തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു യുവതി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ. പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരങ്ങളിൽനിന്നു വീണാ ജോർജിനായി ‘രക്ഷാപ്രവർത്തന’ത്തിന് ഇറങ്ങുകയാണ് ഡിവൈഎഫ്ഐ. നവകേരള സദസിനായി നേരത്തേ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ബസ് യാത്രയ്ക്കിടെ കരിങ്കൊടി കാട്ടിയ സംഘടനകളെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ച് രക്ഷാപ്രവർത്തനം നടത്തിയത് ഏറെ വിവാദമായിരുന്നു. വീണാ ജോർജിനായി ഡിവൈഎഫ്ഐക്കാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്പോഴും കേരളം വീണ്ടും സംഘർഷ ഭൂമിയാകാനാണു സാധ്യത. മികച്ച ആരോഗ്യമന്ത്രിയായ വീണാ ജോർജിനെ രാജിവയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ ചെറുപ്പക്കാരെയാകെ രംഗത്തിറക്കി സംരക്ഷണമൊരുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെയാകെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തുകയാണ് യൂത്ത് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ. മരണത്തെ അപഹാസ്യമായി കാണുകയും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉപയോഗപ്പെടുത്തുകയുമാണ്. നിലന്പൂർ ഉപതെരഞ്ഞെടുപ്പു ഘട്ടത്തിലുണ്ടായ മരണത്തിലും ഇതാണു കണ്ടത്. മരണത്തിൽനിന്നു മുതലെടുപ്പു നടത്തുന്നവരായി യൂത്ത് കോണ്ഗ്രസ് മാറി. അധികാരം തിരിച്ചുപിടിക്കാൻ ചില സംഭവങ്ങളെ പർവതീകരിച്ചു വിമോചന സമരം സൃഷ്ടിക്കാനാകുമോ എന്നാണു നോക്കുന്നത്. കനുഗോലു ആവിഷ്കരിച്ച 2026ലെ കോണ്ഗ്രസ് തെരഞ്ഞെടുപ്പു തന്ത്രം കേരളത്തിൽ ഏശില്ല. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്കു മാർച്ച് നടത്തിയവർ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ എംഎൽഎമാർക്കും വീടും ഓഫീസുമുണ്ടെന്ന് ഓർക്കണം. അവിടേക്കു ഞങ്ങളെക്കൊണ്ട് മാർച്ച് ചെയ്യിപ്പിക്കരുത് എന്നാണ് യൂത്ത് കോണ്ഗ്രസിനെ ഓർമിപ്പിക്കാനുള്ളത്. മുഖ്യമന്ത്രി മാത്രമല്ല, വിവിധ മേഖലകളിലുള്ളവർ വിദേശത്തു ചികിത്സ തേടിയിട്ടുണ്ട്. എവിടെയാണോ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നത് അവിടെ ചികിത്സക്കുപോകുന്നതിൽ തെറ്റില്ലെന്നു ചോദ്യത്തിനു മറുപടിയായി സനോജ് പറഞ്ഞു.