ADVERTISEMENT
റിയാദ്: ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് റിയാദിൽ പറഞ്ഞു. കേളി കലാ സാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ വി. വസീഫ്.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ ചരിത്രങ്ങളെ വെട്ടിമാറ്റി മിത്തുകൾ കുത്തിനിറച്ചുള്ള വിദ്യാഭ്യാസ രീതി അവലംബിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് സംഘപരിവാർ അജണ്ട നടപ്പിൽ വരുത്താൻ സാധിക്കാത്തത്.
അതിനായി ഗവർണർമാരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇപ്പോൾ സമരരംഗത്താണ്.
സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങളെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ട ഈ അവസരത്തിൽ ദൗർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ബൊക്കെ നൽകി സ്വീകരിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ സ്വീകരണ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ നന്ദി പറഞ്ഞു.