കഴിഞ്ഞ രണ്ടാഴ്ച കേരളത്തിലെ രാഷ്ട്രീയശക്തികൾക്കിടയിൽ പൊതുവായൊരു ഐക്യം ദൃശ്യമായിരുന്നു. എൽഡിഎഫ് ഭരണത്തെ മൂന്നാംതവണയും അധികാരത്തിലെത്തിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളെയും അതിശക്തമായി എതിർക്കുന്ന കാര്യത്തിലായിരുന്നു ഈ ഐക്യം.
എന്നാൽ, അതിനുവേണ്ടി നടപ്പാക്കേണ്ട തന്ത്രങ്ങളിലും അടവുകളിലും മാർഗങ്ങളിലും അവർക്കിടയിൽ ഭിന്നതയുണ്ടായിരുന്നു. എൽഡിഎഫിനെ എതിർക്കുന്നതിന് ഐക്യമുണ്ടാക്കാനും എല്ലാ പ്രശ്നങ്ങളും ദൃഢനിശ്ചയത്തോടെ പരിഹരിച്ചു നല്ല ഫലത്തിനായി സമവായം ഉണ്ടാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ എതിർക്കുന്ന രാഷ്ട്രീയശക്തികളെ പുനഃസംഘടിപ്പിക്കുന്നതിൽ ഉടനടി തീരുമാനമെടുക്കണം എന്നതും, അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് സമയം പാഴാക്കാതെ ഈ ദൗത്യം ഏറ്റെടുത്തു മുന്നോട്ടു പോകണം എന്നതുമാണ് ഒടുവിൽ ഉരുത്തിരിഞ്ഞ പ്രധാന കാര്യം. പരിപാടികൾ, നയങ്ങൾ, നേതൃത്വം എന്നിവയുൾപ്പെടെ ഈ ദൗത്യം എത്രത്തോളം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് യാഥാർഥ്യങ്ങളെ നേരിടുമ്പോൾ വ്യക്തമാകും.
കെപിസിസി പുനസംഘടന
ഒത്തുതീർപ്പിലൂടെയുള്ള ഒരു മധ്യപാത നിർദേശിച്ചുകൊണ്ട്, കെപിസിസി പുനഃസംഘടന ഭിന്നതകളില്ലാതെ ആരംഭിക്കാമെന്നു തിരുവനന്തപുരത്ത് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇതിനു നിരവധി പ്രതികരണങ്ങളുണ്ടായി. കെപിസിസി, ഡിസിസി പുനഃസംഘടനയെക്കുറിച്ചുള്ള തീരുമാനം ഉടൻ എടുക്കണമെന്നായിരുന്നു ഒരാവശ്യം. നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നവർ നിലമ്പൂർ തെരഞ്ഞെടുപ്പുവിജയത്തിലൂടെ ഇപ്പോൾ യുഡിഎഫിനു കിട്ടിയ നല്ല പ്രതിച്ഛായയ്ക്കു കോട്ടം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അഭിപ്രായമുയർന്നു. പി.വി. അൻവറിനു ലഭിച്ച വോട്ടുകളുടെ എണ്ണം കണക്കിലെടുത്ത് അദ്ദേഹത്തെ യുഡിഎഫിൽ ഉൾപ്പെടുത്തണമെന്നു മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഓൺലൈനിൽ ഒരു നിർദേശം വച്ചപ്പോൾ, അൻവറിന്റെ പിന്തുണയില്ലാതെയാണ് യുഡിഎഫ് ജയിച്ചതെന്ന് റോജി എം. ജോൺ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം അംഗങ്ങളും ഈ വിഷയത്തിൽ ഒരു പരാമർശവും ആവശ്യമില്ലെന്ന പക്ഷത്തായിരുന്നു.
ക്യാപ്റ്റനും മേജറും
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പുവിജയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ "ക്യാപ്റ്റൻസി'യിലേക്കു ചേർത്തുവച്ചതിനെത്തുടർന്ന് വിവാദമുണ്ടായി. ഈ റിപ്പോർട്ടിനോടു പ്രതികരിച്ചുകൊണ്ട് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും യുഡിഎഫ് നിരവധി ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ടെന്ന് ഓർമിപ്പിച്ചു. അന്നൊന്നും മാധ്യമങ്ങൾ തനിക്ക് "ക്യാപ്റ്റൻ' എന്ന ബഹുമതി നൽകിയില്ലെന്നും മാധ്യമങ്ങൾ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സതീശൻ ഉടൻതന്നെ "ക്യാപ്റ്റൻ' പദവി ഉപേക്ഷിക്കുകയും ഉപതെരഞ്ഞെടുപ്പു വിജയം "ടീം യുഡിഎഫിനു' സമർപ്പിക്കുകയും ചെയ്തു. ചെന്നിത്തലയെ "മേജർ' പദവിയിലുള്ള നേതാവായി അദ്ദേഹം പ്രശംസിച്ചു. യുഡിഎഫ് നേതൃത്വം വിഭാഗീയവും ഗുണഫലം കൈക്കലാക്കാനായി വഴക്കടിക്കുന്നവരുമാണെന്നായിരുന്നു ഇതിനെക്കുറിച്ച് എൽഡിഎഫിന്റെ വിമർശനം. എന്നിരുന്നാലും, "ടീം വർക്ക്' ഉയർത്തിപ്പിടിച്ച് കെപിസിസി ഈ വിവാദം കെടുത്തി. ഇതൊരു നല്ല തീരുമാനമായിരുന്നു. കാരണം, ഭാവിയിൽ ലെഫ്റ്റനന്റിൽ തുടങ്ങി ഫീൽഡ് മാർഷൽ വരെയുള്ള പദവികൾ നൽകി നേതാക്കളെ ആദരിക്കാൻ ആവശ്യമുയർന്നേനെ! ഒരുപക്ഷേ, ഇത് കൂടുതൽ പിളർപ്പുകൾ ഒഴിവാക്കുകയും പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാർട്ടിയിൽ മികച്ച അച്ചടക്കം നടപ്പാക്കുകയെങ്കിലും ചെയ്യും.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ പട്ടേൽ തുടങ്ങിയ പ്രഗത്ഭരായ നേതാക്കൾ നയിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയതാണ് ഈ പാർട്ടി. മതേതരത്വത്തിലും സോഷ്യലിസത്തിലും അധിഷ്ഠിതമായ പാർലമെന്ററി ജനാധിപത്യത്തിന് ഇന്ത്യയിൽ അടിത്തറയിടുകയും ചെയ്തു. ഇതേ മതേതരത്വവും സോഷ്യലിസവുമാണ് നിലവിലുള്ള ഭരണാധികാരികൾ ഇന്ത്യൻ ഭരണഘടനയിൽനിന്നു നീക്കം ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്.
വേണ്ടത് ഐക്യം
കെപിസിസിയുടെ മുൻ പ്രസിഡന്റും മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല, പാർട്ടി പൂർണമായ ഐക്യത്തോടെ മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു, “ഞാൻ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് എല്ലാ നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോയിരുന്നു. അന്നു നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് ജയിച്ചു. പുതിയ നേതൃത്വവും എല്ലാ നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോകണം.” ഈ നിർദേശത്തിനു കാര്യമായ പ്രതികരണമുണ്ടായില്ല. പാർട്ടി ഐക്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ശശി തരൂരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. “തരൂരിനെ പാർട്ടി കൂടെ കൊണ്ടുപോകണം. എന്നാൽ, ഇക്കാര്യം കോൺഗ്രസ് നേതൃത്വമാണു തീരുമാനിക്കേണ്ടത്. തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സാധാരണ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ട്. ബിജെപിയെ പിന്തുണച്ച അദ്ദേഹത്തിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല” - ചെന്നിത്തല കൂട്ടിച്ചേർത്തു. നയതന്ത്രപരമായ ചുമതലകളിൽ തരൂരിനെ ഉപയോഗപ്പെടുത്താമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തോന്നി. ഇന്ത്യൻ സ്ത്രീകളുടെ "സിന്ദൂര' സംരക്ഷണത്തിലും പഹൽഗാമിൽ സ്ത്രീകളെ അപമാനിച്ച ഭീകരരുടെ നടപടികളിലും ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ പല രാജ്യങ്ങളിലേക്കും അദ്ദേഹത്തെ അയച്ചു. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാം. എന്നാൽ, തരൂർ ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും ജനപ്രിയനാണ്. കേരളത്തിലെ കോൺഗ്രസിന്റെ സജീവ അംഗമെന്ന നിലയിൽ, പ്രത്യേകിച്ചും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തെ പാർട്ടിക്ക് അദ്ദേഹം മുതൽക്കൂട്ടായിരിക്കും. ചെന്നിത്തലയുടെ നിർദേശം കേരളത്തിനകത്തും പുറത്തുമുള്ള പാർട്ടിക്ക് ഒരുതരത്തിൽ ഗുണകരമാണ്.
യുവാക്കളെ പരിഗണിക്കണം
രമേശ് ചെന്നിത്തല അടുത്തിടെ വി.ഡി. സതീശനെ കോൺഗ്രസിന്റെ വളരെ പ്രധാനപ്പെട്ട നേതാവ് (മിടുമിടുക്കനായ നേതാവ്) എന്ന് വിശേഷിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയ പരിശീലന ക്യാമ്പിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്. പ്രസംഗങ്ങളിലും ആലപ്പുഴയിലെ പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും സതീശൻ വിദഗ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ യുവാക്കളെ ആകർഷിക്കാനും പാർട്ടിയിലേക്കു യുവാക്കളെ ആകർഷിക്കുന്ന നയങ്ങൾ രൂപീകരിക്കാനും അദ്ദേഹം യൂത്ത് കോൺഗ്രസിനോട് ആവശ്യപ്പെട്ടു. കൂടാതെ, യുവാക്കളെ പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങളിലേക്കു കൊണ്ടുവരാനും അവർക്കു വിജയസാധ്യതയുള്ള സീറ്റുകൾ നൽകാനും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. സമീപമാസങ്ങളിൽ അദ്ദേഹത്തിന്റെ മുഴുവൻ ശ്രദ്ധയും കോൺഗ്രസിനെ എല്ലാ തലങ്ങളിലും ഒന്നിപ്പിക്കാനും പാർട്ടിയിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാനുമായിരുന്നു. ഒരുതരത്തിൽ, തെരഞ്ഞെടുപ്പിനു മുമ്പു പാർട്ടിയെ താഴെത്തട്ടു മുതൽ മുകളറ്റം വരെ ശക്തിപ്പെടുത്തുന്നതിനും ശക്തമായ ഒരു തെരഞ്ഞെടുപ്പു സംവിധാനം സജ്ജമാക്കുന്നതിനും അത്യന്താപേക്ഷിതമായ നീക്കത്തിന് അദ്ദേഹം തുടക്കമിട്ടു. ഇതുപോലെ കൂടുതൽ നേതാക്കൾ പാർട്ടിയെ ഒന്നിപ്പിച്ചു തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിച്ചാൽ പാർട്ടിയിലെ അഭിപ്രായവ്യത്യാസങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. സിപിഎം നേതൃത്വത്തിലുള്ള മുന്നണിക്കു മൂന്നാംതവണയും അധികാരം ലഭിക്കുന്നത് തടയാനുള്ള ധീരമായ ശ്രമമാണിത്.