ADVERTISEMENT
തിരുവനന്തപുരം: പെരുമഴക്കാലത്തും ചോരാത്ത ആവേശമായി ക്രിക്കറ്റ് ലഹരി. കേരള ക്രിക്കറ്റിന് ഇനി ആവേശത്തിന്റെ ദിനങ്ങള്‍.
കേരള ക്രിക്കറ്റ് ലീഗ് സീസണ്-2ന്റെ ഔദ്യോഗിക തുടക്കം പ്രഖ്യാപിച്ച് ലോഞ്ചിംഗ് ഇന്നലെ നടന്നു. സീസണ് രണ്ടിന്റെ ലോഞ്ചിംഗ് തിരുവനന്തപുരം നിശാഗന്ധിയില്‍ മന്ത്രി വി.അബ്ദുറഹ്മാന് ഇന്നലെ നിര്‍വഹിച്ചു.
ലോഞ്ചിംഗിന് പകിട്ടേകാനായി വാദ്യമേളവും സംഗീതസന്ധ്യയുമൊരുക്കിയിരുന്നു. ഓഗസ്റ്റ് 21 മുതല്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ ട്വന്റി-20 ക്രിക്കറ്റിന്റെ വമ്പന്‍ പൂരം അരങ്ങേറും. ഇന്നലെ നടന്ന ലോഞ്ചിംഗില്‍ കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങളായ ബാറ്റേന്തിയ കൊമ്പന്, ചാക്യാര്‍, വേഴാമ്പല്‍ എന്നിവയും മന്ത്രി പ്രകാശനം ചെയ്തു.
സംസ്ഥാന ട്രോഫി ടൂര്‍ പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് അഡ്വ. വി.കെ. പ്രശാന്ത് എംഎല്‍എ, സഞ്ജു സാംസണ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും മികച്ച ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റ് ലീഗായി മാറാന്‍ കെസിഎല്ലിന് സാധിക്കുമെന്ന് കായിക മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്രിക്കറ്റിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതില്‍ കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ക്ക് വലിയ പങ്കു വഹിക്കാനാകും. സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് അവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറന്നുകൊടുക്കുന്ന കെസിഎല്ലിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെസിഎല്ലിന്റെ വളര്‍ച്ച കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. ഗാലറിയിലെ പിന്തുണ കളിക്കളത്തിലുള്ള ഏതൊരു കളിക്കാരനും അനിവാര്യമാണെന്ന് സഞ്ജു സാംസണ് അഭിപ്രായപ്പെട്ടു. പ്രചാരണ പരിപാടിയോട് അനുബന്ധിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറു ടീമുകളെയും ഉടമകളെയും പരിചയപ്പെടുത്തി.
Tags :