ADVERTISEMENT
മായ (പോര്‍ച്ചുഗല്‍): ജംപിംഗ് പിറ്റിലേക്കുള്ള തിരിച്ചുവരവില്‍ മലയാളികളുടെ അഭിമാനതാരം മുരളി ശ്രീശങ്കറിനു രണ്ടാം സ്വര്‍ണം. പോര്‍ച്ചുഗലിലെ മായ സിഡാഡെ ഡൊ ഡെസ്പോര്ട്ടോ അത്ലറ്റിക് മീറ്റില്‍ പുരുഷ ലോംഗ്ജംപില് ശ്രീശങ്കറിനു സുവര്‍ണനേട്ടം.
7.75 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ശ്രീശങ്കര്‍ തിരിച്ചുവരവില്‍ തുടര്‍ച്ചയായ രണ്ടാം മീറ്റിലും ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. ഈ മാസം 12നു നടന്ന ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ 8.05 മീറ്റര്‍ കുറിച്ച് ശ്രീശങ്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അതിനുശേഷമാണ് പോര്‍ച്ചുഗലിലെ നേട്ടം.
ലോക അത്ലറ്റിക് കോണ്ടിനെന്റല് ടൂറില്‍ ബ്രോണ്‍സ് ലെവല്‍ മീറ്റാണ് മായയില്‍ നടന്നത്. എന്നാല്‍, പരിക്കിനും ശസ്ത്രക്രിയയ്ക്കും ശേഷമുള്ള വിശ്രമവുമെല്ലാമായി 650 ദിനങ്ങള്‍ ഫീല്‍ഡില്‍നിന്നു വിട്ടുനിന്നശേഷമുള്ള ശ്രീശങ്കറിന്റെ തിരിച്ചുവരവിന് മായയിലെ ടോപ് ഫിനിഷ് ഊര്‍ജം പകരുമെന്നതില്‍ തര്‍ക്കമില്ല; കമോണ്‍ ശ്രീ...
മായ ഡിഡാഡെ ഡോ ഡെസ്പോര്ട്ടോ മീറ്റില്‍ രണ്ടാം ശ്രമത്തിലാണ് ശ്രീശങ്കര്‍ 7.75 മീറ്റര്‍ ക്ലിയര്‍ ചെയ്തത്. ആദ്യ ശ്രമത്തില്‍ 7.63 മീറ്ററായിരുന്നു. പോളണ്ടിന്റെ പിയോട്ടര്‍ തര്‍ക്കോവ്സ്കിയും 7.75 മീറ്റര്‍ ചാടിയിരുന്നു. എന്നാല്‍, പോളിഷ് താരത്തിന്റെ മികച്ച രണ്ടാമത്തെ ദൂരം 7.58ഉം ശ്രീശങ്കറിന്റേത് 7.69ഉം. അതോടെയാണ് ശ്രീശങ്കറിന് ഒന്നാം സ്ഥാനം ലഭിച്ചത്. വേള്‍ഡ് അത്ലറ്റിക്സ് നിയമം അനുസരിച്ച്, ഒന്നാം സ്ഥാനക്കാര്‍ തുല്യ ദൂരമാണ് ക്ലിയര്‍ ചെയ്യുന്നതെങ്കില്‍ ടൈ-ബ്രേക്കറിനായി അവരുടെ മികച്ച രണ്ടാമത്തെ ദൂരം കണക്കാക്കും.
ലക്ഷ്യം ടോക്കിയോ
2025 സെപ്റ്റംബറില്‍ ടോക്കിയോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതയാണ് മുരളി ശ്രീശങ്കറിന്റെ ലക്ഷ്യം. ഇതിനായുള്ള യോഗ്യതാ മാര്‍ക്ക് 8.27 മീറ്ററാണ്. ഇതിനായുള്ള പരിശ്രമവുമായി യൂറോപ്പ്, സെന്‍ട്രല്‍ ഏഷ്യ മേഖലകളില്‍ ഓഗസ്റ്റ് 14വരെയുള്ള വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ ശ്രീശങ്കര്‍ പങ്കെടുക്കും. ഇതിനായി സര്‍ക്കാര്‍ 5.58 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
2023ല്‍ ഡയമണ്ട് ലീഗ് മീറ്റുകളില്‍ ആദ്യ മൂന്നു സ്ഥാനത്തു ഫിനിഷ് ചെയ്യുന്ന മൂന്നാമത് ഇന്ത്യക്കാരന് എന്ന നേട്ടത്തില്‍ ശ്രീശങ്കര്‍ എത്തിയിരുന്നു. വികാസ് ഗൗഡ, നീരജ് ചോപ്ര എന്നിവരായിരുന്നു ഈ നേട്ടത്തിലെത്തിയ ആദ്യ രണ്ട് ഇന്ത്യക്കാര്‍.
Tags :