ADVERTISEMENT
വി.എസ് എന്ന രണ്ടക്ഷരങ്ങൾക്കു വിശദീകരണം ആവശ്യമില്ല. സമരനായകൻ ആയിരുന്ന വി.എസ്. അച്യുതാനന്ദൻ ഭരണനായകൻ ആയപ്പോഴും ഉള്ളിലെ സമരവീര്യം പാടെ ഉപേക്ഷിച്ചിരുന്നില്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള രാഷ്ട്രീയ നേതാക്കളിലൊരാൾകൂടിയായിരുന്നു കറകളഞ്ഞ ഈ കമ്യൂണിസ്റ്റ് നേതാവ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരിക്കെ വിവിധ വിഷയങ്ങളെക്കുറിച്ചു വിശദമായി പഠിക്കാൻ വി.എസ് ശ്രമിച്ചിരുന്നു. കലാലയ വിദ്യാഭ്യാസത്തേക്കാളേറെ, കടുത്ത ജീവിതാനുഭവങ്ങളിൽനിന്ന് ആർജിച്ചെടുത്തതായിരുന്നു വി.എസിന്റെ ആഴത്തിലുള്ള അറിവ്. പ്രത്യേക ശൈലിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മൂർച്ച അറിയാത്ത ഇതര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കുറവാണ്. നീട്ടിയും കുറുക്കിയും ആവർത്തിച്ചുമുള്ള വി.എസിന്റെ പ്രസംഗശൈലി ലക്ഷങ്ങളെയാണ് ആകർഷിച്ചത്.
തൊഴിലാളികളോട് പ്രത്യേക ആഭിമുഖ്യം പുലർത്തിയിരുന്നപ്പോഴും വോട്ടുബാങ്കിനു വേണ്ടി മാത്രം തീവ്രമതസംഘടനകളെ താലോലിക്കാൻ വി.എസ് തയാറായിരുന്നില്ല. കോളേജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പിന്നീട് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിനെതിരേ 2010ൽ ഡൽഹിയിൽ വി.എസ് നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വർഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിലാണു പോപ്പുലർ ഫ്രണ്ട് ഏർപ്പെടുന്നതെന്ന് അന്ന് വി.എസ് തുറന്നടിച്ചു.
യുവാക്കളെ ഇസ്ലാമിലേക്ക് ആകർഷിക്കാനും മുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കാനും പിഎഫ്ഐ പണം ഒഴുക്കുകയാണെന്നു വരെ അന്ന് മുഖ്യമന്ത്രി പറഞ്ഞു. വി.എസിന്റെ പ്രസ്താവനയ്ക്കെതിരേ ചില മുസ്ലിം സംഘടനകളും യുഡിഎഫും പ്രതിഷേധിച്ചെങ്കിലും പറഞ്ഞതു വസ്തുതകളാണെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ മുഖം നോക്കാതെ പിന്നീടും വി.എസ് നിലപാടുകളെടുത്തു.
കേരളത്തിനു വേണ്ടി ജീവിച്ചു
1990കളുടെ ആരംഭം മുതലാണ് ദീപിക ലേഖകനെന്ന നിലയിൽ വി.എസുമായി പരിചയപ്പെട്ടത്. കേരളത്തെ പിടിച്ചുകുലുക്കിയ പാമോയിൽ ഇറക്കുമതി അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണു വി.എസുമായി കൂടുതൽ അടുത്തത്. പാമോയിൽ ഇടപാടു സംബന്ധിച്ച സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ആദ്യം കിട്ടിയത് ദീപികയ്ക്കായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വി.എസ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്കു ക്ഷണിച്ചു. അന്നു തുടങ്ങിയ ആത്മബന്ധം അവസാനകാലം വരെയും ശക്തമായി തുടർന്നു. മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം പിബി, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനുമായി ഡൽഹിയിലെത്തുന്പോഴൊക്കെ വി.എസുമായി ഏറെ നേരം സംവദിക്കാൻ അവസരം ലഭിച്ചു. തിരുവനന്തപുരത്തെ ജീവിതകാലത്തും പിന്നീടുള്ള യാത്രകളിലും വി.എസുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഡൽഹിയിലെ ആദ്യവരവിൽ വി.എസുമായി ഒരു മണിക്കൂറോളം സമയം നേരിട്ടു ചർച്ച നടത്തിയതു മറക്കില്ല. കേരളത്തിന്റെ വികസന കാര്യങ്ങളിൽ വി.എസിന്റെ കാഴ്ചപ്പാടുകളോടും കർക്കശ നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും ലേഖകന്റെ നിർദേശങ്ങൾക്ക് അദ്ദേഹം എപ്പോഴും വില കൽപിച്ചു.
കൊച്ചി മെട്രോയുടെ സംഭവം
കൊച്ചി മെട്രോ റെയിൽ നിർമാണത്തോടും എക്സ്പ്രസ്വേ നിർമാണത്തോടും തുടക്കം മുതൽ വി.എസിന് എതിർപ്പുണ്ടായിരുന്നു. അഴിമതി മുതൽ അനാവശ്യം വരെയുളള ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ലേഖകനാകട്ടെ രണ്ടു പദ്ധതികളും കേരളത്തിന് അനിവാര്യമാണെന്ന നിലപാടും. മുഖ്യമന്ത്രിയായശേഷം ഡൽഹിയിലെത്തിയപ്പോൾ ഇവയെക്കുറിച്ചു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് അദ്ദേഹം തയാറായി. കേരള ഹൗസിലെ 204-ാം നന്പർ മുറിയിൽ വാതിലടച്ചിട്ടു നടത്തിയ ചർച്ചയിലും ആദ്യം വി.എസ് വഴങ്ങിയില്ല. കൊച്ചി മെട്രോയും അതിവേഗ റോഡും വേണമെന്നതു കേരളത്തിലെ ഭൂരിപക്ഷം ജനതയുടെയും താത്പര്യമാണെന്നു വാദിച്ചപ്പോൾ, വി.എസ് എതിർത്തു. ഇടയ്ക്ക് അൽപം രോഷാകുലനായി. "എങ്കിൽ താങ്കളങ്ങ് എഴുതിയുണ്ടാക്ക്’ എന്നു വരെ പറഞ്ഞു. വാക്കുകളിലെ ഗൗരവം പക്ഷേ മനസിലുണ്ടായില്ല.
കുറച്ചുനേരം കൂടി സംസാരിച്ചപ്പോൾ, ഡൽഹി മെട്രോ കാണാൻ പോകാമെന്നു മുഖ്യമന്ത്രി സമ്മതിച്ചു. ഡൽഹി മെട്രോ തലവനായിരുന്ന ഇ. ശ്രീധരനുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയോടു സംസാരിക്കാമെന്ന് ശ്രീധരൻ പറഞ്ഞു. ശ്രീധരനുമായി വി.എസ് നടത്തിയ ചർച്ചയിൽ പെട്ടെന്നു മഞ്ഞുരുകി.
പിറ്റേന്നു രാവിലെ തന്നെ ഡൽഹി മെട്രോയിൽ കേരള മുഖ്യമന്ത്രിയുടെ സഞ്ചാരത്തിനായി വേണ്ട ക്രമീകരണങ്ങൾ ശ്രീധരൻ നേരിട്ടു ചെയ്തു. ആ മെട്രോ ട്രെയിൻ യാത്രയിൽ മുഖ്യമന്ത്രിയോടൊപ്പം ശ്രീധരനും ദീപിക ലേഖകനും ഉണ്ടായിരുന്നു. മെട്രോ ട്രെയിൻ യാത്ര വി.എസിന് നന്നായി ബോധിച്ചു. തിരികെയെത്തിയപ്പോൾ ഇതു കേരളത്തിനുമാകാം എന്ന നിലപാടിലേക്കു അയഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെട്ടാൽ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് പ്രധാനമെങ്കിൽ, വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയാറായിരുന്നു, അതാണ് വി.എസ്.
ദീപികയുടെ സ്നേഹിതൻ
ദീപികയുടെ 125-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തിനായി 2013 ഏപ്രിലിൽ കോട്ടയത്തു നടന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ പങ്കെടുത്തു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത ശതോത്തര രജത ജൂബിലി സമാപനത്തിൽ ദീപികയുടെ ശക്തിയും പ്രസക്തിയും ഊന്നിപ്പറയാൻ വി.എസ് മടിച്ചില്ല. ദീപികയുടെ സത്യസന്ധമായ പത്രപ്രവർത്തനത്തെ അദ്ദേഹം ശ്ലാഘിച്ചു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മന്ത്രിമാരായ കെ.എം. മാണി, കെ.വി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു തുടങ്ങിയവരെയെല്ലാം സാക്ഷി നിർത്തിയായിരുന്നു വി.എസിന്റെ പ്രസംഗം. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് ദീപികയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ചെയ്തത്. ഒരിക്കൽ തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിന് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന ആഗ്രഹം അറിയിച്ചു.
ക്ലിഫ് ഹൗസിനടുത്താണ് വീടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെയോ, മുഖ്യമന്ത്രി അദ്ദേഹത്തെയോ മുന്പു പരിചയപ്പെട്ടിട്ടില്ല. സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി വി.എസിനെ വിവാഹത്തിനു ക്ഷണിച്ചു. വരുമെന്നു മുഖ്യമന്ത്രി ഉറപ്പു പറഞ്ഞില്ല. പക്ഷേ വിവാഹദിവസത്തിനു മുന്പായി മുഖ്യമന്ത്രി ആ വീട്ടിൽ ചെന്നു. നല്ല സുഹൃത്തുക്കൾ പറയുന്നതു കേൾക്കാൻ എന്നും വി.എസ് പ്രത്യേക താത്പര്യം കാണിച്ചു. എന്നാൽ, രാഷ്ട്രീയത്തിലെയും ഭരണത്തിലെയും ചില സുഹൃത്തുക്കൾ അദ്ദേഹത്തിനു തന്നെ പാരയായെന്നു എതിരാളികൾ പറയുന്നു.
ജനകീയ സംശുദ്ധ നേതാവ്
കേരള ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ജനകീയ പോരാളിയും നായകനുമായി വി.എസ് ഏറെക്കാലം കേരളജനതയുടെ ഹൃദയത്തിലുണ്ടാകും. അഴിമതിക്കെതിരേ പോരാടിയ സംശുദ്ധ രാഷ്ട്രീയക്കാരനെന്നതു വി.എസ് അറിയാതെ കൈവന്ന കിരീടമാണ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഭരണത്തിലും വി.എസിന് പകരം വി.എസ് മാത്രം.
Tags : vs achuthanandan vs ldf leader formerchiefminister communist keralagovernment