ADVERTISEMENT
ജനിച്ചു വളർന്ന സാഹചര്യങ്ങൾകൊണ്ടാകാം വി.എസ്. അച്യുതാനന്ദന്റെ മുഖത്ത് ചിരി വിടരുന്നത് അപൂർവമായിട്ടായിരുന്നു. മുഖം നോക്കാത്ത സംസാരവും കർക്കശമായ നിലപാടുകളും മൂലം പൊതുസമൂഹത്തിൽ അദ്ദേഹത്തിന് അനുകൂലികളേക്കാൾ കൂടുതൽ എതിരാളികളായിരുന്നു. ഇതേ വി.എസ്. അച്യുതാനന്ദൻ രാഷ്ട്രീയജീവിതത്തിന്റെ സായാഹ്നത്തിൽ കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവായി മാറിയതിനും കേരളം സാക്ഷിയായി. എല്ലാ അർഥത്തിലും കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത പ്രതിഭാസമായിരുന്നു വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ്.
ഇന്ത്യയിലെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ഇത്ര ദീർഘമായ പൊതുപ്രവർത്തന പാരന്പര്യമുള്ള മറ്റൊരു രാഷ്ട്രീയനേതാവ് രാജ്യത്തെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയിൽ സമീപഭാവിയിലുണ്ടായിട്ടില്ല.
കുറേ നാളുകളായി പൊതുവേദികളിൽനിന്നും രാഷ്ട്രീയസംവാദങ്ങളിൽ നിന്നുമൊഴിഞ്ഞ് തിരുവനന്തപുരത്ത് ബാർട്ടണ്‍ ഹില്ലിലെ വീട്ടിലേക്ക് ഒതുങ്ങിയപ്പോഴും കേരളീയർ ഏതാണ്ടെല്ലാ ദിവസവും വി.എസിനെ ക്കുറിച്ചു ചർച്ച ചെയ്തിരുന്നു. ഏതു രാഷ്ട്രീയചർച്ചകളിലും സംവാദങ്ങളിലും വി.എസിന്റെ പേരു നിറഞ്ഞു നിന്നു. അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം അത്രമേൽ വലുതായിരുന്നു. വി.എസ് സജീവമായിരുന്നെങ്കിൽ എന്നു കേരളീയർ ആലോചിച്ചു പോയ എത്രയോ അവസരങ്ങൾ ഇക്കാലത്തുണ്ടായി.
കൊടിയ ദാരിദ്ര്യത്തിൽ ജനിച്ചു വളർന്ന, ഏഴാം ക്ലാസിൽ പഠനം നിർത്തിയ വി.എസ്, 1938ൽ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിപദവി വരെ എത്തി. എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദത്തിൽ നിന്നിറങ്ങുന്പോഴും കേരളത്തിലെ യുവാക്കളെ ഏറ്റവും പ്രചോദിപ്പിക്കുന്ന നേതാവായിരുന്നു അദ്ദേഹം. വിസ്മയം എന്നല്ലാതെ ഏതു വാക്കുപയോഗിച്ച് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറ്റും.
തെന്നിമാറിയ മുഖ്യമന്ത്രിപദം
പാർട്ടിയിൽ അതിശക്തനായി ഉയർന്നുവന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രിപദം വി.എസിൽനിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
1987ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്‍പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 1991ൽ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വി.എസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ, രാജീവ്ഗാന്ധി വധത്തേത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വി.എസ് പ്രതിപക്ഷനേതാവായി.
1996ൽ വി.എസിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വന്തം തട്ടകമായ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദൻ പരാജയപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. വി.എസിന്റെ കാത്തിരിപ്പ് വീണ്ടും നീണ്ടു. അടുത്ത തെരഞ്ഞെടുപ്പിൽ തട്ടകം മാറി മലന്പുഴയിൽനിന്നു വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ഇടതുമുന്നണി പരാജയപ്പെട്ടു. 2006 ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വി.എസ് കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു.
അഞ്ചു വർഷത്തെ പ്രതിപക്ഷ പ്രവർത്തനത്തിനിടയിൽ ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും പാർട്ടി സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടു. കേരളത്തിലങ്ങോളമിങ്ങോളം വലിയ പ്രതിഷേധമാണ് ഇതിനെതിരേ അരങ്ങേറിയത്. ഒടുവിൽ പാർട്ടിക്കു വഴങ്ങേണ്ടിവന്നു. അങ്ങനെ വി.എസ് മത്സരിച്ചു ജയിച്ച് 82-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അങ്ങനെ 1991 ൽ ഉറപ്പിച്ച മുഖ്യമന്ത്രിപദം മൂന്നു തെരഞ്ഞെടുപ്പിനും പതിനഞ്ചു വർഷത്തിനും ശേഷം യാഥാർഥ്യമായി. വി.എസ്. അച്യുതാനന്ദൻ എന്ന പോരാളിയുടെ അചഞ്ചലമായ പോരാട്ട വീര്യമാണ് ഇതിനു പിന്നിലും കേരളം കണ്ടത്.
പരുക്കൻ കമ്യൂണിസ്റ്റിൽനിന്നു ജനപ്രിയ നേതാവിലേക്ക്
സ്റ്റാലിനിസ്റ്റ് നേതാവ് എന്നായിരുന്നു വി.എസ്. അച്യുതാനന്ദനെ വിശേഷിപ്പിച്ചിരുന്നത്. പാർട്ടി ചിട്ടവട്ടങ്ങൾക്കുള്ളിൽനിന്നു മാത്രം ഏതു വിഷയത്തെയും നോക്കിക്കണ്ടിരുന്ന വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ് പാർട്ടി അണികളുടെ കണ്ണിലുണ്ണിയായിരുന്നെങ്കിലും അതിനു വെളിയിലുള്ളവർക്കിടയിൽ അത്ര പ്രിയങ്കരനായിരുന്നില്ല. എന്നാൽ, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.എസിന്റെ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്കു വെളിയിലേക്കും അദ്ദേഹത്തിന്റെ സ്വാധീനവലയം വ്യാപിപ്പിക്കുന്നതിനിടയാക്കി.
ജനങ്ങൾ കഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്കു നേരിട്ടെത്തി അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന വി.എസിന്റെ രാഷ്ട്രീയശൈലിയാണ് ജനപ്രീതി വർധിപ്പിച്ചത്. പരിസ്ഥിതി അനുകൂല, സ്ത്രീപക്ഷ നിലപാടുകളും വി.എസിനെ സാധാരണക്കാർക്കിടയിൽ പ്രിയങ്കരനാക്കി. അഴിമതിക്കെതിരായ പോരാട്ടങ്ങളും മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും കേരളത്തിൽ വി.എസിന് ഒരു രക്ഷകന്റെ പ്രതിച്ഛായ സമ്മാനിച്ചു. മതികെട്ടാൻചോലയിലും മുല്ലപ്പെരിയാറിലും വാഗമണ്‍ കൈയേറ്റഭൂമിയിലുമെല്ലാം നേരിട്ടെത്തിയാണ് പോർമുഖം തുറന്നത്. ഇടമലയാർ കേസിലെ ഇടപെടലും മറ്റും അഴിമതിവിരുദ്ധ പോരാളിയെന്ന വിഎ.സിന്റെ പേര് ഉറപ്പിച്ചു. ജനങ്ങൾക്കിടയിലെത്തി അവരുടെ പോരാട്ടങ്ങൾ ഏറ്റെടുത്തും കോടതികൾ വഴിയുള്ള നിയമപോരാട്ടത്തിലൂടെയും വി.എസ് ഇക്കാലമത്രയും നിരന്തരമായ പോരാട്ടങ്ങളിൽ ഏർപ്പെടുകയായിരുന്നു.
പാർട്ടിയുമായി പോര്
പാർട്ടിക്കു പുറത്ത് വി.എസിന്റെ ജനപ്രീതി വർധിക്കുന്നതിനനുസരിച്ച് പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ ശത്രുപക്ഷം ശക്തിപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷവും ഓർമിക്കപ്പെടുന്നത് പാർട്ടിയും വി.എസും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകളുടെ പേരിലാണ്. പാർട്ടിയിൽ ദുർബലനായി തീരുന്നതിനനുസരിച്ച് ജനങ്ങൾക്കിടയിൽ വി.എസ് എന്ന രാഷ്ട്രീയ നേതാവ് ശക്തനായി മാറിക്കൊണ്ടിരുന്ന അപൂർവകാഴ്ചയാണ് കേരളം കണ്ടത്.
പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള പരസ്യ വാക്പോര് പാർട്ടി അച്ചടക്കത്തിന്റെ സർവസീമകളും കടന്നു. ഇരുവരും പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്തായി. പിണറായി വീണ്ടും പോളിറ്റ് ബ്യൂറോയിൽ മടങ്ങിയെത്തിയെങ്കിലും വി.എസ്. പുറത്തു തന്നെ തുടർന്നു. അപ്പോഴും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി വി.എസ് തുടർന്നു എന്നതു ചരിത്രം.
തെന്നിമാറിയ രണ്ടാമൂഴം
എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദമൊഴിഞ്ഞ വി.എസ് അതുകഴിഞ്ഞ് അഞ്ചു വർഷം കരുത്തനായ പ്രതിപക്ഷ നേതാവായി കേരളത്തിൽ നിറഞ്ഞു നിന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ വി.എസും പിണറായി വിജയനും മത്സരിച്ചു. ഒടുവിൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു നറുക്കു വീണത് പിണറായി വിജയനാണ്. അതോടെ കേരള രാഷ്ട്രീയത്തിൽ ഒരു പരിധി വരെ വി.എസ് യുഗം അവസാനിച്ചു. അപ്പോഴും വി.എസിന്റെ വാക്കുകൾക്കു കേരളം ചെവിയോർത്തിരുന്നു. അദ്ദേഹത്തിന്റെ ഒറ്റവരി പ്രസ്താവനയ്ക്ക് കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കാനുള്ള ശേഷിയുണ്ടായിരുന്നു. വി.എസ് എന്നും ഒരു പോരാളിയായിരുന്നു. രാഷ്ട്രീയജീവിതം ആരംഭിച്ച നാൾ മുതൽ ഏതാണ്ട് അവസാനനാളുകൾ വരെ. പാർട്ടിക്കുള്ളിലും പുറത്തും ഒരേ സമയം പോരാടി ഇത്ര ദീർഘകാലം കേരള രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിൽ നിലനിന്നതു തന്നെ അദ്ഭുതം. ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാകുമോ എന്നതു സംശയം.
Tags : vs achuthanandan vs ldf communist formerchiefminister keralagovernment