ADVERTISEMENT
വിഎസ് എന്ന രണ്ടക്ഷരത്തിനു സമരം എന്നുകൂടി അർഥമുണ്ട്. കേരളം കണ്ട പ്രധാനപ്പെട്ട എല്ലാ ജനകീയപ്രക്ഷോഭങ്ങളുടെയും മുൻനിരയിൽ വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്റെ ആദർശധീരതയും നെഞ്ചുറപ്പുമാണ് അദ്ദേഹത്തെ കലാപകാരിയാക്കിയത്. തീയിൽ കുരുത്തത് വെയിലത്തു വാടില്ലെന്ന ചൊല്ല് വി.എസിനെ സംബന്ധിച്ചു തികച്ചും അർഥവത്താണ്.
പുന്നപ്ര വയലാറിലും മതികെട്ടാൻമലയിലും പ്ലാച്ചിമടയിലും മൂന്നാറിലും കോവളത്തും... അങ്ങനെയങ്ങനെ എണ്ണമറ്റ സമരപഥങ്ങളിലൂടെയാണ് വി.എസ് അക്ഷീണനായി നടന്നുകയറിയത്. പി. കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും പകർന്നുകൊടുത്ത പോരാട്ടവീര്യത്തിന്റെയും കമ്യൂണിസ്റ്റ് ബോധത്തിന്റെയും കനൽ പ്രായത്തിന്റെ അവശതകളിലും വി.എസ് കൈവിടാതെ കാത്തു.
രാഷ്ട്രീയപ്രവർത്തനത്തിനും പ്രതികരണത്തിനും വി.എസിനു പ്രായം പ്രശ്നമായിരുന്നില്ല. പാർട്ടിക്കു പുറത്തെപ്പോലെ പാർട്ടിക്കുള്ളിലും സമരത്തിന്റെ വാൾമുന വി.എസ് ഉറയിലിട്ടില്ല. പാർട്ടിയുടെ അടവുകളിലും തന്ത്രങ്ങളിലും വ്യതിയാനങ്ങളും വ്യതിചലനങ്ങളും വന്നുഭവിച്ചപ്പോൾ അദ്ദേഹം അഗാധമായി ദുഃഖിച്ചു. ചിലപ്പോഴൊക്കെ നേതൃത്വത്തോടു കലഹിച്ചു. അപ്പോഴൊക്കെയും ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഈ കമ്യൂണിസ്റ്റുകാരനിലെ പഴയ പോരാളി സടകുടഞ്ഞുണരുകയായിരുന്നു. സിപിഎം രൂപീകരിച്ച നേതാക്കളിൽ ഏകവ്യക്തിയായി അവശേഷിച്ചപ്പോഴും വി.എസ് ഓരോ ശിക്ഷാനടപടിയും അച്ചടക്കത്തോടെ ഏറ്റുവാങ്ങി. അപ്പോഴൊക്കെയും അദ്ദേഹം കൂടുതൽ ഉറച്ച കമ്യൂണിസ്റ്റുകാരനാകുകയായിരുന്നു.
ദാരിദ്ര്യത്തിൽനിന്ന് നേതൃനിരയിലേക്ക്
പട്ടിണിയുടെയും നിരാലംബതയുടെയും ഇരുട്ടിൽനിന്നാണു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ വളർന്നുവന്നത്. പതിനൊന്നാം വയസിൽ അമ്മ നഷ്ടപ്പെട്ട കുട്ടി. വിശപ്പടക്കാൻ ഭക്ഷണമില്ലാതെയും മറ്റുള്ള കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ച് സ്കൂളിൽ പോകാനാവാതെയും വളർന്ന ബാലൻ. പക്ഷേ അനീതികൾക്കെതിരായ ധീരമായ മുന്നേറ്റം ആ ബാലനിൽ പ്രകടമായിരുന്നു. കളർകോട് അന്പലത്തിൽക്കൂടി സ്കൂളിലേക്കു നടന്നുപോയിരുന്ന കറുത്തു മെല്ലിച്ച അച്യുതാനന്ദനെ ചില സവർണ ബാലന്മാർ തടഞ്ഞുനിർത്തി തല്ലി. അടുത്ത ദിവസവും അതേ സ്ഥലത്തു കാത്തുനിന്ന സവർണ ബാലന്മാരെ അച്യുതാനന്ദൻ ഒറ്റയ്ക്കു തല്ലിയോടിച്ചു. അയിത്തത്തിനും ജാതിക്കോയ്മയ്ക്കും എതിരായുള്ള അച്യുതാനന്ദന്റെ ആദ്യപ്രക്ഷോഭമായിരുന്നു അത്.
ജ്യേഷ്ഠന്റെ തയ്യൽക്കടയിലിരുന്നുകൊണ്ടായിരുന്നു അച്യുതാനന്ദന്റെ ആദ്യകാല പാർട്ടി വിദ്യാഭ്യാസം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമടക്കമുള്ള കമ്യൂണിസ്റ്റ് താത്വികഗ്രന്ഥങ്ങൾ വായിച്ചതോടെ ലോകോത്തരമായ ആശയലോകവും സമത്വത്തെക്കുറിച്ചുള്ള സുവർണ പ്രതീക്ഷകളും അച്യുതാനന്ദന്റെ മനസിൽ കൂടുകെട്ടി.
കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളുടെ മുണിപ്പോരാളിയായി നിന്നുകൊണ്ടാണ് വി.എസ് തന്റെ ജനകീയ സമരപരന്പരകൾക്കു തുടക്കം കുറിച്ചത്. ജ്യേഷ്ഠൻ ഗംഗാധരന്റെ തയ്യൽക്കടയിൽ സഹായിയായി പ്രവർത്തിച്ചുവന്ന വേളയിലാണ് അച്യുതാനന്ദൻ കർഷകത്തൊഴിലാളികളുടെ ദൈന്യവും വിഷമതകളും കണ്ടറിഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടത്. ജന്മിത്തത്തിനെതിരേ കേരളത്തിൽ നടന്ന ആദ്യകാല കലാപങ്ങളിൽ ഒന്നാണ് പതിനേഴുകാരനായ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന കുട്ടനാടൻ കർഷകത്തൊഴിലാളി സമരം. കൊയ്തെടുക്കുന്ന നെല്ലിന് അനുസരിച്ചുള്ള ന്യായമായ കൂലിപോലും കർഷകത്തൊഴിലാളിക്കു ലഭിക്കാതിരുന്ന കാലമായിരുന്നു അത്. തൊഴിലാളികളെ പറ്റിക്കുന്ന ജന്മിമാർക്കെതിരേ അച്യുതാനന്ദൻ അതിശക്തമായി പ്രതികരിച്ചു.
ചെയ്യുന്ന ജോലിക്ക് ഉചിതമായ കൂലി എന്ന വ്യവസ്ഥ മുന്നോട്ടുവച്ചുകൊണ്ടു നടത്തിയ സമരത്തിൽ നൂറുകണക്കിനു കർഷകത്തൊഴിലാളികളെ പങ്കെടുപ്പിക്കാൻ അച്യുതാനന്ദനു കഴിഞ്ഞു. ആ സമരത്തെത്തുടർന്നു തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. പതിനേഴാം വയസിൽ ആസ്പിൻവാൾ കന്പനിയിലെ തൊഴിലാളിയായി മാറിയ വി.എസ് അവിടെയും ധീരമായ സമരങ്ങൾക്കു നേതൃത്വം കൊടുത്തു. അനീതിയും അന്യായവും എവിടെക്കണ്ടാലും പ്രതികരിക്കുന്നത് വി.എസിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന സ്വഭാവ സവിശേഷതയായിരുന്നു. ധൈര്യമില്ലാത്തവൻ കമ്മ്യൂണിസ്റ്റാകരുത് എന്നതായിരുന്നു എന്നും അദ്ദേഹത്തിന്റെ നിലപാട്.
പുന്നപ്ര-വയലാർ സമരം
ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്റെ മുൻനിരക്കാരനായിരുന്നു വി.എസ്. ചെറിയ ചെറിയ യോഗങ്ങളിലൂടെയാണ് പുന്നപ്ര-വയലാർ ഒരു വലിയ ജനകീയ സമരമായി മാറിയത്. അച്യുതാനന്ദന്റെ വീടുതന്നെ ഒരു സമരക്യാന്പായിരുന്നു. 1946 ഡിസംബർ 23ന് പൊട്ടിപ്പുറപ്പെട്ട ആ സമരത്തിനെതിരായി സിപിയുടെ പോലീസ് അതിഭീകരമായ മർദനമുറകൾ അഴിച്ചുവിട്ടു.
തോക്കിന്റെയും ലാത്തിയുടെയും മുന്നിൽ നെഞ്ചുവിരിച്ചു നിന്ന അനേകം സമരക്കാർക്കു ജീവൻ വെടിയേണ്ടിവന്നു. സി.പിയുടെ കാക്കിപ്പട നാടൊട്ടുക്കും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. പുന്നപ്രയിലെയും വയലാറിലെയും കയർ-കർഷകത്തൊഴിലാളികളാണ് അന്നു സമരക്കാർക്ക് അഭയം നൽകിയത്. ആലപ്പുഴ ട്രേഡ് യൂണിയൻ സംയുക്തസമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കുന്പോഴാണ് വി.എസ്, ആർ. സുഗതൻ, വി.ഐ. സൈമണ്, കെ.എൻ. പത്രോസ്, എൻ. ശ്രീകണ്ഠൻ നായർ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായത്. സുഗതനും സൈമണും പോലീസിന്റെ പിടിയിലായി. വി.എസിന് ഒളിവിൽ പോകേണ്ടിവന്നു.
പൂഞ്ഞാറിൽ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് തുടർന്ന് അദ്ദേഹം സമരത്തിനു നേതൃത്വം കൊടുത്തത്. അവിടെവച്ച് പോലീസിന്റെ പിടിയിലായി. ഇടിയൻ നാരായണപിള്ള എന്ന പോലീസുകാരന്റെ നേതൃത്വത്തിലാണ് വി.എസിനെ പിടികൂടിയത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും പാലാ സബ്ജയിലിലുംവച്ചു വി.എസ് ഏറ്റുവാങ്ങിയ കൊടിയ മർദനത്തിന്റെ അടയാളം അവസാനം വരെ അദ്ദേഹത്തിന്റെ കാൽവെള്ളയിലുണ്ടായിരുന്നു.
നിർഭയനും സാഹസികനുമായ പോരാളിയായിരുന്നു വി.എസ്. അവശരുടെയും ആർത്തന്മാരുടെയും നിലവിളികൾക്കു കാതുകൊടുത്ത ആദർശശുദ്ധിയുള്ള കമ്യൂണിസ്റ്റ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങളിലും ഈ ആത്മാർപ്പണം പ്രകടമാണ്. പ്രായത്തിന്റെ അവശതകളും അനാരോഗ്യവും മറന്നു ജനങ്ങളോടൊപ്പം സമരമുഖങ്ങളിലൂടെ മുന്നേറാൻ വി.എസിനു കഴിഞ്ഞത് കടന്നുവന്ന കനൽപ്പാതകളെ മറക്കാത്തതുകൊണ്ടാണ്. മതികെട്ടാൻമലയിലെ കൈയേറ്റം കാണാൻ എൺപതുകളുടെ ക്ഷീണാവസ്ഥയിൽ കിലോമീറ്ററുകൾ കാൽനടയായി പോയ പ്രതിപക്ഷനേതാവായ വി.എസിനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. കൊക്കകോള കന്പനി പ്ലാച്ചിമടയിൽനിന്നു കെട്ടുകെട്ടിപ്പോയതിനു പിന്നിൽ വി.എസിന്റെ ധീരമായ സാന്നിധ്യവും ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ അവിടത്തെ സമരക്കാർക്കു വലിയ ആവേശമായിരുന്നു.
എന്നും സമരമുഖത്ത്
മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരായി വി.എസ് എടുത്ത നിലപാട് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ധീരമായ മുന്നേറ്റങ്ങളിലൊന്നാണ്. സമരങ്ങളിൽ പലപ്പോഴും പാർട്ടിയും വി.എസും രണ്ടു വഴിക്കായിരുന്നെങ്കിലും കൈയേറ്റക്കാരുടെ സ്വച്ഛന്ദപ്രവർത്തനങ്ങൾക്ക് കാര്യമായി തടയിടാൻ വി.എസിനു കഴിഞ്ഞു.
മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളായ പെന്പിളൈ ഒരുമയുടെ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ നേതാക്കളിൽ വി.എസിനു ലഭിച്ച സ്വീകാര്യത വേറൊരു രാഷ്ട്രീയ നേതാവിനും കിട്ടിയില്ലെന്നതു പ്രത്യേകം ഓർമിക്കണം. അതിനു കാരണം തങ്ങളിൽ ഒരാൾതന്നെയാണ് അച്യുതാനന്ദൻ എന്ന തൊഴിലാളിവർഗത്തിന്റെ തിരിച്ചറിവു തന്നെയാണ്.
Tags : vs achuthanandan vs ldf communist formerchiefminister keralagovernment leader