്രസംഗത്തിൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിഎസിന്റെ വാക്കുകൾ അനുസ്മരിച്ചു. അതു വിവാദവുമായി. ഇന്നത്തെ നിലയിൽ പോയാൽ വൈകാതെ മുസ്ലിംകൾ ലക്ഷ്യം നേടുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടതു-വലതു മുന്നണികൾ ഒന്നുപോലെ മുസ്ലിം പ്രീണനമാണു നടത്തുന്നത്. നടേശന്റെ വാക്കുകൾ പ്രതിപക്ഷത്തെ വല്ലാതെ അസ്വസ്ഥമാക്കി. നടേശൻ വിദ്വേഷപ്രസംഗം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരേ പോലീസ് കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലീഗ് പത്രം ചന്ദ്രിക വെള്ളാപ്പള്ളിയെ കേരള തൊഗാഡിയ എന്നു വിളിച്ചു.
വെള്ളാപ്പള്ളി ശക്തമായാണ് പ്രതികരിച്ചത്. കേരളം മുസ്ലിം ആധിപത്യ പ്രദേശമാവുകയാണ്. ഇപ്പോൾത്തന്നെ സ്കൂൾ ടൈമിംഗിനായാലും സുംബാ നൃത്തിനായായാലും മലപ്പുറത്ത് പോയി അനുവാദം ചോദിക്കേണ്ട നിലയായി. ഭരണത്തിൽ അനാവശ്യമായ കൈകടത്തലുകളാണ് നടത്തുന്നത്. കേരളത്തിൽ മതേതരത്വമല്ല, മതാധിപത്യമാണെന്ന് നടേശൻ പറഞ്ഞു.
നടേശനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് മലപ്പുറം പ്രസംഗത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. ഒരു പാർട്ടിക്കെതിരേ പറഞ്ഞത് ഒരു സമുദായത്തിനതിരേ ആക്കിയതാണ്. അത്തരം വാക്കുകൾ പറയുന്ന ആളല്ല വെള്ളാപ്പള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ഈ പിന്തുണയിൽ വെള്ളാപ്പള്ളി പറയുന്ന വാക്കുകൾ ഇടതുമുന്നണിക്ക് അനുകൂലമായ ഹിന്ദു ഏകീകരണം ഉണ്ടാക്കാനല്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്. ലീഗും വെൽഫെയർ പാർട്ടിയും അടക്കം മുസ്ലിം രാഷ്ട്രീയം ആകെ കോണ്ഗ്രസ് സ്വന്തമാക്കുന്പോൾ ഇതല്ലാതെ സിപിഎമ്മിന് എന്തു വഴി? മാത്രവുമല്ല, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം പ്രീണന നിലപാടുകൾമൂലം സിപിഎമ്മിന്റെ ധാരാളം ഈഴവ വോട്ടുകൾ ചോർന്നു. അതു തടയാനും സിപിഎം ആഗ്രഹിക്കുന്നു. വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവനയെക്കുറിച്ച് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും പ്രതികരിച്ചില്ല. നടേശന്റെ പ്രസ്താവന കേരളം തള്ളിക്കളയുമെന്ന് പഹൽഗാമിനെ അപലപിക്കാതെ ഗാസയ്ക്കുവേണ്ടി കരയുന്ന എം. സ്വരാജ് പ്രതികരിച്ചു. നടേശന്റെ പ്രസ്താവന തീർത്തും നിരുത്തരവാദപരവും മതനിരപേക്ഷസമൂഹത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ലക്ഷ്യങ്ങളോടെ വെള്ളാപ്പള്ളി ഇനിയും പലതും പറയാനാണിട. അതിനും തിരി കൊളുത്തിയത് വിഎസ്.
Tags :