ADVERTISEMENT
ലണ്ടൻ: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ മാഞ്ചസ്റ്ററില്‍ തുടക്കം. മഴ രസംകൊല്ലിയാകാൻ സാധ്യതയുള്ള മത്സരത്തില്‍ പരന്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇംഗ്ലണ്ടിന് ഒപ്പമെത്താനുള്ള ജീവൻമരണ പേരാട്ടമായതിനാൽ ശുഭ്മാൻ ഗില്ലിനും സംഘത്തിനും അത്ര രസമുള്ളതാവില്ല മാഞ്ചസ്റ്ററിലെ പോരാട്ടം.
ലോഡ്സിലെ ട്വന്റി20യെ വെല്ലുന്ന ത്രില്ലർ ക്ലൈമാക്സിൽ 22 റണ്‍സ് ജയം നേടിയാണ് ഇംഗ്ലണ്ട് പരന്പരയിൽ മുൻതൂക്കം നേടിയത്. എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇരു ടീമും നാളെ മത്സരത്തിനിറങ്ങുന്പോൾ ജയിച്ച് പരന്പര സ്വന്തമാക്കുകയാകും ബെൻ സ്റ്റോക്സിന്റെ ലക്ഷ്യം. എന്നാൽ ആദ്യ മത്സരത്തിൽ അപ്രതീക്ഷിതമായി കളി കൈവിട്ടും രണ്ടാം മത്സരത്തിൽ ആധിപത്യത്തോടെ ജയം സ്വന്തമാക്കിയും മൂന്നാം മത്സരത്തിൽ പൊരുതി വീണും ഇന്ത്യ കണക്കിലെ മുൻതൂക്കത്തിനപ്പുറം പോരാട്ടത്തിന്റെ ആത്മവിശ്വാസവുമായാണ് ഇറങ്ങുന്നത്.
പരിക്ക് വില്ലൻ
പരിക്ക് വില്ലനായി ഇന്ത്യക്കു മുന്നിലുണ്ട്. പേസർ നിതീഷ് കുമാർ റെഡ്ഢി പരിക്കിനെ തുടർന്ന് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. അർഷ്ദീപ് സിംഗും നാലാം ടെസ്റ്റ് കളിക്കില്ല. പരിക്കിന്റെ പിടിയിലായ ആകാശ് ദീപിന്റെ കാര്യവും സംശയത്തിന്റെ നിഴലിലാണ്. പേസാക്രമണം ഇതോടെ ഇന്ത്യക്കു തലവേദനയാകും. അതേസമയം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റിൽ കളിക്കുമെന്ന് പേസർ മുഹമ്മദ് സിറാജ് വ്യക്തമാക്കി.
മഴ രസംകൊല്ലി
മഴ വിധിനിർണയത്തിൽ പ്രധാനിയാകും. മത്സരത്തിന്റെ വിവിധ ദിവസങ്ങളിൽ മഴ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. ആദ്യ ദിവസം മഴയ്ക്ക് 59 ശതമാനം സാധ്യതയുള്ളപ്പോൾ രണ്ടാം ദിനം 55 ശതമാനവും മൂന്നാം ദിനം 25 ശതമാനവും നാല്, അഞ്ച് ദിനങ്ങളിൽ 58 ശതമാനവും മഴയ്ക്ക് സാധ്യതയുണ്ട്.
പരന്പരയിൽ 1-2ന് പിന്നിലുള്ള ഇന്ത്യക്ക് പരന്പരയിൽ പ്രതീക്ഷ പുലർത്താൻ നാലാം ടെസ്റ്റ് വിജയിച്ചേ തീരൂ.