ADVERTISEMENT
കേരളത്തിൽ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിൽ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വിഎസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ.
ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കൊപ്പംനിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനികചരിത്രവുമായി വേർപെടുത്താനാവാത്ത വിധം ഇഴചേ ർന്നു നിൽക്കുന്നു. കേരള സർക്കാരിനെയും സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയെന്നും കേരളത്തിന്റെ രാഷ്ട്രീയ ഈടുവയ്പിന്റെ ഭാഗമാണെ ന്നും ചരിത്രം രേഖപ്പെടുത്തും.
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വിഎസിന്റെ വിയോഗത്തോടെ സംഭവിക്കുന്നത്. പാർട്ടിക്കും വിപ്ലവപ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്.
അസാമാന്യമായ ഊർജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വിഎസിന്റേത്. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് സഖാവ് വി.എസ്. അച്യുതാനന്ദന്റെ ജീവിതം.
തൊഴിലാളി -കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.
എളിയ തുടക്കത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പടവുകളിലൂടെയാണ്. കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ നിരവധിയാണ്.
‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ’ എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ‘കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ’ആയി വളർന്നതിലും വി. എസ്. വഹിച്ചത് പകരം വയ്ക്കാനില്ലാത്ത പങ്കാണ്.
വി.എസിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും ജോലി സ്ഥിരതയ്ക്കും മിച്ചഭൂമി പിടിച്ചെടുക്കുന്നതിനുമൊക്കെ നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.
1948ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ ത്ത ുടർന്ന് അറസ്റ്റിലായി. 1952ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഐക്യകേരളത്തിനു വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി.
1957 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരേയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
കേവല രാഷഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വിഎസ് വ്യാപരിച്ചു.സഖാവ് വി.എസിന്റെ നിര്യാണം പാർട്ടിയെയും നാടിനെയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Tags : vs achuthanandan vs formerchiefminister leader ldf communist keralagovernment