ADVERTISEMENT
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിസ്മയമാണു വി.എസ്. അച്യുതാനന്ദൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം പാദത്തിലും ജ്വലിച്ചുനിന്ന ലോക കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖൻ.
ബ്രിട്ടീഷ് ആധിപത്യത്തിൽ ഒന്നര നൂറ്റാണ്ടിലേറെ കാലം അടിമരാജ്യമായി കഴിഞ്ഞ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള നാട്ടുരാജാവിന്റെ ഭരണത്തിനെതിരേ സായുധകലാപം നയിച്ച ഇരുപതുകാരനായ ഒരു കമ്യൂണിസ്റ്റുകാരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ തന്റെ 82-ാം വയസിൽ ബാലറ്റ് പേപ്പറിലൂടെ അതേ രാജ്യത്തിന്റെ ഭരണാധികാരിയായ അപൂർവ ചരിത്രനായകനാണ് വി.എസ്. അച്യുതാനന്ദൻ. സാർവദേശീയമായോ ദേശീയമായോ പ്രാദേശികമായോ ഒരു നേതാവും നേരിട്ടിട്ടില്ലാത്ത തിക്താനുഭവങ്ങളും പ്രതിസന്ധികളും ഏറ്റുമുട്ടലുകളും എതിർപ്പുകളും നേരിട്ടുകൊണ്ടാണ് വി.എസ് എന്ന അതിസാഹസികനായ ഒറ്റയാൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃപദവിയിലേക്കും ജനഹൃദയങ്ങളിലേക്കും പടവെട്ടിക്കയറിയത്. രാഷ്ട്രീയചരിത്രത്തിൽ നയങ്ങളുടെയും നിലപാടുകളുടെയും വിട്ടുവീഴ്ചയില്ലായ്മയുടെയും പേരിൽ ഇത്രയേറെ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും അച്ചടക്കനടപടികൾക്കു വിധേയനാവുകയും ചെയ്ത ഒരു നേതാവും കമ്യൂണിസ്റ്റ് പാർട്ടിയിൽ കാണില്ല. പുന്നപ്രയിലും വയലാറിലും സമരധീരന്മാരുടെ രക്തം വീണു പിൽക്കാലത്തു ചുവന്നുതുടുത്ത വെണ്മണലിൽ അമർത്തിച്ചവിട്ടി നടന്നുകയറിയ വി.എസ് കേരളത്തിലെ വിവിധ ജീവിതമേഖലകളിൽനിന്നു സംഘാടക പ്രതിഭകളെ കണ്ടെത്തിയ സാക്ഷാൽ പി. കൃഷ്ണപിള്ള കണ്ടെത്തിയ അപൂർവജനുസ് ആയിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ കേരളസമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ചരിത്രം സൃഷ്ടിച്ച നിരവധി പോരാട്ടങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും നേതൃത്വം കൊടുത്ത ചരിത്രപുരുഷനാണ് വി.എസ്. അച്യുതാനന്ദൻ. പത്തു പ്രാവശ്യം അദ്ദേഹം നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്; ഏഴു തവണ വിജയിച്ചു. മൂന്നു തവണ തോറ്റു.
യാന്ത്രികമായി പാർട്ടി കമ്മിറ്റികൾ ചേർന്ന് ഘടകത്തിന്റെ മുൻകൂർ അനുമതി വാങ്ങി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന രീതി എ.കെ.ജിക്ക് എന്നപോലെ വി.എസിനും വശമില്ലായിരുന്നു. അതുകൊണ്ടാണ് കോഴിക്കോട് ഐസ്ക്രീം പാർലർ കേസും മതികെട്ടാൻമലയും വാഗമണ് കൈയേറ്റവും ഇടമലയാറും കോവളം കൊട്ടാരവും ഒക്കെ സ്വന്തം അജൻഡയാക്കി സമരം സംഘടിപ്പിച്ചത്. ഈ ധിക്കാരത്തിന്റെയും ഒറ്റയാൻശൈലിയുടെയും പേരിൽ പാർട്ടി നേതൃത്വത്തിൽനിന്ന് കടുത്ത എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു.
പല രൂപത്തിലുള്ള അച്ചടക്ക നടപടികൾ അദ്ദേഹത്തിന് ഒന്നിനു പിറകെ ഒന്നായി ചാർത്തിക്കൊടുത്തുകൊണ്ടുമിരുന്നു. നേതൃത്വത്തിൽ ഒറ്റപ്പെടുന്പോഴും പാർട്ടി അണികളുടെയും പുറത്തു ബഹുജനങ്ങളുടെയും കണ്ണിലുണ്ണിയായി അദ്ദേഹം മാറി. ""കണ്ണേ കരളേ വിയെസേ, ഞങ്ങൾ ജനങ്ങൾ നിങ്ങൾക്കൊപ്പം'' എന്ന മുദ്രാവാക്യം കേരളത്തിലെ ഗ്രാമ, നഗരത്തെരുവുകളിൽ മുഴങ്ങിക്കേട്ടു.
ഈ പശ്ചാത്തലത്തിലാണ് 2006ലെ തെരഞ്ഞെടുപ്പ്. വി.എസിന്റെ ഇടപെടൽ മൂലം ന്യൂനപക്ഷങ്ങളിൽനിന്നു പാർട്ടി ഒറ്റപ്പെട്ടു എന്നും വി.എസിന്റെ നയങ്ങൾ വികസനവിരുദ്ധമാണെന്നും അതുകൊണ്ടു വി.എസിനെ സ്ഥാനാർഥിയാക്കിയാൽ മുന്നണി പരാജയപ്പെടുമെന്നുമുള്ള ന്യായം പറഞ്ഞ് മത്സരരംഗത്തുനിന്ന് ഒഴിവാക്കി. കേരളത്തിൽ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന നിഷ്പക്ഷരായ ബുദ്ധിജീവികളും യുവാക്കളും തൊഴിലാളികളും ബഹുജനങ്ങൾ ആകെയും വി.എസിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധമുയർത്തി. പാർട്ടി അണികൾ ആകെ ക്ഷോഭിച്ചുമറിഞ്ഞു. ഗത്യന്തരമില്ലാതെ പോളിറ്റ് ബ്യൂറോ തന്നെ ഇടപെട്ട് അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വലിയ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി ജയിച്ചു.
2006 മേയ് 24ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011ലും വി.എസിനു സീറ്റ് നിഷേധിച്ചെങ്കിലും ജനം ഇടപെട്ടു തിരുത്തിച്ചു. വി.എസ് ജയിച്ചെങ്കിലും മുന്നണി പരാജയപ്പെട്ടു. 2016ൽ വി.എസും പിണറായിയും മത്സരിച്ചു. രണ്ടു പേരും വിജയിച്ചു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനങ്ങൾ ഏറെ ആഗ്രഹിച്ച ഒരു രണ്ടാം വരവ് വി.എസിനു നിഷേധിക്കപ്പെട്ടു.
പുന്നപ്രയിലെയും വയലാറിലെയും ധീരന്മാർക്കൊപ്പം നിന്നു പൊരുതി ആ മണ്ണിൽ പരാജയം ഭക്ഷിച്ചു വളർന്ന വി.എസ്, ഏത് അവഹേളനവും അച്ചടക്കനടപടികളും നേരിട്ട് താൻ കെട്ടിപ്പടുത്ത പാർട്ടിയുടെ പതാക സ്വന്തം നെഞ്ചോടു ചേർത്തുകൊണ്ടു ചരിത്രത്തിലെ വിവിധ നാൽക്കവലകളിൽ പതറാതെ മുന്നേറുന്ന കാഴ്ചയാണു കേരളം സ്വന്തം കണ്മുന്നിൽ കണ്ടത്. പ്രശ്നങ്ങൾ അതിന്റെ ഉറവിടത്തിൽ എത്തി ഏറ്റെടുക്കുന്ന ഒരു വിപ്ലവകാരിയുടെ ആർജവമാണ് വി.എസിന് ആദ്യം മുതലേ ഉണ്ടായിരുന്നത്. അതിനു പാർട്ടി ചട്ടക്കൂട്ടിൽനിന്ന് ഉണ്ടാകാവുന്ന വരുംവരായ്മകളെക്കുറിച്ച് ചിന്തിച്ചിരുന്നേ ഇല്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രായം ശരീരത്തോടു കലഹിച്ചുതുടങ്ങിയ കാലത്തും മൂന്നാറിലെ പെന്പിളൈ ഒരുമൈ സമരക്കാരുടെ അരികിലെത്തി അവർക്കൊപ്പം കുത്തിയിരുന്നത്. പാർട്ടി കമ്മിറ്റി കൂടി അവിടെ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന അച്ചടക്കമുള്ള ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല വി.എസ്. നാട്ടിൽ ജനങ്ങൾക്ക് ഏതു പ്രശ്നമുണ്ടാകുന്പോഴും അതിൽ ഇടപെടാനും ജനങ്ങളെ അണിനിരത്തി അതിനു പരിഹാരം കാണാനും നേതൃത്വം കൊടുക്കുന്ന ഒരു ജൈവവിപ്ലവകാരിയാണ് അദ്ദേഹം.
എ.കെ.ജിക്കുശേഷം അത്തരമൊരു നേതാവ് മലയാളിക്ക് ഉണ്ടായിട്ടില്ല എന്നതാണു വസ്തുത.
വിരിഞ്ഞ നെഞ്ചുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സാധാരണക്കാരനായ അസാധാരണ വിപ്ലവകാരിയാണ് വി.എസ്. അതുകൊണ്ട് പാർട്ടി ഭരണഘടനയിലെ അച്ചടക്ക മുഴക്കോലുകൊണ്ട് വി.എസിന്റെ പ്രവർത്തനങ്ങളെ പലപ്പോഴും അളന്നെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ജീവിതത്തിലൊരിക്കലും സ്വന്തം പാർട്ടിയുടെ തീരുമാനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഗ്നിവീഥികളിലൂടെ നടന്നുകയറുന്ന കാലത്ത് വി.എസിനു പതിനേഴ് വയസായിരുന്നു പ്രായം. അന്ന് ഉള്ളംകൈയിൽ ജീവനും മുറുകെപ്പിടിച്ച് ചുറുചുറുക്കോടെ അതിനൊപ്പം നടന്നുകയറിയ കമ്യൂണിസ്റ്റാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. അന്നത്തെ അതേ ചുറുചുറുക്കോടെ നിരവധി സമരഭൂമികളും അഗ്നിപരീക്ഷകളും കടന്ന് അദ്ദേഹം പ്രായത്തെ തോൽപ്പിച്ച് നേതൃനിരയിൽ തന്നെ നിലകൊണ്ടു. അദ്ദേഹത്തിന്റെ പാർട്ടി ഘടകം ഏതാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല വി.എസിന്റെ വാക്കുകൾ കേട്ടതും നിലപാടുകൾ അംഗീകരിച്ചതും.
എം.എൻ. വിജയൻ മാഷ് ഒരിക്കൽ പറഞ്ഞു: ""ഇന്നു നമുക്കൊരു ഗാന്ധി ഇല്ല. എങ്കിലും അന്നു ഗാന്ധി എങ്ങനെ ഇന്ത്യയുടെ ഹൃദയത്തെ പ്രതിഫലിപ്പിച്ചിരുന്നോ അതുപോലെ കേരളത്തിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന ഒരാൾക്ക് ആരോ ഏതോ സമയത്ത് ഇട്ട പേരാണ് വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തെ ഞങ്ങൾ ഒരാളായി കാണുന്നില്ല. കേരളത്തിനുവേണ്ടി ഉറഞ്ഞുതുള്ളുന്ന ഒരു കോമരമായി ഒരുപക്ഷേ, കേരളത്തിന്റെ മുഴുവൻ ശബ്ദമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഒരു വ്യക്തിയായാണു കാണുന്നത്.''വിഎസ് എന്ന കമ്യൂണിസ്റ്റ് വിസ്മയത്തെ ഇതിനപ്പുറം വിശേഷിപ്പിക്കാൻ ആവില്ല.
(കവിയും നാടകകൃത്തും മുൻ എംഎൽഎയുമാണ് ലേഖകൻ)
Tags : vs achuthanandan vs ldf formerchiefminister leader keralagovernment communist