ADVERTISEMENT
ലീഡ്സ്: ടെസ്റ്റ് ചരിത്രത്തില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ എന്ന ചരിത്രം കുറിച്ച് ഋഷഭ് പന്ത്. ലോകത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമതു വിക്കറ്റ് കീപ്പറും. സിംബാബ്വെയുടെ ആന്‍ഡി ഫ്ളവറാണ് രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍. 2001ല്‍ ഹരാരെയില്വച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 142, 199 നോട്ടൗട്ട് എന്നതായിരുന്നു ആന്‍ഡി ഫ്ളവറിന്റെ സ്കോറുകള്‍. ഇംഗ്ലണ്ടില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടവും പന്ത് കുറിച്ചു.
ലീഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി തികച്ചതോടെയാണ് പന്തിന്റെ ഈ നേട്ടം. നേരിട്ട 130-ാം പന്തിലായിരുന്നു പന്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. ഇംഗ്ലണ്ടില്‍ പന്തിന്റെ നാലാം സെഞ്ചുറിയാണ്. 140 പന്തിൽ 15 ഫോറും മൂന്നു സിക്സും അടക്കം 118 റൺസ് നേടിയ ഋഷഭ് പന്ത്, ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രൗളിക്കു ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.
ആദ്യ ഇന്നിംഗ്സില്‍ 134 റണ്‍സ് നേടി, ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (7) സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പര്‍ എന്നതടക്കമുള്ള റിക്കാര്‍ഡ് പന്ത് സ്വന്തമാക്കിയിരുന്നു. ഗ്ലൗ അണിഞ്ഞപ്പോള്‍, വിക്കറ്റിനു പിന്നില്‍ 150 ക്യാച്ച് പൂര്‍ത്തിയാക്കുന്ന മൂന്നാമത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലും പന്ത് എത്തി.
ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഇന്ത്യക്കുവേണ്ടി സെഞ്ചുറി നേടുന്ന ഏഴാമത് താരമാണ് ഋഷഭ് പന്ത്. വിജയ് ഹസാരെ, സുനില്‍ ഗാവസ്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ സുനില്‍ ഗാവസ്കര്‍ മൂന്നു പ്രാവശ്യവും രാഹുല്‍ ദ്രാവിഡ് രണ്ടു പ്രാവശ്യവും ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിട്ടുണ്ട്.
ടെസ്റ്റിൽ ഋഷഭ് പന്തിന്റെ എട്ടാം സെഞ്ചുറിയാണ് ലീഡ്സിൽ നാലാംദിനം പിറന്നത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള ഏഷ്യൻ വിക്കറ്റ് കീപ്പർ എന്ന റിക്കാർഡും പന്ത് സ്വന്തമാക്കി. ഏഴ് സെഞ്ചുറിയുള്ള ശ്രീലങ്കൻ മുൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരുടെ റിക്കാർഡാണ് പന്ത് പഴങ്കഥയാക്കിയത്.
Tags : Rishabh Pant Indian Wicket keeper India Vs England 2025 India