ADVERTISEMENT
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ തോൽവിയിൽനിന്നു കരകയറി ജീവൻ നിലനിർത്താനുള്ള തീവ്രപരിചരണത്തിൽ ടീം ഇന്ത്യ. ഇംഗ്ലണ്ടിന്റെ ബൗളിംഗ് ആക്രണമത്തെ ചെറുത്ത്, നാലാം ടെസ്റ്റിന്റെ അവസാനദിനമായ ഇന്ന് അതിജീവിച്ചാൽ അഞ്ച് മത്സര പരന്പരയിൽ ഇന്ത്യക്കു ജീവൻ തിരിച്ചു കിട്ടും. നിലവിൽ പരന്പരയിൽ 2-1നു പിന്നിലാണ് ടീം ഇന്ത്യ.
നാലാം ടെസ്റ്റിൽ 311 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യക്കു രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഇരട്ടപ്രഹരമേറ്റിരുന്നു. സ്കോർബോർഡ് തുറക്കും മുന്‍പ് യശസ്വി ജയ്സ്വാളിനെയും (0) സായ് സുദർശനെയും (0) ഇന്ത്യക്കു നഷ്ടപ്പെട്ടു. തുടർന്ന് കെ.എൽ. രാഹുലും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്നു നടത്തിയ ചെറുത്തു നിൽപ്പാണ് നാലാംദിനം ഇന്ത്യയെ കരകയറ്റിയത്.
നാലാംദിനം അവസാനിച്ചപ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ174 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. എട്ടു വിക്കറ്റ് കൈയിലിരിക്കേ ലീഡിലേക്ക് ഇന്ത്യക്ക് ഇനിയും 137 റണ്‍സ് വേണം. കെ.എൽ. രാഹുൽ 87 റണ്‍സുമായും ശുഭ്മാൻ ഗിൽ 78 റണ്‍സുമായും പുറത്താകാതെ നിൽക്കുന്നു. ഇരുവരും ഇന്നലെ 377 പന്ത് നേരിട്ടാണ് 174 റണ്‍സിന്റെ അഭേദ്യമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി തലയുയർത്തി നിന്നത്. സ്കോർ: ഇന്ത്യ 358, 174/2. ഇംഗ്ലണ്ട് 669.
റണ്‍മല കയറ്റം
ജോ റൂട്ടിന്റെ (150) സെഞ്ചുറിക്കു പിന്നാലെ ബെന്‍ സ്റ്റോക്സും ശതകം പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358ന് എതിരേ ഇംഗ്ലണ്ട് റണ്‍മല പടുത്തുയര്‍ത്തി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സ് എന്ന നിലയിലാണ് നാലാംദിനമായ ഇന്നലെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 77 റണ്‍സുമായി സ്റ്റോക്സും 21 റണ്‍സുമായി ലിയാം ഡൗസണുമായിരുന്നു ക്രീസില്‍.
ഡൗസനെ (26) ബുംറ ബൗള്‍ഡാക്കി. നേരിട്ട 164-ാം പന്തില്‍ സ്റ്റോക്സ് സെഞ്ചുറി തികച്ചു. 10-ാം നമ്പറായി ക്രീസിലെത്തിയ ബ്രൈഡന്‍ കേഴ്സും (54 പന്തില്‍ 47) ഇന്ത്യന്‍ ബൗളര്‍മാരെ കാഴ്ചക്കാരാക്കി. ഒമ്പതാം വിക്കറ്റില്‍ സ്റ്റോക്സും കേഴ്സും ചേര്‍ന്ന് 97 പന്തില്‍ 95 റണ്‍സ് നേടി. കേഴ്സിനെ ജഡേജ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത്; 157.1 ഓവറില്‍ 669. ഇംഗ്ലണ്ടിന് അപ്പോഴേക്കും 311 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചിരുന്നു.
സ്റ്റോക് തീരാത്ത ബെന്‍
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടശേഷം, തിരിച്ചെത്തിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് സെഞ്ചുറി കുറിച്ചു. 198 പന്തില്‍ 11 ഫോറും മൂന്നു സിക്സും അടക്കം 141 റണ്‍സ് നേടിയശേഷമാണ് സ്റ്റോക്സ് രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തായത്. ഇന്ത്യയുടെ അഞ്ച് വിക്കറ്റ് പിഴുത ബെന്‍ സ്റ്റോക്സ്, ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റും സെഞ്ചുറിയും താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇംഗ്ലീഷ് ക്യാപ്റ്റന്റെ 14-ാം ടെസ്റ്റ് സെഞ്ചുറിയാണ്. ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റും സെഞ്ചുറിയും ഒരു ടെസ്റ്റില്‍ സ്വന്തമാക്കുന്ന നാലാമനാണ് സ്റ്റോക്സ്. ടോണി ഗ്രെയ്ഗ്, ഇയാന്‍ ബോതം, ഗസ് അറ്റ്കിന്സണ് എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ഇയാന്‍ ബോതം അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയം.
148 വര്‍ഷത്തിനിടെ ഇതാദ്യം
ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റും സെഞ്ചുറിയും കുറിക്കുന്ന അഞ്ചാമത് ക്യാപ്റ്റനാണ് ബെന്‍ സ്റ്റോക്സ്. 1983ല്‍ ഇന്ത്യക്കെതിരേ പാക് ക്യാപ്റ്റന്‍ ഇമ്രാന് ഖാനാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്, അതായത് നീണ്ട 42 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം. എന്നാല്‍, ഇംഗ്ലണ്ടിന്റെ 148 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനാണ് ബെന്‍ സ്റ്റോക്സ് എന്നതാണ് ശ്രദ്ധേയം. 1877ല്‍ ഓസ്ട്രേലിയയ്ക്കെതിരേ മെല്‍ബണിലായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഡെന്നിസ് അറ്റ്കിന്സണ് (1955), ഗാരി സോബേഴ്സ് (1966), പാക്കിസ്ഥാന്റെ മുഷ്താഖ് മുഹമ്മദ് (1977), ഇമ്രാന് ഖാന് (1983) എന്നീ ക്യാപ്റ്റന്മാരും ഒരു ടെസ്റ്റില്‍ 5 വിക്കറ്റും സെഞ്ചുറിയും കുറിച്ചിട്ടുണ്ട്.
കാലിസ്, സോബേഴ്സ്, ബെന്‍
ടെസ്റ്റില്‍ 7000 റണ്‍സ് ക്ലബ്ബിലും സ്റ്റോക്സ് ഇന്നലെ എത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 7000+ റണ്‍സും 200+ വിക്കറ്റും സ്വന്തമായുള്ള മൂന്നാമത് താരവുമായി സ്റ്റോക്സ്. ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് (13,289 റണ്‍സ്, 292 വിക്കറ്റ്), വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്സ് (8032 റണ്‍സ്, 235 വിക്കറ്റ്) എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടത്തിലെത്തിയത്. സ്റ്റോക്സിന് 7032 റണ്‍സും 229 വിക്കറ്റുമുണ്ട്.
669
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്നിംഗ്സ് സ്കോറാണ് ഇംഗ്ലണ്ടിന്റെ 669. ഓസ്ട്രേലിയ 1964ല്‍ ഇംഗ്ലണ്ടിനെതിരേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 656 റണ്‍സ് എടുത്തതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. ഈ വേദിയില്‍ ഇതിനു മുമ്പ് ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന സ്കോര്‍ 1934ല്‍ ഓസ്ട്രേലിയയ്ക്കെതിരേ നേടിയ 627/9 ആയിരുന്നു.
ജയ്സ്വാള്‍ (0), സായ് (0)
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളും മൂന്നാം നമ്പറായ സായ് സുദര്‍ശനും പൂജ്യത്തിനു പുറത്ത്. ഇന്നിംഗ്സിലെ ആദ്യ ഓവറിന്റെ നാലും അഞ്ചും പന്തുകളിലായിരുന്നു ഇരുവരും മടങ്ങിയത്. സായ് സുദര്ശന് ഗോള്‍ഡന്‍ ഡക്കായി. ഇരുവരെയും മടക്കിയത് ക്രിസ് വോക്സ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റ് ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ വീഴുന്നത് ചരിത്രത്തില്‍ രണ്ടാം തവണ. 2014ല്‍ ന്യൂസിലന്‍ഡിന് എതിരേ ഓക്ലന്ഡില് ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ ഇന്ത്യയുടെ ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും പുറത്തായിരുന്നു.
രണ്ടാം ടെസ്റ്റ് കളിക്കുന്ന സായ് സുദര്ശന്, രണ്ട് മത്സരത്തിലും ഓരോ ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായി. ഇന്ത്യയുടെ ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ആദ്യ രണ്ട് ടെസ്റ്റില്‍ പൂജ്യത്തിനു പുറത്താകുന്നത് ഇതാദ്യം.
Tags :