ADVERTISEMENT
സെന്റ് കിറ്റ്സ്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പര തൂത്തുവാരിയതിനു പിന്നാലെ ട്വന്റി-20 ക്രിക്കറ്റ് പരന്പരയും സ്വന്തമാക്കി ഓസ്ട്രേലിയ. അഞ്ച് മത്സര പരന്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറി നേടിയ ടിം ഡേവിഡിന്റെ കരുത്തിൽ ഓസ്ട്രേലിയ വിൻഡീസിനെ ആറ് വിക്കറ്റിന് തകർത്ത് 3-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ (102 നോട്ടൗട്ട്) സെഞ്ചുറി കരുത്തിൽ 214 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസീസിന് മുന്പിൽ ഉയർത്തിയത്. ലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പട ടിം ഡേവിഡിന്റെ (102 നോട്ടൗട്ട്) കന്നി സെഞ്ചുറി മികവിൽ ആറ് വിക്കറ്റും 23 പന്തും ബാക്കി നിൽക്കേ ലക്ഷ്യം മറികടന്നു.
സ്കോർ: വെസ്റ്റ് ഇൻഡീസ്: 20 ഓവറിൽ 214/4. ഓസ്ട്രേലിയ: 16.1 ഓവറിൽ 215/4. 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 87 റണ്‍സ് എന്ന നിലയിൽ തോൽവി മുന്നിൽക്കണ്ട ഓസീസിനെ മിച്ചൽ ഓവനും (16 പന്തിൽ 36 നോട്ടൗട്ട്) ടിം ഡേവിഡും (37 പന്തിൽ 102 നോട്ടൗട്ട്) ചേർന്നു ജയത്തിലെത്തിക്കുകയായിരുന്നു.
ട്വന്റി-20യിൽ ഓസ്ട്രേലിയയ്ക്കായി വേഗത്തിൽ സെഞ്ചുറി നേടുന്ന താരമായി ടിം ഡേവിഡ്. സ്കോട്ട്ലൻഡിനെതിരേ 43 പന്തിൽ സെഞ്ചുറി നേടിയ ജോഷ് ഇംഗ്ലിസിന്റെ റിക്കാർഡാണ് തകർത്തത്.
ഐസിസി മെംബർ ടീമിനായി വേഗത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത് താരം കൂടിയാണ് ടിം ഡേവിഡ്. ഇന്ത്യയുടെ രോഹിത് ശർമ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ എന്നിവരാണ് (35 പന്തിൽ സെഞ്ചുറി) ടിം ഡേവിഡിന് മുന്നിലുള്ളത്. 16 പന്തിൽ അർധസെഞ്ചുറി തികച്ച ടിം ഡേവിഡ്, അതിവേഗത്തിൽ ഫിഫ്റ്റിയെത്തുന്ന ഓസീസ് താരമാണ്.
Tags :