ADVERTISEMENT
ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം അന്റാർട്ടിക്കയിലെ ഉണങ്ങിയ താഴ്വര (ഡ്രൈ വാലീസ്) എന്ന പ്രദേശമാണ്. ഏകദേശം രണ്ടു ദശലക്ഷം വർഷങ്ങളായി ഇവിടെ മഴ പെയ്തിട്ടില്ല. വെള്ളമോ മഞ്ഞോ ഇല്ലാത്ത 4800 ചതുരശ്ര കിലോമീറ്റർ പ്രദേശമാണിത്. അതിനാൽത്തന്നെ ഇവിടെ മനുഷ്യവാസവുമില്ല.
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തിൽപ്പെട്ട മോസ്വിൻറം ഗ്രാമത്തിലാണ്. രണ്ടാംസ്ഥാനത്താകട്ടെ മേഘാലയയിലെതന്നെ ചിറാപുഞ്ചി ഗ്രാമവും. ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന മാസ്വിൻറം ഗ്രാമത്തിൽ വർഷത്തിൽ ഏകദേശം 11,871 മില്ലിമീറ്റർ മഴ പെയ്യുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ പർവതവിതാനമായ ഖാസി പീഠഭൂമിയിലെ ഭൂമിശാസ്ത്രപരമായി പ്രത്യേകതകളുള്ള സ്ഥാനത്താണ് ഈ ഗ്രാമത്തിന്റെ കിടപ്പ് എന്നതിനാലാണ് അസാധാരണമായ മഴ ലഭിക്കുന്നത്.
എന്നാൽ ഇതുവരെ മഴ പെയ്യാത്തതും എന്നാൽ ജനങ്ങൾ താമസിക്കുന്നതുമായ ഭൂപ്രദേശവുമുണ്ട്. യെമനിലെ സനാ ഗവർണറേറ്റിൽപ്പെട്ട അൽ ഹുതെയ്ബ ഗ്രാമമാണിത്. സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ മഴയില്ലാത്തതിനാൽ എപ്പോഴും ചൂടാണെന്നു ധരിച്ചാൽ തെറ്റി. മലമുകളിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ എപ്പോഴും നല്ല കാലാസ്ഥയാണ്. അതിനാൽത്തന്നെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രംകൂടിയാണിത്. മഴ പെയ്യണമെങ്കിൽ മേഘങ്ങൾ വേണമല്ലോ. എന്നാൽ, അൽ ഹുതെയ്ബ ഗ്രാമം സ്ഥിതിചെയ്യുന്നത് മേഘങ്ങൾക്കും മുകളിലാണ്. അതിനാലാണ് ഇവിടെ മഴ പെയ്യാത്തത്.
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പത്തു പ്രദേശങ്ങൾ
1.മോസ്വിൻറം(മേഘാലയ, ഇന്ത്യ) 2. ചിറാപുഞ്ചി(മേഘാലയ) 3. ടുടെൻഡൊ(കൊളംബിയ) 4. ക്രോപ്പ് റിവർ (ന്യൂസിലൻഡ്) 5. ബിയൊകൊ ഐലൻഡ്(ഇക്വാറ്റൊറിയൽ ഗിനിയ) 6. ഡെബുൺഡ്ഷാ (ആഫ്രിക്ക) 7. ബിഗ് ബൊഗ് മായി(ഹവായ്) 8. പുകുകുയി (ഹവായ്), 9. മൗണ്ട് വെയ്യാലീൽ കൗയെ (ഹവായ്) 10. മൗണ്ട് എമെയ് (ചൈന).