ADVERTISEMENT
മഴ പെയ്യാത്ത സ്ഥലങ്ങളില്‍ കൃത്രിമ മഴ പെയ്യിച്ചതായുള്ള വാര്‍ത്തകളൊക്കെ കൂട്ടുകാര്‍ കേട്ടിട്ടില്ലേ. പ്രകൃതിയില്‍ തന്നെയുണ്ടാകുന്ന പ്രതിഭാസമാണ് മഴ. ചിലയിടങ്ങളില്‍ മഴ മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യില്ല. ഇത്തരം സാഹചര്യങ്ങളിലാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തിയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. കൃത്രിമ മഴയ്ക്ക് ക്ലൗഡ് സീഡിംഗ് എന്നും പേരുണ്ട്. കൃത്രിമ മഞ്ഞ് പെയ്യിക്കുന്നതിനും ഈ രീതി ഉപയോഗിക്കാറുണ്ട്. ക്ലൗഡ് സീഡിംഗിനായി സാധാരണ മേഘങ്ങളില്‍ വിതറുന്നത് സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്സൈഡ്) എന്നിവയാണ്. ഈ വസ്തുക്കള്‍ പൂജ്യം ഡിഗ്രിയേക്കാള്‍ തണുപ്പിച്ചാണ് മേഘത്തില്‍ വിതറുന്നത്.
എല്‍ നിനോ
എല്‍ നിനോ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം ചെറിയ ആണ്‍കുട്ടി എന്നാണ്. ഭൂമധ്യരേഖ പ്രദേശത്തെ പസഫിക് സമുദ്രത്തില്‍ ചൂടുകൂടുന്ന പ്രതിഭാസമാണിത്. എല്‍ നിനോ സമയത്ത് ഈ ചൂടുള്ള സമുദ്ര ജലം ഓസ്ട്രേലിയയില്‍നിന്നു തെക്കേ അമേരിക്കന്‍ സമുദ്രത്തിലേക്ക് ഒഴുകും. ഇത് ഇന്ത്യയിലെ കാലവര്‍ഷം വൈകാനും കാരണമാകും.
ലാ നിന
സ്പാനിഷ് ഭാഷയിലെ ലാ നിന എന്ന വാക്കിന്റെ അര്‍ഥം ചെറിയ പെണ്‍കുട്ടി എന്നാണ്. എല്‍ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഈ സമയത്ത് പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തിലെ വെള്ളം തണുക്കും. അതിന്റെ ഫലമായി ചൂടുള്ള വെള്ളം തെക്കേ അമേരിക്കന്‍ ഭാഗത്തുനിന്ന് ഓസ്ട്രേലിയയിലേക്ക് ഒഴുകും. ഇത് ഇന്ത്യയില്‍ മെച്ചപ്പെട്ട മഴ ലഭിക്കാന്‍ കാരണമാകും.
കാറ്റുകള്‍
അന്തരീക്ഷത്തിലെ വായുവിന്റെ സഞ്ചാരമാണ് കാറ്റുകള്‍. വായുവിന്റെ മര്‍ദം കൂടിയ പ്രദേശങ്ങളില്‍ നിന്നും മര്‍ദം കുറഞ്ഞ പ്രദേശത്തേക്കാണ് കാറ്റിന്റെ സഞ്ചാരം. മഴ പെയ്യിക്കുന്ന കാറ്റുകളുമുണ്ട്. ഇന്ത്യയില്‍ മഴ പെയ്യിക്കുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റാണ്. കേരളത്തിലാണ് ഈ കാറ്റ് ആദ്യമെത്തുന്നത്. മഴക്കാലത്തിനു കാരണാകുന്നത് ഈ കാറ്റാണ്. കാറ്റിനെ അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് അനിമോ മീറ്റര്‍.
ചക്രവാതച്ചുഴി
ചക്രവാതച്ചുഴി അഥവാ സെക്ലോണിക് സര്കുലേഷന് (Cyclonic Circulation) ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ്. ന്യൂനമര്‍ദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കത്തെയാണ് ചക്രവാതച്ചുഴിയെന്ന് പറയുന്നത്. ചക്രവാതച്ചുഴി ഉണ്ടാകുമ്പോള്‍ കാറ്റിന്റെ സഞ്ചാരം ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ ഇത് ഘടികാര ദിശയിലും ഉത്തരാര്‍ധത്തില്‍ ഇത് എതിര്‍ഘടികാരദിശയിലും ആയിരിക്കും. ഭൂമി കറങ്ങുന്നതുമൂലമുണ്ടാകുന്ന കൊറിയോലിസ് ബലമാണ് ഇതിനു കാരണം.
ന്യൂനമര്‍ദം
ശക്തി കുറഞ്ഞ കാറ്റിന്റെ കറക്കമാണ് ശക്തി പ്രാപിച്ച് പിന്നീട് ന്യൂനമര്‍ദമായി രൂപപ്പെടുന്നത്. എല്ലാ ചക്രവാതച്ചുഴിയും ന്യൂനമര്‍ദമാകണമെന്നില്ല. ന്യൂനമര്‍ദം ശക്തികൂടിയാല്‍ തീവ്രന്യൂനമര്‍ദവുമാകും (ഡിപ്രഷന്). തീവ്ര ന്യൂനമര്‍ദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമര്‍ദമാകും (ഡീപ് ഡിപ്രഷന്). ഇത് വീണ്ടും ശക്തിപ്പെട്ടാല്‍ മാത്രമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. അതുപോലെ എല്ലാ ചക്രവാതച്ചുഴിയും മഴ നല്കണമെന്നില്ല. കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യത.
Tags : artificial rain la nina el nino wind