ADVERTISEMENT
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും നന്നാക്കുകയോ പുനര്‍നിർമിക്കുകയോ ചെയ്തുവോ എന്നു ചോദിച്ചാല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
ഉരുള്‍പൊട്ടിയതിനു ശേഷമുളള അതേ അവസ്ഥയാണ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോളും വിലങ്ങാട് മേഖലയില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതിലൂടെ 1.56 കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം പ്രാഥമികമായി കണക്കാക്കിയത്.
വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയപാനോം, ചെറിയപാനോം തുടങ്ങിയ മേഖലകളിലേക്കുള്ള റോഡ് തകര്‍ന്ന് നാട്ടുകാര്‍ ഒറ്റപ്പെട്ടിരുന്നു. റോഡ് കുറുകെ മുറിഞ്ഞുപോയ സ്ഥലത്ത് പൈപ്പുകളിട്ട് അതിനു മുകളില്‍ കരിങ്കല്‍പ്പൊടി നിറച്ചിട്ടുണ്ട്. അതിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വലിയ മഴ പെയ്താല്‍ പൈപ്പുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതിലധികം മലവെള്ളമാണ് ഉരുള്‍പൊട്ടിയ ചാലിലൂടെ കുതിച്ചെത്തുന്നത്.
മലവെള്ളപ്പാച്ചിലില്‍ ഏതു സമയവും റോഡു തകരുമെന്നതാണ് അവസ്ഥ. വിലങ്ങാട് പള്ളിക്കു മുന്‍വശത്തുകൂടി കടന്നുപോകുന്ന റോഡ് മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞത് ഇന്നും അതേപടി സ്ഥിതി ചെയ്യുന്നു. തൊട്ടുചേര്‍ന്നൊഴുകുന്ന പുഴയിലേക്ക് ഏതു സമയവും റോഡ് ഇടിയാം.
വിലങ്ങാട് അങ്ങാടിയോടു ചേര്‍ന്നൊഴുകുന്ന പുഴയുടെ കരയിലാണ് ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പല കെട്ടിടങ്ങളുടെയും ഭിത്തികളും തറകളും ഇടിഞ്ഞ് പുഴയിലേക്ക് ചെരിഞ്ഞാണ് നില്‍ക്കുന്നത്. താത്കാലികമായിട്ടാണെങ്കില്പോലും അപകടമൊഴിവാക്കാന്‍ ഇവിടെ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടായിട്ടില്ല.
വിലങ്ങാട് ടൗണ്‍ പാലം ഉയരം കൂട്ടി പുനര്‍നിർമിച്ചാല്‍ ടൗണിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാം. ചപ്പാത്ത് മാതൃകയിലുള്ള ഉയരം കുറഞ്ഞ പാലം മലവെള്ളപ്പാച്ചിലിനു തടസമാകുമ്പോഴാണ് ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം അടിച്ചുകയറുന്നത്. ഇക്കാര്യം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് വിനോയി ജോസഫ് പറഞ്ഞു.
കെസിബിസിയുടെ വീടുനിര്‍മാണം ദ്രുതഗതിയില്‍
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവരില്‍ 31 ആളുകള്‍ക്ക് 15 ലക്ഷം രൂപ വീതം നല്കിയതല്ലാതെ സര്‍ക്കാര്‍ ആര്‍ക്കും വീട് നിര്‍മിച്ചു നല്‍കിയിട്ടില്ല. വാസയോഗ്യമായ സ്ഥലം വാങ്ങാനും തുടര്‍ന്ന് അതില്‍ വീടു നിര്‍മിക്കാനും 15 ലക്ഷം തികയില്ലെന്നതു വസ്തുതയാണ്.
ചെറിയൊരു കൂര വയ്ക്കാമെന്നു വിചാരിച്ചാല്‍തന്നെ നിര്‍മാണം പൂര്‍ത്തിയാകുംവരെ മാസങ്ങളോളം വാടകവീട്ടില്‍ കഴിയണം. ഇതിനു പുറമെ മറ്റു ജീവിതച്ചെലവുകള്‍. വാടകവിതരണം സര്‍ക്കാര്‍ നിർത്തലാക്കുകയും ചെയ്തു. ഇത്തരമൊരു വിഷമഘട്ടത്തിലാണ് കെസിബിസിയുടെ ഭവനനിര്‍മാണ പദ്ധതി ദുരിതബാധിതര്‍ക്ക് മഹാ അനുഗ്രഹമായത്. കെസിബിസിയും അതത് സ്ഥലങ്ങളിലെ രൂപതകളും ചേര്‍ന്ന് വയനാട് മുണ്ടക്കൈ, വിലങ്ങാട് മേഖലകളില്‍ 100 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
41 വീടുകള്‍ വിലങ്ങാട്ടും 59 വീടുകള്‍ വയനാട്ടിലുമാണ് നിര്‍മിച്ചു നല്‍കുന്നത്. താമരശേരി രൂപതയുടെ സാമ്പത്തിക സഹായത്തോടെ കെസിബിസി വിലങ്ങാട്ട് ഇതിനകം അഞ്ചുവീടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് കെസിബിസിയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് (ജെപിഡി) കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ പറഞ്ഞു.
ഉരുള്‍പൊട്ടല്‍ സംഭവിച്ച് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ, പ്രതികൂല കാലാവസ്ഥയിലും നൂലാമാലകള്‍ക്കിടയിലും ഏതാനും വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കെസിബിസിക്ക് കഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയായ വീടുകളില്‍ ദുരിതബാധിതര്‍ താമസമാരംഭിച്ചുകഴിഞ്ഞു.
36 വീടുകളുടെ നിര്‍മാണം ദ്രുതഗതിയിലാണ്. 15 ലക്ഷം രൂപ ചെലവില്‍ ഏകദേശം 1000 സ്ക്വയര്‍ഫീറ്റുള്ള വീടുകളാണ് കെസിബിസി നിര്‍മിക്കുന്നത്. വാണിമേല്‍ പഞ്ചായത്തില്‍ കെസിബിസിയുടെ വീടുനിര്‍മാണം ആരംഭിച്ചതിനുശേഷമാണ് ഈ പ്രദേശങ്ങളില്‍ വീട് അടക്കമുള്ള നിര്‍മാണങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. മേയ് മുതല്‍ തുടരുന്ന മഴ തടസമാണെങ്കിലും വീടു നിര്‍മാണം പരമാവധി വേഗത്തിലാക്കാന്‍ ഫാ. ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തില്‍ കഠിനശ്രമം നടത്തുന്നുണ്ട്.
ഷാഫി പറമ്പില്‍ എംപിയും ദുരിതബാധിതര്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എംപിയുടെ രണ്ടാമത്തെ വീടിനു കഴിഞ്ഞദിവസം തറക്കല്ലിട്ടു. ചില തദ്ദേശ സ്ഥാപനങ്ങള്‍ വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.
അവഗണനയുടെ നേർസാക്ഷ്യമായി ടിന്റുവിന്റെ കുടുംബം
“മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഒഴുക്കായിരുന്നു. എന്തോരം വാഗ്ദാനങ്ങളായിരുന്നു. സര്‍ക്കാര്‍ പലതും പറഞ്ഞു. പക്ഷെ ഇപ്പോ അനക്കമൊന്നുമില്ല. ആളും ആരവങ്ങളുമെല്ലാം നിലച്ചു. ആര്‍ക്കാണ് കിട്ടിയത്, കിട്ടാത്തത് എന്നൊന്നും ആരും അന്വേഷിക്കുന്നില്ല. വില്ലേജ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് പരാതികള്‍ കൊടുത്തതിനു കണക്കില്ല. മടുത്തു'... അത്രയും പറഞ്ഞപ്പോഴേക്കും വിലങ്ങാട് ചെറിയപാനോം പാലോളില്‍ സജിയുടെ ഭാര്യ ടിന്റുവിന്റെ വാക്കുകളെ കണ്ണീര് വിഴുങ്ങി. 2024 ജൂലൈ 30ന് വിലങ്ങാട്, മഞ്ഞച്ചീളി മേഖലകളില്‍ സംഹാരതാണ്ഡവമാടിയ ഉരുള്‍പൊട്ടലിന്റെ ദുരിതമേറ്റുവാങ്ങി മരവിച്ചു ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങളുടെ പ്രതിനിധിയാണ് ടിന്റു.
ലോഡിംഗ് തൊഴിലാളിയായ ഭര്‍ത്താവ് സജി നട്ടെല്ലിനും കാല്‍മുട്ടിനും ശസ്ത്രക്രിയയ്ക്ക് വിധേയനായി വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് ഉരുള്‍പൊട്ടിയത്. ഭര്‍ത്താവിനെയും കുട്ടികളെയും താങ്ങിപ്പിടിച്ചു മരണത്തിന്റെ വക്കില്‍നിന്നു കുന്നിന് മുകളിലേക്ക് ഓടിക്കയറിയതിന്റെ നടുക്കുന്ന ഓര്‍മകളിന്നും ടിന്റുവിനെ വേട്ടയാടുന്നുണ്ട്.
18 ദിവസം ടിന്റുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞു. ടിന്റു സജിയുടേതടക്കം അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മൂന്നു വീടുകള്‍ക്കു കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയാണു മലവെള്ളം കുത്തിയൊലിച്ചത്. ഒരേ നിരയില്‍ സ്ഥിതിചെയ്യുന്ന മൂന്നു വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
വീടിനുള്ളിലാകെ വെള്ളം കയറി. ഇനി ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നു പഞ്ചായത്തും മറ്റ് അധികൃതരും മുന്നറിയിപ്പു നല്‍കുകയും ചെയ്തു. സജിയുടെ ആകെ സമ്പാദ്യമായ 10 സെന്റ് സ്ഥലം ഒലിച്ചുപോയി. ഉരുള്‍പൊട്ടലില്‍ രൂപപ്പെട്ട പുഴയോടു തൊട്ടുചേര്‍ന്ന് ദുരന്തസ്മാരകംപോലെ വീട് സ്ഥിതി ചെയ്യുന്നു. വീടിന്റെ മുറ്റത്തുകൂടിയാണ് ഇപ്പോള്‍ പുഴ ഒഴുകുന്നത്.
വലിയ ഒരു മഴ പെയ്താല്‍ ഏതുസമയവും വീടിനെ മലവെള്ളപ്പാച്ചില്‍ കവരാം. ഇത്രയധികം നാശനഷ്ടങ്ങള്‍ സംഭവിച്ച ടിന്റുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നു കരുതിയാല്‍ തെറ്റി. വിലങ്ങാടിന്റെ ഇപ്പോഴത്തെ യഥാര്‍ഥ അവസ്ഥയെന്താണെന്നു വരച്ചുകാട്ടാന്‍ ഈ കുടുംബത്തിന്റെ ദുരിതകഥ മാത്രം മതി.
ആദ്യത്തെ പുനരധിവാസ ലിസ്റ്റില്‍നിന്ന് സര്‍ക്കാര്‍ സജിയെ തഴഞ്ഞു. അതേസമയം തൊട്ടടുത്തുള്ള രണ്ടു വീട്ടുകാര്‍ക്കും സര്‍ക്കാര്‍ 15 ലക്ഷം രൂപ വീതം നല്കി. ഇതിന്റെ മാനദണ്ഡം ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അറിയൂ. വാടകവീട്ടില്‍ കഴിയുന്ന സജിയും ടിന്റുവും ജീവിതച്ചെലവിനു വക കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്.
ക്യാമ്പില്‍ കഴിഞ്ഞതിന് 10,000 രൂപയും 6,000 രൂപ വീതം ഏഴുമാസം വീട്ടുവാടകയും സജിക്ക് സര്‍ക്കാരില്‍നിന്നു ലഭിച്ചു. ഇപ്പോള്‍ യാതൊരു സഹായവും ലഭിക്കുന്നില്ല. പക്ഷേ, ഈ കുടുംബം വാടകവീട്ടില്‍ തുടരുകയാണ്. വലിയപാനോത്ത് തയ്യല്‍ക്കട നടത്തുകയാണ് ടിന്റു. ഒടുവില്‍ ഈ കുടുംബത്തെ സഹായിക്കാന്‍ കെസിബിസി മുന്നോട്ടു വന്നിരിക്കുകയാണ്.
വായാടിനെ മറന്നു, ബിനോച്ചനെയും
വിലങ്ങാട് അടിച്ചിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ ദിവസംതന്നെയാണു നരിപ്പറ്റ പഞ്ചായത്തിലെ വായാടും ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. വയനാട് മുണ്ടക്കൈയില്‍ നൂറുകണക്കിനുപേര്‍ മണ്ണിനടിയില്‍പ്പെട്ട വലിയ ദുരന്തത്തിന്റെ ആഘാതത്തില്‍ വിലങ്ങാട്ടെയും വായാടെയും പ്രകൃതിദുരന്തത്തിന്റെയും ആഴവും വ്യാപ്തിയും ആഘാതവും പുറംലോകമറിയാന്‍ വൈകി.
വാണിമേല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന വിലങ്ങാട്ടെ ഉരുള്‍ദുരന്തത്തിന്റെ രൂക്ഷത സാവധാനമാണ് പുറംലോകമറിഞ്ഞത്. എന്നിട്ടും വായാട്ടെ ഉരുളിന്റെ കെടുതികള്‍ പുറത്തറിയാന്‍ വീണ്ടും ആഴ്ചകളെടുത്തു. വായാട് പ്രദേശത്ത് മനുഷ്യജീവന് നഷ്ടപ്പെട്ടില്ലെന്നേയുള്ളൂ. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി.
വായാട്ടെ ഉരുളിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കൂലിപറമ്പില്‍ ബിനോച്ചന്‍. ആകെയുള്ള അഞ്ചു സെന്റ് സ്ഥലം ഉരുളെടുത്തു. വീട് ഏറെക്കുറെ തകര്‍ന്നു. ഇനി ഈ വീട്ടില്‍ താമസിക്കാന്‍ കഴിയില്ല. ഉടുതുണിയോടെ ഓടി രക്ഷപ്പെട്ട ബിനോച്ചന്‍ 14 ദിവസം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞതിന് 10,000 രൂപ മാത്രമാണ് ലഭിച്ചത്. ജീവനോപാധി എന്ന നിലയില്‍ സര്‍ക്കാര്‍ മറ്റുള്ളവര്‍ക്ക് നല്കിയ സാമ്പത്തിക സഹായം നിഷേധിക്കപ്പെട്ടു. റവന്യു അധികാരികള്‍ വായാട് ഉരുള്‍പൊട്ടലിന്റെ രൂക്ഷത മറച്ചുവച്ചുവെന്നാണു പ്രദേശവാസികളുടെ ആരോപണം. സര്‍ക്കാരില്‍നിന്ന് വീട്ടുവാടക ലഭിച്ചിട്ടില്ല.
എങ്കിലും ഇപ്പോഴും വാടകവീട്ടില്‍ തുടരുകയാണ് ബിനോച്ചന്‍. ഭാര്യ ജ്യോതി, മകന് ലെവിന്‍ എന്നിവരടങ്ങുന്നതാണ് ടൈല്‍സ് തൊഴിലാളിയായ ബിനോച്ചന്റെ കുടുംബം.
ദുരന്തഭീതിയില്‍ ഒട്ടേറെ പേര്
സര്‍ക്കാരിന്റെ പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഒട്ടേറെ അര്‍ഹര്‍ വിലങ്ങാട്, മഞ്ഞക്കുന്ന് പ്രദേശങ്ങളിലുണ്ടെന്ന് മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ബോബി പൂവത്തിങ്കല്‍ ചൂണ്ടിക്കാട്ടുന്നു. നാശനഷ്ടമുണ്ടായവര്‍ സഹിക്കട്ടെയെന്നതാണ് നിലവിലുള്ള അവസ്ഥ.
രണ്ടാംഘട്ട പുനരധിവാസ പദ്ധതിയെക്കുറിച്ച് അധികൃതര്‍ മൗനംപാലിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഫാ. ബോബി പൂവത്തിങ്കല്‍ പറഞ്ഞു. മഞ്ഞക്കുന്ന് ഇടവകയിലെ 227 കുടുംബങ്ങളില്‍ നാൽപ്പതോളംപേരെ ഉരുള്‍പൊട്ടല്‍ ബാധിച്ചിട്ടുണ്ട്. ഇവരില്‍ പലരും ലിസ്റ്റില്‍ നിന്നു തഴയപ്പെട്ടിട്ടുണ്ട്.
കത്തോലിക്കാ സഭയാണ് ഇത്തരക്കാരെ സഹായിക്കാന്‍ സന്നദ്ധമായി മുന്നോട്ടുവന്നിരിക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പല നടപടികളും തിരിച്ചടിയായെന്നു മഞ്ഞക്കുന്ന് പള്ളി പാരിഷ് സെക്രട്ടറി വില്‍സണ്‍ കുന്നക്കാട്ട് പറഞ്ഞു. ഉരുള്‍പൊട്ടിയ വിലങ്ങാട് നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള കരിംകുളം പ്രദേശത്തും റവന്യു അധികൃതര്‍ വീടുകള്‍ നിര്‍മിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടി മൂലം പലരും സ്വന്തം നാട് വിട്ടുപോകാന്‍ നിബന്ധിതരായെന്നും വില്‍സണ്‍ പറയുന്നു. മഞ്ഞക്കുന്ന് നിന്നും നാൽപ്പതോളം കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറി.
വിലങ്ങാട് മേഖലയില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ആളുകളുടെ സുരക്ഷിതത്വം അടിയന്തരമായി ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വിലങ്ങാട് ഫൊറോന പള്ളി വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ അഭിപ്രായപ്പെ